കൊല്ലം: മങ്ങാട് ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ പോലീസ് അതിക്രമമെന്ന് പരാതി. യുവാക്കളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായതോടെ പോലീസ് നടത്തിയ ലാത്തിചാര്‍ജില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നിരപരാധികളായവര്‍ക്കും പരിക്കേറ്റതായാണ് പരാതി. മാര്‍ച്ച് പത്തിനാണ് സംഭവം. പോലീസ് ലാത്തി വീശുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി.
സംഘര്‍ഷത്തിനിടെ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായാണ് പോലീസിന്റെ വിശദീകരണം. സംഘര്‍ഷത്തില്‍ ഏര്‍പ്പെടാത്തവരെ ക്രൂരമായി മര്‍ദിച്ച് കേസില്‍ കുടുക്കി റിമാന്‍ഡ് ചെയ്തതായും ജനങ്ങള്‍ നല്‍കിയ പരാതിയിലുണ്ട്. പ്രദേശത്തെ വീടുകളില്‍ കയറി പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായും മുഖ്യമന്ത്രിക്കടക്കം നല്‍കിയ പരാതിയില്‍ പറയുന്നു. പ്രദേശത്തെ സ്ത്രീകള്‍ നല്‍കിയ പരാതി തുടര്‍നടപടികള്‍ക്കായി ജില്ലാ പോലീസ് മേധാവിക്ക് കൈമാറി.