കാര്‍ഷിക മേഖലക്ക് ഊന്നല്‍നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് ബജറ്റ് അവതരിപ്പിക്കുന്നു
Advertisement


കൊല്ലം.കൃഷിക്കും മാലിന്യസംസ്‌കരണത്തിനും പ്രാധാന്യം നല്‍കി ജില്ല പഞ്ചായത്തിന്റെ 2025-26ലെ ബജറ്റ്. 191,59,31,350 രൂപ വരവും 185,43,17,000 രൂപ ചെലവും 6,16,14,350 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് അവതരിപ്പിച്ചത്.
കാര്‍ഷികമേഖലയുടെ അഭിവൃദ്ധിക്കും മണ്ണ്, ജല സംരക്ഷണം ഉറപ്പാക്കുന്നതിനും ഗ്രാമീണമേഖലകളില്‍ കൂടുതല്‍ അടിസ്ഥാനസൗകര്യവികസനത്തിനുമായി ബജറ്റില്‍ ഒട്ടേറെ പദ്ധതികളാണുള്ളത്. ജില്ലാ പഞ്ചായത്തിന്റെ ലേബലില്‍ നാടന്‍ മട്ടയരി വിപണിയില്‍ എത്തിക്കുന്ന കതിര്‍മണി പദ്ധതിക്ക് മൂന്ന് കോടി രൂപയാണ് വകയിരുത്തിയത്. കേരകൃഷിവ്യാപനത്തിന് 60 ലക്ഷം രൂപ നീക്കിവെച്ചപ്പോള്‍, ഫാം ടൂറിസം പദ്ധതി കൂടുതല്‍ പേരിലെത്തിക്കുന്നതിനുള്ള ഫാം ഫെസ്റ്റ് സംഘടിപ്പിക്കല്‍, വിദ്യാര്‍ഥികളില്‍ കാര്‍ഷികാവബോധം വളര്‍ത്തുന്നതിനുള്ള ‘പാഠം ഒന്ന് പാടത്തേക്ക്’ പരിപാടിയുടെ ഭാഗമായി കാര്‍ഷിക മാസിക തയാറാക്കി വിദ്യാര്‍ഥികളില്‍ എത്തിക്കല്‍, കോട്ടുക്കലിലെയും കരുനാഗപ്പള്ളിയിലെയും ഫാമുകളില്‍ കരിമ്പ് കൃഷി വ്യാപിപ്പിക്കല്‍, വിവിധയിടങ്ങളില്‍ കശുമാവ് തൈകള്‍ വച്ചുപിടിപ്പിക്കല്‍ തുടങ്ങിയ പദ്ധതികള്‍ക്ക് 25 ലക്ഷം രൂപ വീതം വകയിരുത്തി. കതിര്‍മണി നെല്‍കൃഷി വ്യാപനത്തിന് പ്രോത്സാഹനം നല്‍കുന്ന ‘പൊലിയോ…പൊലി’ പദ്ധതിയില്‍ കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങാന്‍ സബ്സിഡി നല്‍കാനും ജില്ലാ പഞ്ചായത്തിന്റെ ലേബലില്‍ വിപണിയിലെത്തിക്കുന്ന കല്‍പ്പകം വെളിച്ചെണ്ണയുടെ ഉല്‍പാദനം വിപുലീകരിക്കാനും 50 ലക്ഷം രൂപ വീതം നീക്കിവെച്ചിട്ടുണ്ട്.

മൃഗസംരക്ഷണ മേഖല
മൃഗസംരക്ഷണ മേഖലയില്‍ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കല്‍, രോഗനിയന്ത്രണം, കോഴിത്തീറ്റ ഉല്‍പാദനം, ശാസ്ത്രീയ പ്രജനന രീതികള്‍ സ്വീകരിക്കല്‍ എന്നിവക്ക് ബജറ്റില്‍ പ്രാമുഖ്യം നല്‍കുന്നു. കരിയോട്ടുമല ഫാമില്‍ ആധുനിക സ്ലാട്ടര്‍ ഹൗസ് ആരംഭിക്കുന്നതിന് 80 ലക്ഷവും ഇവിടെനിന്ന് മാംസം ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്ന പദ്ധതിക്ക് 30 ലക്ഷവും ക്വയിലോണ്‍ ചിക്കന്‍ ഫീഡ്സ് എന്ന പേരില്‍ കോഴിത്തീറ്റ മാര്‍ക്കറ്റില്‍ എത്തിക്കാന്‍ ഒരു കോടിയും വകയിരുത്തി. തെരുവുനായ്ക്കള്‍ക്കായി കുരിയോട്ടുമല ഫാമില്‍ ഷെല്‍ട്ടര്‍ ഒരുക്കാനും തെരുവുനായ്ക്കളെ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കുന്ന എ.ബി.സി സെന്റര്‍ പൂര്‍ത്തീകരണത്തിന് 50 ലക്ഷം വീതവും വിദ്യാര്‍ഥികളില്‍ ക്ഷീര മേഖലയിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അവബോധമുണ്ടാക്കുന്ന സ്റ്റുഡന്റ്സ് ഡയറി ക്ലബ് പദ്ധതിക്ക് അഞ്ച് ലക്ഷവും നീക്കിവെച്ചു.

മത്സ്യമേഖലക്ക് കരുതല്‍
പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് എഫ്.ആര്‍.പി വള്ളങ്ങള്‍ വാങ്ങിനല്‍കുന്ന പദ്ധതിക്ക് 50 ലക്ഷം രൂപ, ജലാശയങ്ങളില്‍ കൂടുകള്‍ സ്ഥാപിച്ച് മത്സ്യകൃഷി ചെയ്യുന്ന പദ്ധതിക്ക് 10 ലക്ഷം, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ മോട്ടോര്‍ ഘടിപ്പിച്ച വള്ളങ്ങള്‍ക്ക് ഇന്‍സുലേറ്റഡ് ബോക്സുകള്‍ സ്ഥാപിക്കാന്‍ 20 ലക്ഷം, മത്സ്യമേഖലയിലെ വനിതകള്‍ക്ക് മത്സ്യത്തില്‍നിന്ന് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന സംരംഭങ്ങള്‍ ആരംഭിക്കാനുള്ള ധനസഹായത്തിന് 25 ലക്ഷം,
ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഫാമുകളിലെ കുളങ്ങളില്‍ മത്സ്യകുഞ്ഞുങ്ങളെ വളര്‍ത്തുന്ന പദ്ധതിക്ക് 2.50 ലക്ഷം എന്നിങ്ങനെ മത്സ്യമേഖലക്ക് 1.50 കോടി രൂപയാണ് വകയിരുത്തിയത്.

മണ്ണ്, ജല സംരക്ഷണത്തിന് ഊന്നല്‍
ഗ്രാമീണ കുളങ്ങള്‍ മാലിന്യമുക്തമാക്കി കൃഷിക്കും ജലസേചനത്തിനും അനുയോജ്യ്യമാക്കുന്നതിന് 1.5 കോടിയും തോടുകള്‍ മാലിന്യമുക്തമാക്കി നീരൊഴുക്ക് സുഗമമാക്കുന്ന പദ്ധതിക്കും പട്ടികജാതി കോളനികളിലെ മണ്ണൊലിപ്പ് തടയാന്‍ സംരക്ഷണഭിത്തി നിര്‍മിക്കുന്നതിനും 2.5 കോടി രൂപ വീതം വകയിരുത്തി.

മറ്റു പ്രധാന പദ്ധതികള്‍
ജില്ലാ പഞ്ചായത്തിലെ ഒരു റോഡെങ്കിലും മാതൃകാ റോഡാക്കി മാറ്റുന്ന പദ്ധതിക്ക് 26 കോടി രൂപയും ജില്ലാ പഞ്ചായത്തിന്റെ ആധുനിക കെട്ടിടസമുച്ചയ നിര്‍മാണപൂര്‍ത്തീകരണത്തിന് 4.5 കോടിയും ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്.
ലൈഫ്, പി.എം.എ.വൈ പദ്ധതികള്‍ക്ക് ജില്ലാ പഞ്ചായത്ത് വിഹിതം നല്‍കാന്‍ 16.5 കോടിയും അതിദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിവിഹിതത്തിലേക്ക് 50 ലക്ഷം രൂപയും വകയിരുത്തി. കോട്ടുക്കല്‍ ഫാമില്‍ കൃത്രിമ പൂന്തോട്ടനിര്‍മാണത്തിന് അഞ്ച് കോടി നീക്കിവെച്ചപ്പോള്‍ 100 ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീലോട് കൂടിയ സ്‌കൂട്ടര്‍ വിതരണം ചെയ്യാന്‍ 1.25 കോടി രൂപയും ക്യാന്‍സര്‍ രോഗബാധിതരായ വയോജനങ്ങള്‍ക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്ന പദ്ധതിക്ക് 50 ലക്ഷം രൂപയും ഹോംകെയര്‍ പേഴ്സണ്‍ പദ്ധതിക്ക് ഒരു കോടി രൂപയും വകയിരുത്തി.
വനിതകള്‍ക്കുള്ള കരുത്തോടെ കരുതലോടെ പദ്ധതി, ഫിറ്റ് ഗേള്‍സ് പദ്ധതി, വുമണ്‍ കെയര്‍ ലാബ്, വനിതസംരംഭങ്ങള്‍ക്ക് ധനസഹായംനല്‍കല്‍ എന്നിവക്കും തുകമാറ്റിവെച്ചിട്ടുണ്ട്. സ്‌കൂളുകളുടെ അറ്റകുറ്റപ്പണിക്കും ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതിനുമായി മൂന്ന് കോടി വകയിരുത്തിയപ്പോള്‍, സ്‌കൂളുകളില്‍ ആധുനിക സയന്‍സ് ലാബുകള്‍ സ്ഥാപിക്കല്‍, സ്‌കൂള്‍ ബാന്‍ഡ് സെറ്റുകള്‍ക്ക് ഉപകരണങ്ങള്‍ വാങ്ങലും പരിശീലനവും, ലഹരി ഉപയോഗം തടയല്‍, ലൈബ്രറികള്‍ സ്ഥാപിക്കല്‍, മിതമായനിരക്കില്‍ സ്‌കൂള്‍ യൂണിഫോം നിര്‍മിക്കല്‍ എന്നിവക്കും തുക മാറ്റിവച്ചിട്ടുണ്ട്. ജില്ലാ ആശുപത്രിയില്‍ ഖരമാലിന്യ സംസ്‌കരണത്തിന് ഡബിള്‍ ചേംബര്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിക്കാന്‍ 1.5 കോടിയും അത്യാധുനിക പി.ഇ.ടി സ്‌കാനിങ് സംവിധാനം സ്ഥാപിക്കാന്‍ 50 ലക്ഷവും വിക്ടോറിയ ആശുപത്രിയില്‍ സ്ത്രീകള്‍ക്ക് പ്രസവാനന്തര കിറ്റ് വിതരണത്തിന് 50 ലക്ഷവും ഗര്‍ഭിണികള്‍ക്ക് പോഷകാഹാര വിതരണത്തിന് 60 ലക്ഷവും വകയിരുത്തി.
കലാ, സാംസ്‌കാരിക, കായിക മേഖലയുടെ വികസനത്തിനും ശുചിത്വത്തിനും മാലിന്യ സംസ്‌കരണത്തിനും പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമത്തിനും വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുത്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here