കരുനാഗപ്പള്ളി – പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ മാതാവ് ഇല്ലാത്ത സമയങ്ങളിൽ കുട്ടി നാലാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ ലൈംഗിക പീഡനങ്ങൾ നടത്തിവന്ന പ്രതി ചിറയൻകീഴ് താലൂക്കിൽ അഴൂർ വില്ലേജിൽ പെരുമാതുറ എന്ന സ്ഥലത്ത് മാടൻ വിളതൈ വിളാകം വീട്ടിൽ കുഞ്ഞു മൊയ്തീൻ മകൻ അബ്ദുൽ റസാക്കിനെയാണ് (വയസ്സ് 56) കുറ്റക്കാരനെന്ന് കണ്ടെത്തി 90 വർഷം കഠിന തടവിനും 2,10,000 രൂപ പിഴയ്ക്കും, പിഴ ഒടുക്കാത്ത പക്ഷം 21 മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജി എഫ്. മിനിമോൾ ശിക്ഷ വിധിച്ചത്.
അതിജീവിതയോടും കുടുംബത്തോടും ഒപ്പം താമസിച്ചു വന്ന പ്രതി പെൺകുട്ടിയെ നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയം മുതൽ പത്താം ക്ലാസിൽ പഠിക്കുന്ന സമയം വരെ ലൈംഗിക പീഡനം ആവർത്തിച്ചു വന്നിരുന്നതാണ്. വീട്ടിൽ പലപ്പോഴും മാതാവ് ഇല്ലാതിരുന്ന സമയങ്ങളിൽ പെൺകുട്ടിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുള്ള പ്രതി അത് മുതലാക്കി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പ്രതിയുടെ അക്രമങ്ങൾ തുടർന്നു വന്നിരുന്നതാണ്. പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ് പെൺകുട്ടി തനിക്ക് ഉണ്ടായ ദുരനുഭവം കൂട്ടുകാരികളോടും സ്കൂളിലെ ടീച്ചറോടും തുറന്നു പറഞ്ഞത്. തുടർന്ന് ശൂരനാട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി ശൂരനാട് പോലീസ് ഇൻസ്പെക്ടർ ജോസഫ് ലിയോൺ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയായിരുന്നു.
കേസിന്റെ വിസ്താര സമയത്ത് മാതാവ് പ്രോസിക്യൂഷന് എതിരായി മൊഴി നൽകിയിട്ടുള്ളതാണ്. കുട്ടിയുടെ സംരക്ഷണത്തിന് മറ്റാരും തന്നെ ഇല്ലാത്തതിനാൽ സി. ഡബ്ലിയു. സി യുടെ കീഴിലുള്ള ഷെൽട്ടർ ഹോമിലാണ് കുട്ടിയെ പാർപ്പിച്ചിരുന്നത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 26 സാക്ഷികളെ വിസ്തരിച്ചിട്ടുള്ളതും 40 രേഖകൾ കോടതി മുമ്പാകെ ഹാജരാക്കിയിട്ടുള്ളതും ആണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്യൂട്ടർ അഡ്വക്കേറ്റ് എൻ. സി. പ്രേംചന്ദ്രൻ ആണ് ഹാജരായത്.