കുന്നത്തൂർ: കൊച്ചുപ്ലാമൂട് ഭാഗത്ത് കെ ഐ പി കനാലിന്റെ തിട്ടകൾ ചോർന്ന് സമീപത്തെ വീടുകൾക്കുള്ളിലേക്ക് വെള്ളം കയറുന്നു. പുരയ്ക്ക് നാലുചുറ്റും വെള്ളക്കെട്ടായതോടെ മുറ്റത്തേക്ക് കാലെടുത്തുവയ്ക്കാൻ കഴിയാതെ പ്രദേശവാസികൾ ബുദ്ധിമുട്ടുന്നു. തൊഴുത്തുകളിൽ വെള്ളം കയറാൻ തുടങ്ങി. കിണറുകൾ നിറഞ്ഞു മഴ പെയ്യുമ്പോൾ കരയിലെ മാലിന്യം കിണറുകളിലേക്കിറങ്ങുന്നു. കനാലിന്റെ തിട്ട കോൺക്രീറ്റും പ്ലാസ്റ്ററിങ്ങും നടത്തി പ്രശ്നം പരിഹരിക്കണമെന്ന് കൊച്ചുപ്ളാംമൂട്ടിൽ ചേർന്ന കേരളാ കോൺഗ്രസ് എം കുന്നത്തൂർ പഞ്ചായത്ത് ഒന്നാം വാർഡ് കൺവെൻഷൻ ആവശ്യപ്പെട്ടു. ഏഴാം മൈൽ നെടിയവിള ഭാഗങ്ങളിൽ നിന്നും കൊച്ചുപ്ലാമൂട് ഈ എസ് ഐ യിലേക്ക് ബസ് സർവീസ് ആരംഭിക്കുക, കാട്ടുപന്നി -തെരുവ് നായ ശല്യം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.വി.ഭാനു അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് കുന്നത്തൂർ അശ്വനികുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് തോട്ടംജയൻ, ഡി മുരളീധരൻ, ഐവർകാല സന്തോഷ്, വി.ഗിരീഷ്, ജി.ഓമനക്കുട്ടൻ, അച്ചൻകുഞ്ഞ് എന്നിവർ പ്രസംഗിച്ചു. കെ. മുരളീധരനെ വാർഡ് പ്രസിഡന്റായി തെരഞ്ഞെടുത്തു.