ഏരൂർ ഓയിൽ പാമിൽ തൊഴിലാളിക്ക് വെട്ടേറ്റു

Advertisement

കൊട്ടാരക്കര. ഏരൂർ ഓയിൽ പാമിൽ തൊഴിലാളിക്ക് വെട്ടേറ്റു. ഭാരതീപുരം സ്വദേശി പ്രതീഷിനാണ്
വെട്ടേറ്റത്. പ്രതി രതീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ഭാരതീപുരം എം ഡിവിഷൻ ഒന്നാം ബ്ലോക്കിലെ ജീവനക്കാരനായ പ്രതീഷിനെ ഓയിൽ പാമിനുള്ളിൽ മാലിന്യ സംസ്കരണം പ്ലാന്റ് നടത്തിവന്നിരുന്ന രതീഷ് മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

ജനകീയ പ്രക്ഷോഭത്തെ തുടർന്ന് മാലിന്യ പ്ലാന്റ് പൂട്ടിയതിൽ രതീഷ് കടുത്ത അമർഷത്തിൽ ആയിരുന്നു. എസ്റ്റേറ്റിലേക്ക് വരുന്ന വാഹനങ്ങൾ തടസ്സപ്പെടുത്താൻ ശ്രമിക്കുകയും തൊഴിലാളികളെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതും പതിവായിരുന്നെന്നും ആക്ഷേപമുണ്ട്. പ്രതീഷും മറ്റ് തൊഴിലാളികളും ചേർന്ന് വെട്ടിയിറക്കിയ എണ്ണപ്പനക്കുലകൾ കഴിഞ്ഞ ദിവസം സാമൂഹ്യ വിരുദ്ധർനശിപ്പിച്ചിരുന്നു. ഇതിനെതിരെ അധികൃതർക്ക് പരാതി നൽകുകയും ചെയ്തു. എന്നാൽ തനിക്കെതിരെയാണ് പ്രതീഷ് പരാതി നൽകിയതെന്ന തെറ്റിധാരണയിൽ രതീഷ് അക്രമിക്കുകയായിരുന്നു. വയറിനും മുഖത്തും പരിക്കേറ്റ പ്രതീഷിനെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രതീഷിനെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Advertisement