ശാസ്താംകോട്ട:മൈനാഗപ്പള്ളി മണ്ണൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഭരണസമിതി സ്ഥാപിച്ച ഓഫീസിന്റെ പൂട്ട് കമ്പി പാര ഉപയോഗിച്ച് അടിച്ചു തകർക്കുകയും, ക്ഷേത്രത്തിലെ സിസിറ്റിവി.ക്യാമറ വിച്ഛേദിക്കുകയും, ഓഫീസിനുള്ളിൽ കയറി സാധനങ്ങൾ കടത്തിക്കൊണ്ടു പോകുകയും ചെയ്ത സംഭവത്തിൽ പ്രതികൾക്കെതിരെ കേസ് എടുക്കാത്ത ശാസ്താംകോട്ട പോലീസ് നടപടിക്കെതിരെ മണ്ണൂർക്കാവ് ക്ഷേത്ര ഭരണസമിതി യോഗം പ്രതിഷേധിച്ചു.കഴിഞ്ഞ ഏതാനും മാസങ്ങളായി മണ്ണൂർക്കാവ് ക്ഷേത്രത്തിനെ തകർക്കുക എന്ന പ്രത്യേക ഉദ്ദേശത്തോടെ ചിലർ അക്രമം
അഴിച്ചുവിടുകയാണ്.ശാസ്താംകോട്ട മുനിസിപ്പൽ കോടതിയുടെ പൂർണ നിയന്ത്രണത്തിൽ ബാലറ്റ് അടിസ്ഥാനത്തിൽ കഴിഞ്ഞ ഡിസംബർ1നാണ് 21 അംഗ ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്.തുടർന്ന് ഡിസംബർ 6 ന് സത്യപ്രതിജ്ഞ ചെയ്തു പുതിയ ഭരണസമിതി അധികാരമേറ്റു ചുമതലകൾ നിർവഹിച്ചു വരികയാണ്. എന്നാൽ പുതിയ ഭരണസമിതിക്ക് ക്ഷേത്രം ഓഫീസിന്റെ താക്കോൽ, കണക്കുകൾ തുടങ്ങിയവ കൈമാറാൻ മുൻ ഭരണസമിതിയുടെ ഉത്തരവാദിത്തപ്പെട്ടവർ തയ്യാറായില്ല.ഇവർ ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് സംബന്ധിച്ച കേസ് ഫയൽ ചെയ്യുകയും, ഈ കേസ് അനുവദിക്കാതെ മാർച്ച് 6 ന് കോടതി അവസാനിപ്പിച്ചു.കേസിൽ ഇവരുടെ വാദം അംഗീകരിക്കാതെ അവസാനിച്ചതിനാൽ ഓഫീസിന്റെ താക്കോലും, കണക്കുകളും കൈമാറുമെന്ന പ്രതീക്ഷയിലായിരുന്നു പുതിയ ഭരണസമിതി.എന്നാൽ 22 ന് വൈകിട്ട് 7ഓടെ മുൻ പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ ക്ഷേത്രത്തിനകത്തുള്ള ഓഫീസിലേക്ക് എത്തിയ 10 ഓളം പേർ ക്ഷേത്ര ഭരണസമിതി സ്ഥാപിച്ചിരുന്ന പൂട്ട് തല്ലിപ്പൊളിക്കുകയായിരുന്നു.ഉടൻ പോലീസിൽ വിവരമറിയിക്കുകയും, ക്ഷേത്രത്തിലെത്തിയ പോലീസ് അക്രമികൾക്കെതിരെ കേസെടുക്കുമെന്ന ഉറപ്പു നൽകി പോവുകയായിരുന്നു. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനോ, കേസെടുക്കുന്നതിനോ ശാസ്താംകോട്ട പോലീസ് തയ്യാറായിട്ടില്ല.സി.സി.റ്റി.വി ദൃശ്യങ്ങൾ അടക്കമാണ് പരാതി നൽകിയത്.
മുമ്പ് പലതവണകളിൽ ഇക്കൂട്ടർ ക്ഷേത്രത്തിലെത്തി അക്രമം നടത്തുകയും, ഭക്തജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ പ്രവർത്തിക്കുകയും ചെയ്തതിന് നിരവധി പരാതികൾ നൽകിയിട്ടുണ്ട്.എന്നാൽ ഇതിലൊന്നും യാതൊരു നടപടിയും സ്വീകരിക്കാതെ ശാസ്താംകോട്ട പോലീസ് ഏകപക്ഷീയമായി പ്രവർത്തിക്കുകയാണ് ചെയ്യുന്നത്.പല സന്ദർഭങ്ങളിലും ഭരണസമിതി അംഗങ്ങൾക്കെതിരെ കള്ളക്കേസെടുക്കുവാൻ പോലും പോലീസ് തയ്യാറായി. ശാസ്താംകോട്ട പോലീസിന്റെ ഈ നടപടിക്കെതിരെയും, നീതി നടപ്പാക്കി കിട്ടണമെന്ന ആവശ്യവുമായും ഭക്തജനങ്ങളുടെ പങ്കാളിത്തത്തോടെ ക്ഷേത്രഭരണ സമിതി അംഗങ്ങൾ ഏപ്രിൽ 2 ന് ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും.തുടർന്ന് ശക്തമായ സമരം നടത്തുമെന്നും ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ പ്രസിഡന്റ്
രവിമൈനാഗപ്പള്ളി, സെക്രട്ടറി സുരേഷ്ചാമവിള, ട്രഷറർ വി.ആർ. സനിൽ ചന്ദ്രൻ, വൈസ് പ്രസിഡന്റ് റ്റി. സുരേന്ദ്രൻപിള്ള, ജോയിന്റ് സെക്രട്ടറി ഡി. ഗുരുദാസൻ തുടങ്ങിയവർ പറഞ്ഞു.മുഖ്യമന്ത്രി,ഡി.ജി.പി, ഇന്റലിജൻസ് മേധാവി തുടങ്ങിയവർക്കും ഇതു സംബന്ധിച്ച പരാതി നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.