വന്ദനാ ദാസ് കേസ്: പ്രതി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചു

Advertisement

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച് ഡോ. വന്ദനാ ദാസ് കൊല ചെയ്യപ്പെട്ട ദിവസത്തെ ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ വന്ദന, ആശുപത്രിയുടെ പോര്‍ച്ചിന് സമീപമെത്തി കുഴഞ്ഞുവീഴുന്നതായുള്ള സിസിടിവി ദൃശ്യങ്ങള്‍ ഫോറന്‍സിക് വിദഗ്ധ ഗോപിക കോടതിയില്‍ തിരിച്ചറിഞ്ഞു.
കൂടാതെ ആശുപത്രിയിലെ കാഷ്വാലിറ്റി കൗണ്ടറിന് സമീപംവെച്ച് പ്രതി പോലീസ് യൂണിഫോമിലുണ്ടായിരുന്ന ആളുടെ തലയില്‍ കുത്തി മുറിവേല്പിക്കുന്നതായ ദൃശ്യവും കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് മുമ്പാകെ നടന്ന വിസ്താരത്തില്‍ സാക്ഷി തിരിച്ചറിഞ്ഞു.
കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ്.ജി.പടിക്കല്‍, സാക്ഷിയായ കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ മണിലാലിനെ വിസ്തരിച്ച സമയം കാഷ്വാലിറ്റി കൗണ്ടറിന് സമീപംവെച്ച് പ്രതി തന്റെ തലയില്‍ ആഞ്ഞ് കുത്തി കൊലപ്പെടുത്തുവാന്‍ ശ്രമിച്ചതായി മൊഴി കൊടുത്തിരുന്നു. ആ മൊഴിയെ ശരിവെക്കുന്ന തരത്തിലുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങളാണ് ഇന്ന് കോടതിയില്‍ പ്രദര്‍ശിപ്പിച്ചത്. മൂന്ന് ദിവസമായി തുടരുന്ന ഫോറന്‍സിക് വിദദ്ധയുടെ ചീഫ് വിസ്താരം പ്രോസിക്യൂട്ടര്‍ വെള്ളിയാഴ്ചയും തുടരും.
വന്ദനയെ ആക്രമിച്ച പ്രതിയെ പോലീസുകാരും ആംബുലന്‍സ് ഡ്രൈവറും മറ്റും ചേര്‍ന്ന് കീഴടക്കി കൈ കാലുകള്‍ ബന്ധിച്ച് ഹോസ്പിറ്റലിലെ പോര്‍ച്ചില്‍ കിടത്തിയിരിക്കുന്നതായ ദൃശ്യങ്ങളും വിചാരണ വേളയില്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.പ്രതാപ്.ജി.പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here