കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പുതിയ സിൻഡിക്കേറ്റിന്റെ ആദ്യ യോഗം വൈസ് ചാൻസിലർ ഡോ. ജഗതി രാജ് വി പി യുടെ അധ്യക്ഷതയിൽ ചേർന്നു. അഡ്വ. വി പി പ്രശാന്ത്, ഡോ.പി പി അജയകുമാർ,ഡോ. എ ബാലകൃഷ്ണൻ,അഡ്വ. ജി.സുഗുണൻ, ഡോ. എം ജയപ്രകാശ്, പി ഹരിദാസ്,ഡോ സി.ഉദയകല, എക്സ് ഒഫിഷ്യോ അംഗമായ ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ജോയിൻ സെക്രട്ടറി രാകേഷ് എസ് പി, പ്രൊ വൈസ് ചാൻസിലർ ഡോ ഗ്രേഷ്യസ് ജെ, രജിസ്ട്രാർ ഡോ സുനിതാ എ പി എന്നിവർ ആദ്യ യോഗത്തിൽ പങ്കെടുത്തു.
യൂണിവേഴ്സിറ്റിക്ക് സ്വന്തമായി
ആസ്ഥാന മന്ദിരത്തിനായി ഭൂമി വിലയ്ക്കു വാങ്ങുവാൻ അടിയന്തര നടപടികൾ കൈക്കൊള്ളുവൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് തലത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ച സാഹചര്യത്തിൽ, കൊല്ലം മുണ്ടക്കൽ വില്ലേജിൽ 8.13 ഏക്കർ ഭൂമി നടപ്പ് സാമ്പത്തിക വർഷം തന്നെ ഏറ്റെടുക്കാനുള്ള ത്വരിതഗതിയിലുള്ള തുടർനടപടികൾക്ക് സിൻഡിക്കേറ്റിന്റെ ആദ്യ യോഗത്തിൽ തീരുമാനമായി.
വിവിധ സ്റ്റാൻഡിങ് കമ്മിറ്റി കൺവീനർമാരെ തിരഞ്ഞെടുത്തു – ഫിനാൻസ് കമ്മിറ്റി – അഡ്വ. വി പി പ്രശാന്ത്, അക്കാദമിക് & റിസർച്ച് കമ്മിറ്റി – ഡോ. എം ജയപ്രകാശ്, സ്റ്റാഫ് കമ്മിറ്റി ഡോ. പി ഹരിദാസ്, എക്സാം കമ്മിറ്റി -ഡോ. പി. പി.അജയകുമാർ, സൈബർ കമ്മിറ്റി –
ഡോ.എ ബാലകൃഷ്ണൻ, പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ് കമ്മിറ്റി അഡ്വ. ജി സുഗുണൻ.
യൂണിവേഴ്സിറ്റി പഠനകേന്ദ്രങ്ങളെ ശക്തിപ്പെടുത്തുന്നതിനായി മേൽനോട്ട സമിതി രൂപീകരിച്ചു.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഹസ്വകാല,ദീർഘകാല, വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കുവാൻ വേണ്ടി
ഇൻസ്റ്റിറ്റ്യൂഷണൽ ഡെവലപ്പ്മെന്റ് പ്ലാനിങ് കമ്മിറ്റി (ഐ ഡി പി ) ഡോ. പി പി അജയ കുമാറിനെ കൺവീനറായി തിരഞ്ഞെടുത്തു കൊണ്ട് രൂപീകരിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കായി, വിവിധ പദ്ധതികളുടെ പ്രൊപ്പോസലുകൾ തയ്യാറാക്കുന്നതിനും സമയബന്ധിതമായി അത് പ്രാവർത്തികമാക്കുന്നതിനും വേണ്ടി ട്രെയിനിങ് പ്രോഗ്രാം നടത്തുവാൻ തീരുമാനിച്ചു.
അക്കാഡമിക് വിദഗ്ധർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, വ്യവസായ പ്രമുഖർ, സർക്കാർ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി വരും കാലങ്ങളിലെ കരിയർ അവസരങ്ങൾക്ക് മുൻതൂക്കം നൽകിക്കൊണ്ടുള്ള നൂതന കോഴ്സുകൾ പൊതുജന പങ്കാളിത്തത്തോടെ രൂപകൽപ്പന ചെയ്യുന്നതിനായി
വിദ്യാഭ്യാസ കോൺക്ലെവ് സംഘടിപ്പിക്കുവാൻ സിൻഡിക്കേറ്റിൽ തീരുമാനമായി. ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പുതുതായി ആരംഭിക്കേണ്ട കോഴ്സുകളെ കുറിച്ച് പൊതുജനങ്ങൾക്കും അഭിപ്രായം അറിയിക്കാം. ഇതിനായി യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ പ്രൊപ്പോസലുകൾ ഓൺലൈനായി സമർപ്പിക്കുവാനുള്ള അവസരം ഒരുക്കും. ഇത്തരത്തിൽ ലഭിക്കുന്ന പ്രൊപ്പോസലുകളിൽ അനുയോജ്യമായവ കണ്ടെത്തി അതിന്റെ സാധ്യതകൾ അക്കാഡമിക് കോൺക്ലെവിൽ വിലയിരുത്തി കോഴ്സുകൾ തുടങ്ങുവാനുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനമായി.
യൂണിവേഴ്സിറ്റിയിൽ നിലവിലുള്ള 3 സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് പുറമേ കൂടുതൽ തൊഴിലധിഷ്ഠത ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സുകൾ തുടങ്ങുവാൻ തീരുമാനമായി.ഇതിനായി ഈ മേഖലയിലുള്ള സർക്കാർ, അർദ്ധ സർക്കാർ, മികവ് തെളിയിച്ച സ്വകാര്യ സ്ഥാപനങ്ങൾ എന്നിവരുടെ സഹകരണം സാധ്യമാക്കും.
സർവകലാശാലയുടെ അക്കാദമിക് പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് പ്രാധാന്യം നൽകുമെന്ന് അഡ്വ. വി പി പ്രശാന്ത് പറഞ്ഞു.