കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവ് ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടതായ് വിവരം. പ്രതികളെന്ന് പോലീസ് പറയുന്ന അലുവ അതുല്‍, പ്യാരി, മൈന എന്ന ഹരി, രാജപ്പന്‍ എന്ന രാജീവ്, എന്നിവര്‍ക്ക് പുറമേ സോനു, സാമുവല്‍ എന്നിവര്‍ക്കും കൊലപാതകത്തില്‍ നേരിട്ട് ബന്ധമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. രാജീവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത രാജപ്പന്‍ എന്ന രാജീവിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ജിം സന്തോഷിനെ കൊലപ്പെടുത്തിയതില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടതായി പോലീസിന് വിവരം ലഭിച്ചത്. സോനു, സാമുവല്‍ എന്നിവര്‍ക്കും സംഭവത്തില്‍ നേരിട്ട് പങ്കുള്ളതായി രാജീവ് മൊഴി നല്‍കി. രാജീവിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
പ്രതികള്‍ക്ക് വാഹനം ഏര്‍പ്പാടാക്കി കൊടുത്ത കുക്കു എന്ന മനു, കുക്കുവിന്റെ കൂട്ടാളി കുളിര് അഖില്‍ എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. രാജീവിനെ കസ്റ്റഡിയിലെടുത്ത വള്ളികുന്നത്തും പരിസരങ്ങളിലും തന്നെ മറ്റു പ്രതികളും ഒളിവിലുള്ളതായ് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രിയിലും ഇന്നും വിവിധ സംഘങ്ങളായി തിരിഞ്ഞ് പോലീസ് അന്വേഷണം തുടരുകയാണ്.
അതേസമയം, ജിം സന്തോഷിന്റെ കൊലപാതകത്തിലും അനീറിനെ വെട്ടിപ്പരിക്കല്‍പ്പിച്ച കേസിലും ഉള്‍പ്പെട്ടിട്ടുള്ളത് ഒരേ പ്രതികള്‍ ആണെങ്കിലും രണ്ടു സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സന്തോഷ് കൊലകേസ് കരുനാഗപ്പള്ളിയിലും അനീറിന്റെ വെട്ടു കേസ് ഓച്ചിറ സ്റ്റേഷനിലുമാണ്.