കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ജിം സന്തോഷിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. ക്വട്ടേഷന്‍ സംഘത്തിലുള്‍പ്പെട്ട അരുനല്ലൂര്‍ സ്വദേശി അയ്യപ്പനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവദിവസം കൊലയാളി സംഘം തന്റെ വീട്ടിലെത്തിയതായി അയ്യപ്പന്‍ പോലീസിനോട് പറഞ്ഞു. അതേസമയം, പ്രതികള്‍ ആദ്യം ലക്ഷ്യം വച്ചത് ക്വട്ടേഷന്‍ സംഘാംഗമായ ഷിനു പീറ്ററിനെയെന്ന വിവരവും പുറത്തുവന്നു. ഷിനു പീറ്ററിന്റെ വീടിന്റെ പരിസരത്ത് പ്രതികള്‍ എത്തിയിരുന്നതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. മുഖ്യസൂത്രധാരന്‍ പങ്കജിന് കൊടും ക്രിമിനലുകളുമായുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകളും പുറത്ത് വന്നു.
ചവറ തെക്കുംഭാഗം പൊലീസാണ് അയ്യപ്പനെ കസ്റ്റഡിയിലെടുത്തത്. സംഭവദിവസം രാത്രി 12 മണിയോടെ രണ്ട് വാഹനങ്ങളിലായി കൊലയാളി സംഘം അരുനല്ലൂര്‍ പാറയില്‍ ജംഗ്ഷനിലുള്ള തന്റെ വീട്ടിലെത്തിയതായി പൊലീസിനോട് പറഞ്ഞു. എന്നാല്‍ രാജപ്പന്‍ എന്ന രാജീവുമായ് മാത്രമാണ് താന്‍ സംസാരിച്ചത്.
മറ്റുള്ളവര്‍ ആരൊക്കെയെന്ന് തിരിച്ചറിയാനായില്ലെന്നും പോലീസിന് മൊഴി നല്‍കി. സന്തോഷിനെ വകവരുത്തിയ ദിവസം പ്രതികള്‍ ആദ്യം എത്തിയത് അരിനല്ലൂരിലുള്ള ഷിനു പീറ്ററിന്റെ വീട്ടിലാണ്. രാത്രി 11.40 മുതല്‍ ഒരു മണിക്കൂര്‍ രണ്ട് വാഹനങ്ങളിലായ് കൊലയാളി സംഘം ഈ വീടിന്റെ പരിസരത്ത് കറങ്ങി നടന്നതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു.
ഷിനു പീറ്ററിന്റെ വീട്ടിലേക്ക് തോട്ടെയെറിഞ്ഞ് രണ്ട് വര്‍ഷം മുമ്പ് ഇയാളെ അപായപ്പെടുത്താന്‍ രാജപ്പന്‍ എന്ന രാജീവ് ശ്രമിച്ചിരുന്നു. ഷിനു പീറ്ററിന്റെ എതിരാളിയാണ് അയ്യപ്പന്‍. കഴിഞ്ഞയാഴ്ച ചവറയിലെ ക്ഷേത്രത്തിലെ ഉത്സവത്തിന്നിടെ ഷിനു പീറ്ററും അയ്യപ്പനും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സന്തോഷിന്റെ കൊലപാതകത്തിലെ മുഖ്യ സൂത്രധാരന്‍ പങ്കജിന് കുപ്രസിദ്ധ ഗുണ്ടകളായ ആറ്റിങ്ങല്‍ അയ്യപ്പനും ഓംപ്രകാശുമായും അടുത്ത ബന്ധമുള്ളതിന്റെ ചിത്രങ്ങള്‍ കൂടി പുറത്തുവന്നു.’ബിഗ് ബ്രദേഴ്സ്’ എന്ന തലക്കെട്ടോടെ പങ്കജ് തന്നെ പ്രചരിപ്പിച്ച ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.