ശാസ്താംകോട്ട:മൈനാഗപ്പള്ളി മണ്ണൂർക്കാവ് ഭഗവതീക്ഷേത്രത്തിനകത്തുള്ള ഓഫിസിന്റെ പൂട്ട് അടിച്ചു തകർക്കുകയും, സി.സി.റ്റി.വി.ക്യാമറ നശിപ്പിക്കുകയും, സാധനങ്ങൾ കടത്തി കൊണ്ടു പോവുകയും ചെയ്ത പ്രതികളെ അറസ്റ്റ് ചെയ്യുവാൻ പോലീസ് തയ്യാറാകണമെന്ന് മണ്ണൂർക്കാവ് ക്ഷേത്ര ഭരണസമിതി ജനറൽ കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പ്രതികൾ ഇപ്പോഴും ക്ഷേത്രത്തിൽ ക്യാമ്പ് ചെയ്ത് പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്. ജാമ്യമില്ലാ
വകുപ്പ് പ്രകാരം പ്രതിചേർക്കപ്പെട്ടവരാണ് ഇത്തരത്തിൽ പെരുമാറുന്നത്.ഇവരെ അറസ്റ്റ് ചെയ്യുവാനോ, അന്വേഷിക്കുന്നതിനു പോലുമോ പോലീസ് തയ്യാറാകുന്നില്ലായെന്നതിൽ ഭക്തജനങ്ങൾക്കിടയിൽ കടുത്ത അമർഷമുണ്ടെന്നും ക്ഷേത്ര ഭരണസമിതി വിലയിരുത്തി.
ഇത് സംബന്ധിച്ച് കേരള മുഖ്യമന്ത്രി, ഡി.ജി.പി. ഇന്റലിജൻസ് മേധാവി തുടങ്ങിയവർക്ക് പരാതി നൽകുവാനും യോഗം തീരുമാനിച്ചു. ശാസ്താംകോട്ട മുൻസിപ്പൽ കോടതിയുടെ നിയന്ത്രണത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയാണ് ഇപ്പോൾ ഭരണം നടത്തുന്നത്.ബൈലാ പ്രകാരം കോറംപോലും ഇല്ലാത്തവർ നടത്തിയ അഴിമതികൾ ഇപ്പോഴത്തെ ഭരണസമിതി അന്വേഷിക്കുമെന്ന ഭയത്താൽ സ്വയം പ്രഖ്യാപിത ഭാരവാഹികളായി ക്ഷേത്രത്തിൽ അക്രമം നടത്തുകയാണ് ചിലർ. ഇവർ ഹൈക്കോടതിയിൽ നൽകിയ കേസുകളൊന്നും അനുവദിക്കപ്പെട്ടില്ല. കണക്കുകൾ കൈമാറാതിരിക്കാനും,മനഃപൂർവം അക്രമങ്ങൾ ഉണ്ടാക്കി ക്ഷേത്രത്തെ റിസീവർ ഭരണത്തിൽ എത്തിക്കുന്നതിനു മുള്ള ഗൂഢാലോചനയാണ് ഇവർ നടത്തുന്നത്. തിരുവനന്തപുരം സ്വദേശിയായ ബിൽഡറുടെ രാഷ്ട്രീയ-ഉദ്യോഗസ്ഥ സ്വാധീനമാണ് ഇതിനായി ഉപയോഗിക്കുന്നതെന്നും ക്ഷേത്രഭരണസമിതി ആരോപിച്ചു.
പ്രസിഡന്റ് രവിമൈനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് ചാമവിള പ്രമേയം അവതരിപ്പിച്ചു.