കൊല്ലം: ദക്ഷിണഭാരത്തിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് എംഡിഎംഎ എത്തിക്കുന്ന മൊത്തവിതരണക്കാരനായ വിദേശ പൗരന്‍ പിടിയില്‍. നൈജീരിയന്‍ സ്വദേശിയായ അഗ്‌ബെദോ സോളമന്‍ (29) ആണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്. 27നാണ് നൈജീരിയന്‍ സ്വദേശികള്‍ കൂടുതലായി താമസിക്കുന്ന ഉത്തം നഗര്‍ ഹസ്തര്‍ വില്ലേജില്‍ നിന്ന് ഇയാളെ കീഴ്‌പ്പെടുത്തുന്നത്.
കഴിഞ്ഞ 17ന് ഡല്‍ഹിയില്‍ നിന്ന് എത്തിച്ച 4 ലക്ഷത്തോളം വില വരുന്ന 90ഗ്രാം എംഡിഎംഎയുമായി ഉമയനല്ലൂര്‍ വടക്കുംക്കര റിജി നിവാസില്‍ എ. ഷിജു (34) വിനെ മാടന്‍നടയില്‍ നിന്ന് പൊലീസ് പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അഗ്‌ബെദോ സോളമനിലേക്ക് എത്തുന്നത്. തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്റെ നിര്‍ദ്ദേശ പ്രകാരം ഇരവിപുരം എസ്എച്ച്ഒ രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം 25ന് ഡല്‍ഹിയില്‍ എത്തി. അവിടെ താമസിച്ച് നടത്തിയ അന്വേഷണത്തിലാണ് ലഹരി കടത്തിലെ മുഖ്യകണ്ണിയായ അഗ്‌ബെദോ സോളമന്‍ പൊലീസിന്റെ വലയില്‍ വീഴുന്നത്. ഇന്നലെ ഇരവിപുരം പോലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. ഇവരുടെ സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് പോലീസിന്റെ നിഗമനം. സിപിഒമാരായ സുമേഷ്, ഷാന്‍ അലി, സജിന്‍, സുമേഷ്, എന്നിവരും പ്രതിയെ പിടികൂടുന്ന സംഘത്തില്‍ ഉണ്ടായിരുന്നു.