കൊല്ലം. കരിക്കോട് വീട് കേന്ദ്രീകരിച്ച് MDMA വില്പന നടത്തിയ യുവാക്കൾ പിടിയിൽ. ആറ് പേരാണ് പിടിയിലായത്. പിടിയിലായവർ കൊടും ക്രിമിനലുകളെന്ന് പൊലീസ്. എംഡിഎംഐയ്ക്കു പുറമെ സിറിഞ്ചുകളും ഡിജിറ്റൽ ത്രാസും ഉൾപ്പെടെ പൊലീസ് കണ്ടെടുത്തു
വീട്ടുടമയില്ലാത്ത സമയത്ത് കിളികൊല്ലൂർ കുറ്റിച്ചിറ ജംഗ്ഷന് സമീപമുള്ള വീട് കേന്ദ്രീകരിച്ച് ഒരു സംഘം യുവാക്കൾ രാസലഹരി ഉപയോഗിക്കുന്നതായി പോലീസിനു രഹസ്യ വിവരം ലഭിച്ചു. യോദ്ധാവ് അപ്ലിക്കേഷൻ വഴിയാണ് പരാതി എത്തിയത്.ഉടൻ തന്നെ കിളികൊള്ളൂർ പോലീസും സിറ്റി ഡൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിൽ വിവിധ കേസുകളിൽ ഉൾപ്പെട്ട പിടികിട്ടാപ്പിള്ളികൾ ഉൾപ്പെടെ പിടിയിലായി.
ഗാന്ധി നഗർ സ്വദേശി അശ്വിൻ, അയത്തിൽ സ്വദേശി കൊച്ചൻ എന്ന അഖിൽ, പറക്കുളം സ്വദേശി അൽ അമീൻ, കുറ്റിച്ചിറ സ്വദേശി അനീസ് , മുഖത്തല സ്വദേശി അജീഷ് , ഇരവിപുരം സ്വദേശി ശ്രീരാഗ് എന്നിവരാണ് പിടിയിലായത്. ഇതിൽ അജീഷ് കൊട്ടിയം സ്റ്റേഷനിലും കിളികൊള്ളൂര് സ്റ്റേഷനിലും രജിസ്റ്റർ ചെയ്തിട്ടുള്ള വധശ്രമകേസിലെ പിടികിട്ടാ പ്രതിയാണ്. ഗുണ്ടാ ആക്ടിലും ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അജീഷിനെ കൂടാതെ അനീസും ശ്രീരാഗും ഗുണ്ടാ ആക്ട് പ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചവരാണ്. അഖിൽ, അൽ അമീൻ അശ്വിൻ എന്നിവരും ക്രിമിനൽ കേസിൽ പ്രതികളാണ്. രണ്ടര ഗ്രാം MDMA , ആറു സിറിഞ്ചുകൾ, MDMA പാക്ക് ചെയ്യുന്നതിന് ഉപയോഗിക്കുന്ന കവറുകൾ, ഡിജിറ്റൽ ത്രാസ്സ് എന്നിവ വീട്ടിൽ നിന്നും കണ്ടെടുത്തു. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും