പൂയപ്പള്ളി: ആറ് പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന രണ്ട് പേരെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. പൂയപ്പള്ളി ചെങ്കുളം തോട്ടിന്‍കര മല്ലിക ഭവനില്‍ പാച്ചന്‍ എന്ന് വിളിക്കുന്ന ബിജു (47) , തോട്ടില്‍ കര മല്ലികാഭവനില്‍ ബാബു(50) എന്നിവരാണ് പിടിയിലായത്. വിദേശമലയാളിയായ ചെങ്കളം പുളിമൂട്ടില്‍ വീട്ടില്‍ പി.സി. ബാബുവിന്റെ നാലര പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാലയും ഒന്നര പവന്റെ മോതിരവുമാണ് മോഷണം പോയത്.
പ്രവാസിയായ ബാബു വീട്ടില്‍ ഒറ്റയ്ക്കായിരുന്ന ദിവസം കുളിക്കാനായി സ്വര്‍ണ്ണഭരണങ്ങള്‍ ഊരി കിണറിന്റെ കെട്ടിന് മുകളില്‍ വച്ചിട്ട് വീടിന് പുറത്തുള്ള കുളിമുറിയില്‍ കുളിക്കാന്‍ കയറി. പിന്നീട് ഇദ്ദേഹം സ്വര്‍ണാഭരണങ്ങള്‍ ഊരിവച്ച കാര്യം മറന്നു പോയി. രണ്ട് ദിവസം കഴിഞ്ഞാണ് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി മനസിലായത്. പിന്നീട് പി.സി ബാബു ഗള്‍ഫിലേക്ക് മടങ്ങിപ്പോയി. രണ്ട് ദിവസം മുന്‍പ് മടങ്ങി എത്തിയ ഇദ്ദേഹം കഴിഞ്ഞ ദിവസം സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി പൂയപ്പള്ളി പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കി. അന്വേഷണം നടത്തിയ പോലീസ് ബാബുവിന്റെ വീട്ടിലെ പുറംപണിക്കാരനായ ബിജുവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയും ഇയാള്‍കുറ്റം സമ്മതിക്കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.