കരുനാഗപ്പള്ളി: സര്‍വകലാശാലയില്‍ നിന്നും വിവിധ മേഖലകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്ന അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള അമൃത ഇന്നോവേഷന്‍ റിസര്‍ച്ച് അവാര്‍ഡുകള്‍ (ഐറ) പ്രഖ്യാപിച്ചു. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസില്‍ അഞ്ചുദിവസങ്ങളിലായി നടക്കുന്ന അമൃത റിസര്‍ച്ച് ആന്റ് ഇന്നോവേഷന്‍ സിമ്പോസിയം ഫോര്‍ എക്‌സലന്‍സ്-എറൈസ് 2025 ന്റെ ഭാഗമായി മാതാ അമൃതാനന്ദമയി മഠത്തില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. വിജയികള്‍ക്ക് എട്ടുകോടിയോളം രൂപയുടെ ക്യാഷ് അവാര്‍ഡും ഫലകവും പ്രശസ്തിപത്രവും ലഭിക്കും.
സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല തെരഞ്ഞെടുത്ത ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞന്മാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള അമൃത സര്‍വകലാശാലയിലെ അധ്യാപകര്‍ക്കും ഗവേഷകര്‍ക്കുമുള്ള പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. സര്‍വകലാശാലയുടെ ചാന്‍സലര്‍ കൂടിയായിട്ടുള്ള സദ്ഗുരു മാതാ അമൃതാനന്ദമയി ദേവിയുടെ സാന്നിധ്യത്തില്‍ മുഖ്യാതിഥി ഐഎസ്ആര്‍ഒ ചെയര്‍മാനും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌പെയ്‌സ് സെക്രട്ടറിയുമായ ഡോ. വി നാരായണന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. സര്‍വകലാശാലയിലെ 27 പേരാണ് ഈ വര്‍ഷത്തെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
ചടങ്ങില്‍ അമൃത വിശ്വവിദ്യാപീഠം പ്രസിഡന്റ് സ്വാമി അമൃതസ്വരൂപാനന്ദപുരി, വൈസ് ചാന്‍സലര്‍ ഡോ. വെങ്കട്ട് രംഗന്‍, പ്രൊവോസ്റ്റ് ഡോ. മനീഷ വി രമേഷ്, രജിസ്ട്രാര്‍ ഡോ. കെ ശങ്കരന്‍, ഡോ. ബാലകൃഷ്ണന്‍ ശങ്കര്‍, ഡോ. കൃഷ്ണശ്രീ അച്യുതന്‍, ഡോ. ഗീതാകുമാര്‍ എന്നിവര്‍ സംസാരിച്ചു.