കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ തൊടിയൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന് ഉദ്ഘാടനം ഏപ്രിൽ 11ന് വൈകിട്ട് 5 മണിക്ക് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിക്കുമെന്ന് സി ആർ മഹേഷ് എംഎൽഎ അറിയിച്ചു. 2023 -24 സാമ്പത്തിക വർഷം 50 ലക്ഷം രൂപ അനുവദിച്ച ഈ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണ ചുമതല സംസ്ഥാന ഭവന നിർമ്മാണ ബോർഡിനായിരുന്നു. 2024 സെപ്റ്റംബർ മാസം ശിലാസ്ഥാപനം നടത്തിയ കെട്ടിടം അതിവേഗത്തിലാണ് ഭവന നിർമ്മാണ ബോർഡ് നിർമ്മാണം പൂർത്തീകരിച്ചത്. ജില്ലയിൽ മൂന്ന് വില്ലേജുകൾക്കാണ് ഈ സമയം ഫണ്ട് അനുവദിച്ചത് അവയിൽ തൊടിയൂർ വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണമാണ് വളരെ വേഗത്തിൽ പൂർത്തീകരിക്കപ്പെട്ടത്. തൊടിയൂർ വില്ലേജിലെ ജനങ്ങൾക്ക് സേവനങ്ങൾ സമയബന്ധിതമായി അതിവേഗം ലഭ്യമാക്കുന്നതിനും ഉദ്യോഗസ്ഥർക്ക് ജോലി ചെയ്യുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കിയുമാണ് കെട്ടിടം രൂപകൽപ്പന ചെയ്തിട്ടുള്ളത്. കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ 11 വില്ലേജുകളിൽ പാവുമ്പ ഒഴികെയുള്ള എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ട് വില്ലേജ് ഓഫീസുകൾ ആയി മാറുകയാണ്. ഒരു മാസം മുൻപാണ് ക്ലാപ്പന വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ആക്കുന്നതിന് 45 ലക്ഷം രൂപ അനുവദിച്ചത്. പാവുമ്പാ വില്ലേജ് ഓഫീസ് സ്മാർട്ട് ആക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്ന് സി ആർ മഹേഷ് എംഎൽഎ അറിയിച്ചു.