ശാസ്താംകോട്ട:കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള കുടിവെള്ളം പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വാട്ടർ എടിഎം പദ്ധതി പോരുവഴി മലനടയിൽ സ്ഥാപിച്ചു.10 ലക്ഷം രൂപ വിനിയോഗിച്ച് ബ്ലോക്ക് പഞ്ചായത്ത് രണ്ട് വാട്ടർ എടിഎമ്മാണ് സ്ഥാപിച്ചത്.ആദ്യത്തെ എടിഎം കഴിഞ്ഞ നവംബറിൽ ശാസ്താംകോട്ട ടേക്ക് എ ബ്രേക്ക് കേന്ദ്രത്തിനു സമീപമാണ് സ്ഥാപിച്ചത് പദ്ധതിയുടെ ഭാഗമായി രണ്ടാമത്തെ എടിഎമ്മാണ് മലനട ക്ഷേത്രത്തിനോട് ചേർന്നു പി.എച്ച്.സി കോമ്പൗണ്ടിൽ സ്ഥാപിച്ചത്.എടിഎം വെൻഡിങ് മെഷീനിൽ ഒരു രൂപ നിക്ഷേപിച്ചാൽ ഒരു ലിറ്റർ ശീതീകരിച്ച വെള്ളവും അഞ്ച് രൂപ നിക്ഷേപിച്ചാൽ അഞ്ചു ലിറ്റർ വെള്ളവും ലഭിക്കുന്ന രീതിയിലാണ് പ്രവർത്തനം.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ വാട്ടർ എടിഎം നാടിനു സമർപ്പിച്ചു.വൈസ് പ്രസിഡന്റ് പി.പുഷ്പകുമാരി അധ്യക്ഷത വഹിച്ചു.ചടങ്ങിൽ പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത്,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.രതീഷ്,എസ്.ഷീജ,കെ.സനിൽകുമാർ,ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ രാജേഷ് വരവിള, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തുണ്ടിൽ നൗഷാദ്,ലതാ രവി,പി.ഗീതാകുമാരി,രാജി.ആർ,എസ്.
ശശികല,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ചന്ദ്രബാബു, ബ്ലോക്ക്പഞ്ചായത്ത് ജീവനക്കാർ എന്നിവർ പങ്കെടുത്തു.