ശാസ്താംകോട്ട:സംസ്ഥാന സർക്കാർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഏറ്റെടുത്തു നടപ്പിലാക്കി വരുന്ന മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിനെ മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്തായി
പ്രഖ്യാപിച്ചു.സിനിമപറമ്പ് ജംഗ്ഷനിൽ നിന്നും വിളംബര ഘോഷയാത്രയോടെ
ഉത്സവാന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ പ്രഖ്യാപനം നടത്തി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ.സുന്ദരേശൻ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡൻ്റ് പി.പുഷ്പകുമാരി സ്വാഗതവും സെക്രട്ടറി കെ.ചന്ദ്രബാബു നന്ദിയും പറഞ്ഞു.ക്യാമ്പയിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിൽ 56 ബോട്ടിൽ ബൂത്തുകൾ,ഘടക സ്ഥാപനങ്ങൾക്ക് ജൈവ അജൈവ മാലിന്യ ബിന്നുകൾ,192 അങ്കണവാടികൾക്ക് ബയോബിന്നുകൾ, ബ്ലോക്ക് പരിധിയിലെ വിവിധ സ്ഥാപനങ്ങളിലായി 5 തുമ്പൂർമൂഴി കമ്പോസ്റ്റിംഗ് യൂണിറ്റുകൾ,വിദ്യാർഥികൾക്ക് മെനുസ്ട്രൽ കപ്പ് വിതരണം,ഘടക സ്ഥാപനങ്ങളിൽ ഇൻസിനെററ്ററുകൾ എന്നീ പദ്ധതികൾ ഏറ്റെടുത്തു നടപ്പിലാക്കിയും പൊതുജന ബോധവത്കര്ണത്തിനായി സിനിമപ്പറമ്പ് ജംഗ്ഷൻ കേന്ദ്രീകരിച്ചുള്ള ശുചീകരണ യജ്‌ഞം,മാലിന്യ കൂനകൾ നീക്കം ചെയ്യൽ,ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിൽ അവബോധ കലജാഥ,നോട്ടീസ് വിതരണം,മൈക്ക് അന്നൗൺസ്‌മെന്റ്,പ്രദർശനം, ചുവരെഴുത്തുകൾ എന്നിവയും നടപ്പിലാക്കിയാണ് ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ പദവി കൈവരിച്ചത്.ബ്ലോക്ക് തലത്തിൽ ഏറ്റവും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച ഗ്രാമപഞ്ചായത്തിനുള്ള പുരസ്‌കാരം ശൂരനാട് സൗത്ത് കരസ്ഥമാക്കി.മികച്ച ഹരിതകർമസേനയായി ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് ഹരിതകർമസേനയും, മികച്ച ഹരിതവിദ്യാലയമായി മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ ചിത്തിര വിലാസം സ്കൂളുംപോരുവഴി എസ്.കെ.വി എൽ.പി സ്കൂളും,മികച്ച സി.ഡി.എസ് ആയി ശാസ്താംകോട്ട, മൈനാഗപ്പള്ളി,ശൂരനാട് തെക്ക് സിഡിഎസുകളും,മികച്ച ഹരിത പൊതുഇടമായി കുന്നത്തൂർ കീച്ചപ്പള്ളിയും,മികച്ച ഹരിത ടൗൺ ആയി മൈനാഗപ്പള്ളി പുത്തൻചന്തയും,മികച്ച ഹരിത വായനശാലയായി ശൂരനാട്സൗത്ത് എസ്.കെ.വി. ജ്ഞാനസംവർദ്ധിനി ഗ്രന്ഥശാലയും, ഹരിത റെസിഡൻസ് അസോസിയേഷൻ ആയി പോരുവഴി സത്യചിത്ര റെസിഡൻസ് അസോസിയേഷനും, മികച്ച ഹരിത സർക്കാർ സ്ഥാപനമായി പി.എച്ച്.സി ശൂരനാട് തെക്കും, മികച്ച സ്വകാര്യ സ്ഥാപനമായി ഇന്ദ്രപ്രസ്ഥ ശൂരനാട് വടക്കും,മികച്ച വ്യാപാര സ്ഥാപനമായി യെസ് മാർട്ട് ശൂരനാട് തെക്കും അവാർഡുകൾ കരസ്ഥമാക്കി.ചടങ്ങിനോട് അനുബന്ധിച്ച് ബ്ലോക്ക് പരിധിയിലെ 192 അങ്കണവാടികൾക്ക് ജൈവ മാലിന്യ സംസ്കരണ ഉപാധി വിതരണം ചെയ്തു.