വേനലിൽ ആർത്തുല്ലസിക്കാൻആനയടി കണ്ണാടിക്കുളം

Advertisement

ശാസ്‌താംകോട്ട:ഐസ് വാട്ടർ പോലെ തണുതണുത്ത വെള്ളത്തിൽ നീന്തി കുളിക്കാനും ആർത്തുല്ലസിക്കാനും താല്പര്യമുള്ളവരെ മാടി വിളിക്കുകയാണ് ആനയടിയിലെ കണ്ണാടിക്കുളം (പാറക്കുളം).പേര് സൂചിപ്പിക്കുന്ന പോലെ തന്നെ തെളിനീര് പോലെ തെളിഞ്ഞ വെള്ളമാണ് ഇവിടത്തെ പ്രത്യേകത.ആഴം കുറഞ്ഞ കുളത്തിൻ്റെ അടിത്തട്ടുവരെ കണ്ണാടി പോലെ കാണാൻ കഴിയും.പാറകൾക്കിടയിലെ ഉറവകൾക്കിടയിൽ നിന്ന് ഉത്ഭവിക്കുന്നത് ആയത് കൊണ്ട് തന്നെ വെള്ളത്തിൽ അഴുക്കിന്റെ സാന്നിധ്യം കുറവാണ്.വേനൽകാലമായതിനാൽ കുട്ടികളടക്കം നാടിൻ്റെ നാനാഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് കണ്ണാടിക്കുളത്തിൽ നീരാടാൻ എത്തുന്നത്.

കുളത്തിൽ വെള്ളം കെട്ടികിടക്കുന്നില്ല എന്നതും ഇവിടത്തെ മറ്റൊരു പ്രത്യേകതയാണ്.പാറയിൽ നിന്ന് ഉത്ഭവിക്കുന്ന വെള്ളം തത്കാലികമായി മാത്രമേ നിൽക്കുകയുള്ളു.അത് കുളത്തിൽ നിന്ന് നേരെ ഒരു ചാലു പോലെ പുറത്തേക്കു പോകുന്നു.ഇത് കുളത്തിന്റെ വൃത്തിക്കും തെളിച്ചത്തിനും കാരണമാകുന്നു.കഠിനമായ ചൂടാണെങ്കിലും പാറയിൽ നിന്ന് ഉത്ഭവിക്കുന്ന വെള്ളത്തിലേക്ക് ഇറങ്ങുമ്പോൾ കിടുകിടെ വിറയ്ക്കുമത്രേ.അവധി ദിവസങ്ങളിൽ പൊതുവെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.നീന്തൽ പരിശീലകരും കുറവല്ല.ആനയടി പഴയിടം നരസിംഹ സ്വാമി ക്ഷേത്രത്തിനു അടുത്ത് നിന്ന് ഒന്നരകിലോമീറ്റർ മാത്രം അകലെയാണ് ഈ കുളം സ്ഥിതി ചെയുന്നത്.

Advertisement