പുനലൂർ: രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 16,56,000 രൂപയുമായി തമിഴ്നാട് സ്വദേശിയെ പുനലൂർ റെയിൽവേ പൊലിസ് പിടികൂടി. ഇന്നലെ പുലർച്ചെ ആർ.പി.എഫ്, റെയിൽവേ പൊലിസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന സംയുക്ത പരിശോധനയ്ക്കിടെയാണ് മധുരൈ സ്വദേശി നവനീത് കൃഷ്ണ (59 വയസ്) പിടിയിലായത്. ചെന്നൈ എഗ്മോർ – കൊല്ലം എക്സ്പ്രസ് ട്രെയിനിലായിരുന്നു പണം കടത്താൻ ശ്രമിച്ചത്. കഴിഞ്ഞ ആറുമാസത്തിനിടെ 1.4 കോടി രൂപയാണ് പുനലൂർ റെയിൽവേ പൊലിസിന്റെ നേതൃത്വത്തിൽ പിടികൂടിയത്. പിടിയിലായ ഇയാൾ നിരവധി തവണ ട്രെയിൻ മാർഗം പണം കടത്തിയിട്ടുണ്ടെന്നാണ് സൂചന. ഇയാളെ ചോദ്യം ചെയ്തതിൽ മധുരയിൽ നിന്നാണെന്ന് ട്രെയിൻ കയറിയതെന്നാണ് മൊഴി. പിടികൂടിയ പണത്തിന്റെ ഉറവിടത്തെ സംബന്ധിച്ച് ആർക്ക് കൈമാറാനാണ് കൊണ്ടുവന്നതെന്നും വിശദമായി അന്വേഷിക്കുമെന്നും വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും റെയിൽവേ പൊലിസ് എസ്.എച്ച്.ഒ ജി. ശ്രീകുമാർ പറഞ്ഞു. സി.പി.ഒമാരായ അരുൺ മോഹൻ, സവിൻ കുമാർ, ആർ.പി.എഫ് ഉദ്യോഗസ്ഥരായ എ.എസ്.ഐ തില്ലൈ നടരാജൻ, ജേക്കബ്, റെജി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത പണം കോടതിയിൽ ഹാജരാക്കി ട്രഷറിയിലേക്ക് മാറ്റും. സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗത്തെയും വിവരം അറിയിക്കും. കഴിഞ്ഞ മാസം 24ന് ഇതേ ട്രെയിനിൽ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 44 ലക്ഷം രൂപയും പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും പണവുമായി ഒരാൾ പിടിയിക്കുന്നത്.