ചവറ , എന്താണ് ചവറ എന്ന സ്ഥല നാമത്തിനുപിന്നിലെന്നറിയേണ്ടേ

Advertisement

നിള അനിൽ കുമാർ

ചവറ … ചാവറയോ ..!!..?  പടിഞ്ഞാറ് അറബിക്കടലും, തെക്കും തെക്ക് കിഴക്ക് അഷ്ടമുടിക്കായലിന്റെ മഞ്ഞപ്പാടം ശാഖയാലും അതിരുകൾ പങ്കിടുന്ന തീരദേശ ഗ്രാമമാണ് ചവറ. നിയമസഭാ നിയോജക മണ്ഡലത്തിന്റെ പേരിനാലും, ബ്ലോക്ക് പഞ്ചായത്തിന്റെ പേരിനാലും, ഗ്രാമ പഞ്ചായത്തിന്റെ പേരിനാലും അറിയപ്പെടുന്ന ചവറ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ ഉൾപ്പെട്ട് കിടക്കുന്നു.

പൂർവ്വ കാലത്ത് കയർ റാട്ടുകളുടെ മുരളലുകളും, തടി കൊണ്ടുണ്ടാക്കിയ കൊട്ട് വടിയാൽ തൊണ്ടുതല്ലുമ്പോൾ ഉണ്ടാകുന്ന ആരോഹണ , അവരോഹണ ക്രമത്തിലുള്ള താളമേളങ്ങളാൽ മുഖരിതമായിരുന്നു ചവറയുടെ ഹൃത്തടങ്ങൾ. കാർഷികവൃത്തിയും, മൽസ്യ ബന്ധനവും മൽസ്യവിപണനവുമായി സമരസപ്പെട്ട സംസ്ക്കാരസമ്പന്നമായ ജനതയാൽ ചവറയുടെ മാർത്തടം നിറഞ്ഞ് നിന്നിരുന്നു. ചവറയുടെ നിലപാടുതറയിൽ നിന്ന് കണ്ടെടുത്ത കരിമണലിൽ നിന്ന് വേർതിരിച്ച് എടുക്കുന്ന ഉൽപ്പന്നങ്ങൾ വിദേശ രാജ്യങ്ങളിലടക്കം കയറ്റുമതി ചെയ്യുന്ന വ്യവസായ ശാലകളാൽ അലംകൃതമാണ് ചവറയുടെ നാട്ടിടവഴികൾ ..

ചവറയുടെ വിരിമാറിൽ ജനിച്ച് പുകൾപെറ്റ മൺമറഞ്ഞ് പോയ അനവധി പ്രശസ്ത വ്യക്തികളേയും, ഇന്ന് ജീവിച്ചിരിക്കുന്ന അനവധി പ്രശസ്ത വ്യക്തികളേയും മുഖപുസ്തകത്തിലൂടെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തിയിട്ടുള്ളതിനാൽ ആ ഭാഗങ്ങളിലേക്ക് കടക്കാതെ തന്നെ ചവറയുടെ സ്ഥലനാമ നിരുക്തി കണ്ടെത്തുക എന്നതാണ് ഈ ലേഖനത്തിലൂടെ ഞാൻ ശ്രമിക്കുന്നത്. തിരുവിതാംകൂർ രാജ്യകാരവിചാരങ്ങൾ ആലേഖനം ചെയ്യപ്പെട്ട് കിടക്കുന്ന ചുരുണകൾ അഥവാ ഓലക്കരണങ്ങളിൽ ചവറ ദേശത്ത് ചവറ പാലസ്, പൻമന ദേശത്ത് പൻമന പാലസ് എന്നിവ നിലനിന്നിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടിൽ ചവറ – പൻമനതോട് നിർമ്മിച്ചതിന് ശേഷം ആ ജലപാതയിൽ കൂടെ സഞ്ചരിക്കുന്ന രാജപ്രമുഖൻമാർക്ക് വിശ്രമിക്കുവാനായി പൊൻമന ഭാഗത്ത് നിർമ്മിച്ച കൊട്ടാരത്തിന്റെ പേരിലാണ് കൊട്ടാരത്തിൻ കടവ് എന്ന സ്ഥലം അന്നും, ഇന്നും അറിയപ്പെടുന്നത്. തേവള്ളി – കൃഷ്ണപുരം കൊട്ടാരങ്ങളെ ബന്ധിപ്പിച്ച് കരമാർഗം റോഡ് ഗതാഗതം സുഗമമാക്കിയപ്പോൾ തിരുവിതാംകൂർ കൊട്ടാരം സർവ്വാധികാര്യക്കാരനായിരുന്ന ശങ്കരമംഗലത്ത് ശങ്കരൻ തമ്പി കാമൻ കുളങ്ങര ക്ഷേത്രക്കുളത്തിന് തെക്ക് മാറി നിർമ്മിച്ച കൊട്ടാരമാണ് ചവറ പാലസ്.

ചവറ എന്ന പദത്തിന് ചൈനീസ് വാമൊഴിയിൽ ശ്മശാന ഭൂമി എന്നർഥം വരുന്നതിനാൽ ചാവറകളായിരുന്ന സ്ഥലമാണ് ചവറ ആയി മാറിയതെന്ന് ചേരിയിൽ സുകുമാരൻ നായർ, റ്റി.ഡി.സദാശിവൻ, ഡോ. പി.എൻ. മേനോൻ തുടങ്ങി കൊല്ലം ചരിത്രങ്ങൾ രചിച്ച മുഴുവൻ ചരിത്രകാരൻമാരും ആവർത്തിച്ചുറപ്പിച്ച് കഴിഞ്ഞിരിക്കുകയാണ് . കൊല്ലം തുറമുഖത്ത് എത്തിച്ചേർന്നിരുന്ന ചൈനീസ്, യൂറോപ്യൻ വണിക്കുകളുടെ യാത്രാമാർഗ്ഗങ്ങളിൽ അവരുടെ പായ്ക്കപ്പലുകൾ അപകടത്തിൽ പെട്ട് പോകുമ്പോൾ മരണമടയുന്ന നാവികരെ അടക്കം ചെയ്ത ചാവറകളായിരുന്നു ചവറയുടെ തീരദേശം എന്നാണിവരുടെ എല്ലാ കണ്ടെത്തലുകളും. ചൈനക്കാരുടെ വലിയ കപ്പലുകൾക്ക് ജൻക് അഥവാ ചൊങ്ക് എന്നും, ചെറിയ കപ്പലുകൾക്ക് ചാമ്പ്രാണി എന്നുമാണ് അറിയപ്പെട്ടിരുന്നത്. അഷ്ടമുടിക്കായലിന്റെ തീരത്തുള്‌ള തൃക്കരുവ വില്ലേജിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള മുനമ്പിനോടുപ്പിച്ച് ചൈനരുടെ ചാമ്പ്രാണി കപ്പലുകൾ അടുപ്പിച്ചിരുന്നതാൽ ആ മുനമ്പ് ഭാഗത്തെ ചാമ്പ്രാണിക്കോടി എന്നാണ് വിളിച്ചിരുന്നത്. കപ്പൽ അപകടങ്ങളിൽ മരണപ്പെടുന്ന നാവികരെ വിജനമായ ചാമ്പ്രാണിക്കോടിയിലോ ,കിഴക്കേ കല്ലട ഭാഗത്തോ, ചെറു മൂട് , കാഞ്ഞിരോട്ട് കായലിന്റെ തീരപ്രദേശത്തോ, പെരിനാട് ഭാഗത്തോ, മാലിഭാഗങ്ങളായ ചവറ തെക്കുംഭാഗത്തോ അടക്കം ചെയ്യാതെ ഏറെ ദൂരം സഞ്ചരിച്ച് ചവറയുടെ തീരപ്രദേശത്ത് കൊണ്ട് വന്ന് മറവ് ചെയ്യുകയും അങ്ങനെ ഈ തീരദേശത്തെ ചാവറയാക്കി മാറ്റിയ ഭാവനാവിലാസങ്ങൾ കണ്ട് നമുക്ക് അൽഭുതപ്പെടാനേ കഴിയൂ……

“പടയാളി മുദ്രയിൽ നിന്നാണ് ചവറ രൂപം കൊണ്ടതെന്നും, ഓടനാട് – വേണാട് യുദ്ധത്തിലോ മറ്റേതെങ്കിലും പെരും പോരിലോ മരണപ്പെട്ട പടയാളികളുടെ ചാവറകൾ ഇവിടെ കാണപ്പെട്ടതിനാലവണം ചാവറ, ചവറയായി മാറി എന്നാണ്….” ഹരി കട്ടേൽ എന്ന ചരിത്ര നിരീക്ഷകൻ സംഘകാല സാഹിത്യ കൃതികളും , മതിലേരി കന്നി എന്ന വടക്കൻ പാട്ട്  സാഹിത്യവും ഉദ്ധരിച്ചാണ് ചൂണ്ടി കാണിക്കുന്നത്. കേരള ചരിത്രത്തിൽ ചാവേറുകളുടെ ഉൽഭവം തന്നെ പൂർവ്വ കാല നഗരിയായിരുന്ന മഹോദയപുരത്ത് ആയിരുന്നുവെന്നും, ചോളചക്രവർത്തി രാജരാജചോളന്റെ കാലത്തെ ചേര-ചോള യുദ്ധത്തിൽ അസംഖ്യം ചാവേറുകൾ പങ്കെടുത്തിരുന്നതായി ഇളംകുളം കുഞ്ഞൻപിള്ള സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പന്ത്രണ്ട് വർഷം കൂടുമ്പോൾ ആഘോഷിക്കുന്ന മാമാങ്കമഹോൽസവത്തിൽ തിരുനാവ മണപ്പുറത്ത് പെരുനില നിൽക്കുന്ന സാമൂതിരിയെ വധിക്കുവാനായി ശത്രുത പുലർത്തുന്ന രാജവംശങ്ങൾ ചാവേറുകളെ അയച്ചിരുന്നു.

. ചാടി വീഴുന്ന ചാവേറുകൾ സാമൂതിരിയുടെ അംഗരക്ഷകരുടെ വാൾ പ്രയോഗത്തിൽ കരചരണങ്ങളും, തലയും അറ്റ് വീഴുന്ന ചരിതങ്ങൾ നാം വായിച്ചിട്ടുണ്ട്. AD.1504 ൽ ഇടപ്പള്ളിയിൽ വെച്ച് കൊച്ചിയും കോഴിക്കോടും തമ്മിൽ നടന്ന യുദ്ധത്തിൽ കൊച്ചിരാജാക്കന്മാർ മരണപ്പെട്ട വാർത്തയറിഞ്ഞ് അനേകം ചാവേറുകൾ കൊച്ചിയുടെ പക്ഷത്ത് അണിചേർന്നതായും , AD. 1550 ൽ വടുതല വച്ച് നടന്ന വടക്കുംകൂറും പോർട്ട് ഗീസുമാരുമായി നടന്ന യുദ്ധത്തിൽ വടക്കുംകൂർ രാജാവ് മരണപ്പെട്ടപ്പോൾ നിരവധി ചാവേറുകൾ പോർട്ട്ഗീസുകാരുമായി അടരാടിയ ചരിത്രവും നാം വായിച്ച് മനസ്സിലാക്കിയിട്ടുണ്ട്. AD. 1731 ൽ കായംകുളം രാജ്യത്ത് നിന്ന് ദേശിങ്ങനാട് രാജാവ് ഉണ്ണികേരളവർമ്മ ദത്തെടുത്തതിനെ തുടർന്ന്  തിരുവിതാംകോട് ഭരിച്ചിരുന്ന മാർത്താണ്ഡവർമ്മയ്ക്ക് ഈ ദത്ത് ഇഷ്ടമാകാതെ വന്നതിനെ തുടർന്ന് ദേശിങ്ങനാട് കീഴടക്കി നൂറനാട് പടനിലത്ത് വച്ച് കായംകുളം സൈന്യവുമായി ഏറ്റ്മുട്ടി. പടക്കളത്തിൽ വെച്ച് കായംകുളം രാജാവ് വീരകേരളവർമ്മ മരണപ്പെട്ടതറിഞ്ഞ് കായംകുളത്തെ കളരികളിൽ നിന്ന് നിരവധി ചാവേറുകൾ യുദ്ധസന്നദ്ധരായി എത്തി ധീരമായി പോരാടിയതിനാൽ മാർത്താണ്ഡ വർമ്മ പിൻവാങ്ങിയ ചരിത്രവും നാം പഠിച്ചിട്ടുണ്ട്. ഓച്ചിറ, നൂറനാട് പടനിലങ്ങളിൽ മാർത്താണ്ഡവർമ്മയും , രാമയ്യൻ ദളവയും , തമിഴ് നാട്ടിലെ മറവപ്പടയും ചേർന്ന്  നയിച്ച സൈന്യത്തെ  സധൈര്യം നേരിടാനുള്ള ചാവേർ പടയാളികൾ കായംകുളത്തിനുണ്ടായിരുന്നു.. ഓച്ചിറ, നൂറനാട്, കായംകുളം ദേശത്തെങ്ങും ചാവേറുകളെ അടക്കിയ ചാവറകൾ ഇല്ലാതിരിക്കവേ നിഷ്പ്രയാസം മാർത്താണ്ഡവർമ്മയ്ക്കു മുന്നിൽ കീഴടങ്ങിയ ദേശിങ്ങനാട് ദേശത്ത് ചാവേറുകളെ അടക്കിയ ചാവറകൾ ഉണ്ടെന്ന് വിശ്വസിക്കുവാൻ യുക്തിചിന്ത അനുവദിക്കുന്നില്ല..

പെരുംപോരോ ചാവേറ്റ് പടയോ ചവറയിൽ നടന്നിട്ടില്ല എന്ന് സ്ഥാപിക്കുന്നത് തന്നെ ചവറ – പൻമനതോട് ഉണ്ടാകുന്നത് വരെ തെക്കൻ ദിക്കിലുള്ളവർ  എത്തിയിരുന്നത് മേനാമ്പള്ളി, തലമുകിൽ, കരാറ്റേ കടവ്, കുരിശുംമൂട് എന്നിവിടങ്ങളിൽ വന്ന് കടത്തിറങ്ങിയാലേ ചവറയുടെ ഉൾനാടുകളിലേക്ക് എത്തുവാൻ കഴിഞ്ഞിരുന്നുള്ളൂ എന്നത് കൊണ്ട് തന്നെയാണ്. പതിനെട്ടാം നൂറ്റാണ്ടിൽ ഉണ്ടായ ചവറ – പൻമന തോടും , പത്തൊമ്പതാം നൂറ്റാണ്ടിൽ ഉണ്ടായ കരമാർഗ്ഗമുള്ള റോഡും വന്നതിന് ശേഷമാണ് മൂന്ന് തോടുകൾ സംഗമിക്കുന്ന മുക്കു ത്തോട്ടിൽ പാലക്കടവും, അങ്ങാടി വാണിഭവും, ജനതതിയും പിച്ചവെച്ച് തുടങ്ങിയത്. AD. 14-ാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഉണ്ണുനീലി സന്ദേശകാവ്യത്തിൽ ആദ്യ ദിവസത്തെ യാത്ര സന്ദേശകാരൻ അവസാനിപ്പിക്കുന്നത് കൊല്ലത്തെ കരിപ്പൂക്കളം കൊട്ടാരത്തിലാണ്. അടുത്ത പ്രഭാതത്തിൽ യാത്ര തുടരുന്ന സന്ദേശകാരൻ അറബിക്കടലും, അഷ്ടമുടിക്കായലും സംഗമിക്കുന്ന പുതിയ പൊഴി (നീണ്ടകര ) കടന്ന് കൈതച്ചെടികൾ പൂത്ത് സൗരഭ്യം പടർത്തുന്ന പരിമളവും കടന്ന് നേരേ പൻമന തമ്പുരാന്റെ അഥവാ പൻമന മുരക ക്ഷേത്രത്തിലേക്കാണ് വരുന്നത്. പുതിയ പൊഴി മുതൽ പൻമന വരെ ക്യത്യമായി സ്ഥല നിർണ്ണയം നടത്തുമ്പോൾ പെരും പോരോ , ചാവേറ്റ് പടയോ നടന്ന സ്ഥലത്തെ പടയാളികളെ അടക്കം ചെയ്ത ചാവറ രേഖപ്പെടുത്താത്തത് 14-ാം നൂറ്റാണ്ടിൽ പോലും ചാവറയെന്നോ ? ചവറയെന്നോ സ്ഥലനാമം ഉരുവം കൊണ്ടിരുന്നില്ല എന്ന് തന്നെ വേണം നമുക്ക്  അനുമാനിക്കേണ്ടത്. നിഘണ്ടുകാരൻ , ഭാഷാചരിത്രകാരൻ , പണ്ഡിതൻ എന്നീ നിലകളിൽ വിളങ്ങിയ ശ്രീ. ശൂരനാട് കുഞ്ഞൻപിള്ള സർ ചവറയുടെ സ്ഥലനാമ നിരുക്തി കണ്ടെത്തിയത് ചവറ എന്ന പദത്തിലെ ചഃ – എന്നക്ഷരം ശിവനെ സൂചിപ്പിക്കുന്നതിനാൽ ശിവപുരം ആണ് ചവറയുടെ പൂർവ്വനാമം എന്നും, ശം + അറ =ശം അറ എന്ന വാക്കിന്റെ അർഥം സമൃദ്ധിയുടെ നിലവറ എന്നതിനാൽ ശംഅറയാണ് ചവറ ആയി മാറിയതെന്ന് ശൂരനാട് കുഞ്ഞൻപിള്ള സർ അനുമാനിക്കുന്നു.

ഭൂപ്രകൃതിയുടെ ഘടനയും, ജനതതിയുടെ ജീവിത മാർഗ്ഗവും നോക്കി കാണുമ്പോൾ സാറിന്റെ അനുമാനങ്ങൾ പിന്തള്ളപ്പെട്ട് പോകുന്നു..” ചവറ, പൻമന, തേവലക്കര കയറു കൊണ്ടു പിഴയ്ക്കണം…” എന്ന പ്രസിദ്ധമായ ഈരടിയിൽ തന്നെ ജനതയുടെ ജീവിതസംത്രാസം നമുക്ക് നേരിട്ട്  കാണാം.. തൊണ്ടുകൾ കായലിൽ കെട്ടി  താഴ്ത്തി അഴുക്കിയതിന് ശേഷം അവ തല്ലി  ചകിരിയാക്കി ഇഴകൾ പിരിച്ച് ചേർത്ത്  കയറുകളാക്കി കമ്പോളങ്ങളിൽ കൊണ്ട് ചെന്ന് കാശ് വാങ്ങിയിരുന്ന ജനതയ്ക്ക് എന്ത് സമൃദ്ധി വരാനാണ്. 20-ാം നൂറ്റാണ്ടിൽ മാത്രമാണ് ചവറയിലെ കരിമണലിൽ ധാതുലവണങ്ങൾ അടങ്ങിയിരിക്കുന്നു എന്ന് കണ്ടെത്തുകയും അതിനും ശേഷമാണ് വ്യാവസായികമായി ചവറ വളരുവാനും തുടങ്ങിയത്. ഇനി നമുക്ക് വാദത്തിന് വേണ്ടി ചാവേറിൽ നിന്നാണ് ചവറ രൂപം കൊണ്ടതെന്ന് വിശ്വസിച്ചാലും ചാവർകാവ് , ചാവരുകോണം, ചാവർകോട്, ചാവക്കാട് എന്നീ സ്ഥലനാമങ്ങളിൽ ചാവ് വിശേഷണാംശമായി കടന്ന് വരുന്നുണ്ടെങ്കിലും ആ സ്ഥലനാമങ്ങൾക്ക് യാതൊരു മാറ്റവും സംഭവിക്കാതെ നിലനിൽക്കുന്നതിനാൽ ചാവറ മാത്രം എന്ത് കൊണ്ടാണ് ചവറയായി മാറിയത് …. പൂർവ്വികർ മരിച്ചയാളുകളെ “മാണ്ടവർ ” എന്നാണ് വിളിച്ചിരുന്നത്. വസൂരിരോഗത്തിന് മരുന്ന് കണ്ട് പിടിക്കാതിരുന്ന കാലത്ത് കുരുപ്പാട് അഥവാ വസൂരി ബാധിച്ചവരെ വിജനമായ തുരുത്തുകളിൽ പാർപ്പിക്കുമായിരുന്നു. വ്രണിത ശരീരവുമായി രോഗത്തോട് മല്ലടിച്ച് ആ തുരുത്തുകളിൽ കിടന്ന് മരണമടഞ്ഞിരുന്നവരെ അവിടെ തന്നെ ദഹിപ്പിച്ച് കളയുകയും ചെയ്തിരുന്നു. മാണ്ടവരെ അടക്കം ചെയ്യപ്പെട്ട സ്ഥലങ്ങൾ ചാവിടങ്ങളായി ഗണിക്കപ്പെട്ടിരുന്നു.. അത്തരത്തിലുള്ള  ചാവിടങ്ങൾ ചവറയിൽ കേട്ട് കേൾവി പോലുമില്ല… അങ്ങനെയെങ്കിൽ ചവറ എന്ന സ്ഥലനാമം എങ്ങനെ രൂപം കൊണ്ടു..?

ചവറ് എന്ന വാക്കിന് കുപ്പ, മാലിന്യം എന്നും, ചവറൻ = ഹീനൻ, അയോഗ്യൻ, ചവറില = വെറ്റില, ചാവു പിള്ള = ശൂന്യം ഭവിച്ച വംശം എന്നിങ്ങനെ അർഥങ്ങൾ നിലനിൽക്കുമ്പോൾ ചവരുള്ള എന്ന വാക്കിന് ഉവരുള്ള എന്നർഥമാണ് ലഭിക്കുന്നത്. ഉവര് എന്നാൽ ഓര് അഥവാ ഓർ എന്നാണ് അർഥം. ഓർ നിലം = കൃഷിക്ക് ഉപയോഗമില്ലാത്ത കരഭൂമി അഥവാ തരിശ് നിലം.. ഈ തീരദേശ ഭൂമി എങ്ങനെ ചവരുള്ളതായി അഥവാ ഒരുള്ള ഭൂമിയായി മാറി എന്ന് നമുക്ക് പരിശോധിക്കാം. മൂന്ന് തോടുകൾ സംഗമിക്കുന്നതിനാൽ മുക്കുത്തോട് എന്ന സ്ഥലനാമം ഉണ്ടായ വസ്തുത പരിഗണിക്കുമ്പോൾ കാലവർഷക്കാലത്ത് ഉൾനാടുകളിൽ നിന്ന് ഒഴുകി വരുന്ന ജലവും, എക്കലുകളും  ആറുകളിലൂടെയും, കൈത്തോടുകൾ വഴിയും മൂന്ന് തോടുകളിലുമെത്തി നിറഞ്ഞ് കവിഞ്ഞ് കായലും പൊഴിയും കടന്ന്  കടലിലേക്ക് ഒഴുകി ഇറങ്ങുകയും, മഴ കുറവുള്ള മാസങ്ങളിൽ പൊഴി വഴി കടന്ന് വരുന്ന കടൽജലം കായൽ വഴി മൂന്ന് തോടുകളിലും എത്തുന്നതോടെ ലവണത, ജൈവാംശം, ഊറലുകൾ എന്നിവയ്ക്ക് വ്യത്യാസം വരികയും കരിമണ്ണിന് അമ്ലത കൂടുകയും ചെയ്യുന്നതിനാൽ സമീപ ഭാഗങ്ങളിൽ ഉപ്പുപടന്നകൾ സൃഷ്ടിക്കപ്പെടുന്നു.. ചവറയിലും ഇത്തരത്തിലുള്ള  ഉപ്പു പടന്നയുണ്ട്. ഉപ്പു പടന്ന ഭാഗങ്ങളിലെ കരഭൂമിയോട്  ചേർന്ന്  ചവരുള്ള അഥവാ ഓരുള്ള ഭാഗങ്ങൾ കാണപ്പെടുന്നു. ചവരു എന്നവാക്ക് വാമൊഴി വഴക്കത്താൽ ചവറ ആയി രൂപാന്തരം സംഭവിക്കാം എന്ന് യുക്തിപരമായി ചിന്തിക്കാൻ നമുക്ക് കഴിയും.. കണ്ണൂര് എന്ന സ്ഥല നാമം  കണ്ണൂർ  പറയുന്നത്  പോലെ ഗുരുവായൂര് ഗുരുവായൂർ ആയി  മാറുന്നു. അത് പോലെ ചവരു ചവറയായി മാറി വരാൻ ഏറെ സാധ്യതകൾ ആണ് ഉള്ളത്…ചവരുനിലങ്ങളിലെ മണ്ണിൽ അമ്ലത്വം കൂടുതൽ കാണപ്പെടുന്നതിനാൽ സസ്യജാലങ്ങൾ സമൃദ്ധമായി വളരുവാൻ കഴിയാതെ വെറും ഓർ നിലങ്ങളായി അഥവാ തരിശ് ഭൂമികളായി മാറിയതിനാൽ സംസ്കാര സമ്പന്നമായ ഒരു ജനത ഈ ചവരു ഭൂമിയെ ചവറയാക്കി മാറ്റിയതിൽ നമുക്ക് അഭിമാനിക്കാം.. ചവറയുടെ മാർതടങ്ങളിൽ ലവണാംശം പടർന്ന് കയറുന്നതിന്റെ പ്രധാന കാരണം കടലിലെ വേലിയേറ്റം എന്ന പ്രതിഭാസം മൂലമാണ്….

ഈ തീരഭൂമിയിൽ ജനിച്ച് വളർന്ന് ഉന്നത വിദ്യാഭ്യാസം നേടുകയും, വിപ്ലവവഴികളിലൂടെ സഞ്ചരിച്ച്  കവിതകൾ രചിക്കുകയും, ഔദ്യോഗിക ജീവിതത്തിൽ ശിഷ്യർക്ക് അറിവുകൾ പകർന്ന് നൽകിയും, സാഹിത്യ നഭസ്സിനെ പ്രകാശമാനമാക്കുകയും ചെയ്യുക വഴി ജ്ഞാനപീഠ പുരസ്ക്കാരം കരസ്ഥമാക്കിയ ചവറയുടെ പ്രിയ കവി ശ്രീ.ഒ.എൻ.വി.കുറുപ്പ് ജ്ഞാനപീഠ പുരസ്കാരം ഏറ്റ് വാങ്ങിയതിന് ശേഷം നടത്തിയ പ്രഭാഷണത്തിൽ ചവറയുടെ സ്ഥലനാമം ഒളിഞ്ഞ് കിടപ്പുണ്ട്…” എന്റെ കവിതയിൽ ഒരു പശ്ഛാത്തല ഭൂമിക പതിഞ്ഞ് കിടക്കുന്നുണ്ട്. കടലിനും, കായലിനും ഇടയിൽ നീണ്ട് പരന്ന് കിടക്കുന്ന എന്റെ ഗ്രാമം ഒരു കാലത്ത് തെങ്ങിൻ തോപ്പുകളാലും, ഋതു പുഷ്പങ്ങൾ നിറഞ്ഞ മേടുകളും ഉൾക്കൊണ്ടതായിരുന്നു. കാറ്റിന്റെ മധുര ശ്രുതിയുള്ള താരാട്ട് കേട്ട് കടൽത്തിരകൾ നിദ്ര പൂകി. അതേ കാറ്റ് തന്നെ ഉറഞ്ഞ് തുള്ളുമ്പോൾ കടലും, കായലും പ്രക്ഷുബ്ധമാകും. ഗ്രാമവാസികളായ പാവപ്പെട്ട കൃഷിക്കാരുടേയും, പണിക്കാരുടേയും സ്വഭാവത്തിലും ആ മാറ്റം പ്രതിഫലിച്ചിരുന്നു. ശാന്ത സ്വഭാവികളായ അവർ പീഡനങ്ങളുടേയും, ക്രൂര മർദ്ദനങ്ങളുടേയും മുൻപിൽ പൊട്ടിത്തെറിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഞാൻ ഗ്രാമം വിട്ട് ഉപരിപഠനത്തിനും , ഉപജീവനത്തിന്റേയും നഗര വഴികളിലേക്ക് പോയപ്പോഴും ആ ഗ്രാമീണരുടെ കണ്ണീരുപ്പും, കാലുഷ്യവും എന്റെ കവിതയിലെ ലാവണ്യമായി …

…” അതേ … ചാവറയിൽ നിന്നല്ല ചവറ എന്ന സ്ഥലനാമം രൂപം കൊണ്ടത് മറിച്ച് ലവണാംശമാർന്ന മണ്ണിൽ നിന്ന് തന്നെയാണ് ചവറ എന്ന സ്ഥല നാമം രൂപം  പ്രാപിച്ചത് ..

..99 61704234. കടപ്പാട് ഫെയ്സ്ബുക്ക്