കരുനാഗപ്പള്ളിയില്‍ എലിവേറ്റഡ് ഹൈവേ കൊണ്ടുവരുന്നത് ചില്ലറകോളല്ല, ചാകരക്കോള്

Advertisement

പള്ളിക്കപ്പുത്രന്‍

കരുനാഗപ്പള്ളി. ഹൈവേ വികസനത്തിന് സ്ഥലമെടുക്കുമ്പോള്‍ മാറ്റുന്ന ഓഫീസുകള്‍ ചിലര്‍ക്ക് ചാകരയാകുന്നു. ഏറെ നാളായെങ്കിലും പലഓഫീസുകള്‍ക്കും ഇനിയും സ്ഥലം കണ്ടെത്താനായിട്ടില്ല. മിനി സിവില്‍സ്റ്റേഷന്‍ കെട്ടിടത്തില്‍ നിന്നും കുടിയിറങ്ങുന്ന ഓഫീസുകളെ സ്വീകരിക്കാന്‍ വമ്പന്‍ ഓഫറുമായി പലരും രംഗത്തിറങ്ങി.

അതിനിടെയാണ് ഭരണകക്ഷിയിലെ ചിലനേതാക്കള്‍ ചാകരകോരുന്നത്. കരുനാഗപ്പള്‌ളിയിലെ സകല കാര്യവും നിയന്ത്രിക്കുന്ന നേതാക്കളില്‍ ചിലരാണ് പുതിയ ക്വട്ടേഷന് പിന്നില്‍. കൂടുംകുടുക്കയുമായി പടിയിറങ്ങുന്ന കോടതിക്ക് ഒരു വിദ്യാഭ്യാസസ്ഥാപനം തുടങ്ങാനായി നിര്‍മ്മിച്ച കെട്ടിടം അനുയോജ്യമാണെന്നുകണ്ട് അങ്ങോട്ടും ഒരു സൂപ്പര്‍മാര്‍ക്കറ്റുകാരുടെ ഗോഡൗണ്‍ആയി അറിയപ്പെട്ടിരുന്ന സ്ഥലത്തോട്ടുമാണ് നേതാക്കള്‍ക്ക് വലിവുണ്ടായത്. സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഗോഡൗണിനാണ് കോടതിയാവാന്‍ തല്‍ക്കാലം യോഗമെന്നറിയുന്നു. അനധികൃതമായി കയ്യേറി എന്ന് പേരു ദോഷമുള്ള ഇവിടെനിന്നും റവന്യൂ അധികൃതരെപേടിച്ച് മണ്ണുകടത്തുകാര്‍ ഒളിച്ച് പോയപ്പോള്‍ റവന്യൂക്കാര്‍ ഓടിച്ചിട്ടുപിടിച്ചത് അടുത്തിടെ .

ഇവിടെ ഇനി അനധികൃത നിര്‍മ്മാണം സംബന്ധിച്ചുള്ള കേസ് എടുക്കുമോ എടുത്താലും അത് വാദിക്കാനാകുമോ എന്നെല്ലാമുള്ള സംശയം അഭിഭാഷകര്‍ക്കിടയില്‍ പരന്നുകഴിഞ്ഞു. എന്തായാലും ഭരണ പക്ഷത്തിന്റെ നോട്ടത്തില്‍ ഏറ്റവും അനുയോജ്യമായ സ്ഥലം ഈ ഗോഡൗണ്‍ തന്നെ.
സര്‍ക്കാരിന്റെ ആരുംനോക്കാത്ത ചില ഓഫീസ് കെട്ടിടങ്ങള്‍ അഞ്ചു പൈസ ചിലവില്ലാതെ ഒഴിഞ്ഞു കിടക്കുമ്പോഴാണ് ഈ കൊള്ളയെന്നോര്‍ക്കണം. ഇടക്കുളങ്ങരയില്‍ ബ്‌ളോക്ക്ഓഫീസിന്റെ ചിലകെട്ടിടങ്ങള്‍ ടൗണില്‍ കല്ലട ഇറിഗേഷന്റെ കെട്ടിടം എന്നിവ ഒഴിഞ്ഞു കിടപ്പുണ്ട്. പക്ഷേ അതൊക്കെ ശരിയാക്കിയാല്‍ മാസാമാസം ചാകരയില്ലല്ലോ എന്താ ചെയ്ക.ഇനീം ചാകര എത്രയോകിടക്കുന്നു. താലൂക്ക് ഓഫീസ്, റജിസ്ട്രാര്‍ഓഫീസ്,പൊലീസ് സ്റ്റേഷന്‍, ഒത്താല്‍ മുന്‍സിപ്പല്‍ ഓഫീസ് തന്നെ സത്യം പറഞ്ഞാല്‍ ഹൈവേ കരുനാഗപ്പള്ളിയില്‍ വികസനം കൊണ്ടുവരുമെന്ന് പറഞ്ഞപ്പോള്‍ ഇത്രക്കങ്ങ് പ്രതീക്ഷിച്ചില്ല.