ശാസ്താംകോട്ട . ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് സ്ഥാപിക്കാനായി കുഴിച്ച കുഴികൾ വേണ്ട വിധത്തിൽ മൂടാതത് മൂലം അപകടം പതിവാകുകയും ജനജീവിതം ദുസ്സഹമാവുകയും ചെയ്യുന്ന തായി പരാതി.പടിഞ്ഞാറെ കല്ലട പഞ്ചായത്തിൽ ആദിക്കാട്ട് മുക്ക് – വിളന്തറ റോഡിലാണ് പൈപ്പിന് വേണ്ടി കുഴിച്ച കുഴികൾ മുടാത്തത്.കഴിഞ്ഞ ദിവസം മുഴുവൻ പൈപ്പുകളും സ്ഥപിച്ചെങ്കിലും കുഴികൾ വൃത്തിയായി മൂടാത്തത് പ്രദേശവാസികളിൽ പ്രതിഷേധത്തിന് കാരണമായി. ഇവർ ജെ.സി.ബി തടഞ്ഞതിനെ തുടർന്ന് കുഴികൾ മൂടാം എന്ന ഉറപ്പിൽ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
എന്നാൽ പിന്നീട് കരാറുകാരൻ വാക്ക് പാലിച്ചില്ല എന്നും പ്രദേശ വാസികൾ പറയുന്നു.പൈപ്പ് ഇടുന്നതിന് വേണ്ടി റോഡിൻ്റെ വശത്ത് ഉണ്ടായിരുന്ന കോൺക്രീറ്റുകളും സ്ലാബുകളും വലിച്ച് ഇളക്കിയത് അതേ രീതിയിൽ റോഡുകളിൽ കിടക്കുകയാണ്. കുഴികളിൽ വേണ്ട വിധത്തിൽ മണ്ണ് നിറയ്ക്കാത്തതിനാൽ വലിയ കുഴികൾ രൂപപ്പെട്ട് കിടക്കുകയാണ്. വീടുകൾക്ക് മുന്നിലും ഇത്തരത്തിൽ കുഴികളായതിനാൽ വാഹനങ്ങൾ അകത്തേക്ക് പ്രവേശിപ്പിക്കാൻ സാധിക്കുന്നില്ല.പൊടിശല്യമാണ് ഏറെ ദുഷ്കരം.
വീടുകൾക്കും സ്ഥാപനങ്ങൾക്കും അകത്തേക്ക് വരെ പൊടി അടിച്ചു കയറുകയാണ്.ഇത് മൂലം വീടുകൾക്കുള്ളിൽ പോലും ഇരിക്കാൻ കഴിയാത്ത സാഹചര്യമാണ്. പൊടിശല്യം ഒഴിവാക്കാൻ വെള്ളം തളിക്കണമെന്ന ആവശ്യവും കരാറുകാരൻ ചെവികൊണ്ടില്ല. വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചപ്പോൾ പഞ്ചായത്തിന് ഈ കാര്യത്തിൽ ഒന്നും ചെയ്യാനില്ല എന്നാണ് പറഞ്ഞതെന്നും ആക്ഷേപം ഉണ്ട്.പ്രശനത്തിന് പരിഹാരം ഉണ്ടായില്ലങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ .