അർജുൻ ആർ ശേഖറിന്‍റെ അപ്രതീക്ഷിത വിയോഗത്തിൽ കണ്ണീരണിഞ്ഞ് വലിയപാടം

Advertisement

പടിഞ്ഞാറെ കല്ലട : കൊല്ലത്ത് ബൈപ്പാസിൽ വച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിളന്തറ വലിയപാടം കൃഷ്ണാലയത്തിൽ രാജശേഖരൻ പിള്ള – ലത ദമ്പതികളുടെ മകൻ അർജുൻ.ആർ. ശേഖർ(21,ജിത്തു) ന്റെ വേർപാട് നാടിനെ കണ്ണീരണിയിച്ചു.തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് അന്ത്യം സംഭവിച്ചത്.ശനിയാഴ്ച ജന്മനാട്ടിലെത്തിച്ച മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വീട്ടുവളപ്പിൽ സംസ്കരിച്ചു.

ഡിഗ്രി വിദ്യാർത്ഥിയായിരുന്ന അർജുൻ വലിയപാടം ഗ്രാമത്തിൽ ഏവർക്കും പ്രിയപ്പെട്ടവനായിരുന്നു.നാട്ടിലെ ഏത് കാര്യത്തിനും സുഹൃത്തുക്കൾക്കൊപ്പം മുന്നിൽ നിന്നിരുന്ന അർജുന്റെ വേർപാട് വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ബന്ധുക്കളും നാട്ടുകാരും.

അർജുന്റെ മാതൃസഹോദരി ഭർത്താവ് ചവറ കൃഷ്ണൻനടയ്ക്ക് സമീപം നടയിൽ കിഴക്കതിൽ രാധാകൃഷ്ണപിള്ള (58) അപകടം സംഭവിച്ച ഉടൻ തന്നെ മരിച്ചിരുന്നു.വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ ബൈപ്പാസ് റോഡിൽ പാലത്തറയിലാണ് അപകടം നടന്നത്. ഷാർജയിൽ നിന്നും അവധിക്ക് നാട്ടിലെത്തിയ രാധാകൃഷ്ണ പിള്ള ശനിയാഴ്ച മടങ്ങിപോകാനിരുന്നതാണ്.ഇതിനായി ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തുന്നതിനായി പാലത്തറയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് അർജുനൊപ്പം സ്കൂട്ടറിൽ വരവേ അമിതവേഗതയിലെത്തിയ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അർജുനെ ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അജയ്.ആർ.ശേഖർ സഹോദരനാണ്.