കൊല്ലം പ്രാദേശിക ജാലകം

Advertisement

ഭിന്നശേഷി വിഭാഗത്തില്‍പെട്ട ജീവനക്കാര്‍ക്ക് ഇളവു നല്‍കണം

കൊല്ലം.. കോവിഡ് രൂക്ഷമായിതുടരുന്ന സാഹചര്യം പരിഗണിച്ച് ഭിന്നശേഷി വിഭാഗത്തില്‍പെട്ട ജീവനക്കാര്‍ക്ക് നേരിട്ട് ജോലിക്കെത്തുന്നതില്‍നിന്നും ഇളവ് അനുവദിക്കണമെന്ന് ഡിഫറന്റ്‌ലി ഏബിള്‍ഡ് എംപ്‌ളോയീസ് അസോസിയേഷന്‍ കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് സംഘടനാ സെക്രട്ടറി വിഎസ് സുജാ സുഭാഷിന്റെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ സാമൂഹിക നീതി ഓഫീസര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി.

ഗതാഗത കുരുക്കിൽ വീർപ്പുമുട്ടി പുത്തൂർ ടൗൺ

പുത്തൂർ:കൊട്ടാരക്കര – കരുനാഗപ്പള്ളി റൂട്ടിൽ
തിരക്കേറിയ പുത്തൂർ ടൗൺ ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുന്നു.ബഥനി ജംഗ്ഷൻ മുതൽ ആലയ്ക്കൽ ജംഗ്ഷൻ വരെയുള്ള ഭാഗത്താണ് ഗതാഗത കുരുക്ക്
അനുഭവപ്പെടുന്നത്.മണ്ഡപം ജംഗ്ഷൻ മുതൽ ചന്തമുക്ക് വരെയാണ് രൂക്ഷമായ ഗതാഗത കുരുക്ക്.പലപ്പോഴും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുക പതിവാണ്.ഇടുങ്ങിയ
റോഡും അനധികൃത പാർക്കിംഗും കയ്യേറ്റങ്ങളുമാണ് പുത്തൂർ ടൗണിന്റെ വളർച്ചയ്ക്ക് തടസ്സമായിരിക്കുന്നത്. ടൗണിൽ പാതയോരത്ത് സ്ഥിതിചെയ്യുന്ന ഓട്ടോ – ടാക്സികൾ സ്റ്റാൻഡുകളും സ്വകാര്യ-ട്രാൻ ബസ്സുകൾ ഏറെ നേരം പാർക്ക് ചെയ്യുന്നതും ഗതാഗതം അഴിയാ കുരുക്കായി മാറുന്നതിന് കാരണമാകുന്നു.

ദിവസവും ചെറുതും വലുതുമായ ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതു വഴി കടന്നുപോകുന്നത്.കിഫ്ബി പദ്ധതിയിൽ കൊട്ടാരക്കര – സിനിമാപറമ്പ് റോഡ് വികസിപ്പിച്ചെങ്കിലും പുത്തൂർ ടൗണിനെ ഒഴിവാക്കിയിരുന്നു.ശിവഗിരി – പാങ്ങോട് – കുന്നത്തൂർ പാലം മിനി
ഹൈവേയിൽ ടൗൺ ഉൾപ്പെട്ടതിനാലാണ് റോഡ് വികസനത്തിൽ നിന്നും ഒഴിവാക്കിയത്.എന്നാൽ പേരിന് മാത്രം ഹൈവേ ആയ പുത്തൂർ ടൗണിലാകമാനം റോഡിൽ ഗട്ടറുകൾ നിറഞ്ഞതിനാൽ ഗതാഗത കുരുക്കിന്
റോഡിലെ കുഴികളും കാരണമാകുന്നതായി ജനങ്ങൾ ആരോപിക്കുന്നു.

കല്ലുമൺ മലനട കർണ ക്ഷേത്രത്തിൽ ആൽത്തറ സമർപ്പണം തിങ്കളാഴ്ച

കുന്നത്തൂർ തോട്ടത്തുംമുറി കല്ലുമൺ മലനട കർണ ക്ഷേത്രത്തിൽ ആൽത്തറ സമർപ്പണം ഫെബ്രുവരി 7 തിങ്കളാഴ്ച നടക്കും.രാവിലെ 9.05 കഴികെ 9.45നകം നടക്കുന്ന സമർപ്പണം പോരുവഴി പെരുവിരുത്തി മലനട മുഖ്യ ഊരാളി ആർ.കൃഷ്ണന്റെ കാർമികത്വത്തിൽ കല്ലുമൺ മലനട മുഖ്യ ഊരാളി രാഘവൻ നിർവഹിക്കും. ഇതിനു മുന്നോടിയായി സമർപ്പണ ദീപം തെളിയിക്കൽ,ചിലപ്പതികാരം പാരായണം എന്നിവ നടക്കും.

പവിത്രേശ്വരം മായംകോട്ട് മലഞ്ചാവര് മലനട ബി.കെ തുളസി, ഐവർകാല പൂമല മലനട ദേവനാരായണൻ,മണ്ണടി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് മൂലസ്ഥാനം സുരേഷ്,ആനയടി കുന്നിരാടത്ത് മലനട തങ്കപ്പൻ,ശൂരനാട് എണ്ണശ്ശേരി മലനട ഊരാളി,താമരക്കുളം തെങ്ങിനാൽ മലനട ഗോപാലൻ എന്നിവർ പങ്കെടുക്കും.ആൽത്തറ സമർപ്പണത്തിനു ശേഷം അന്നദാനം.ഭാരത ഇതിഹാസങ്ങളിൽ ശ്രേഷ്ഠമായ മഹാഭാരതത്തിലെ കർണ ഭഗവാനും പിതാവ് ആദ്യത്യൻ തമ്പുരാനും കുടികൊള്ളുന്ന ചിരപുരാതനവും ചരിത്ര പ്രസിദ്ധവുമായ ക്ഷേത്രമാണ് കുന്നത്തൂർ മലനട.

പത്ര വിതരണം വിലമതിക്കാനാകാത്ത സേവനം:
കോവൂർ കുഞ്ഞുമോൻ എം എൽ എ


ശാസ്താംകോട്ട .പത്ര വിതരണം എന്ന സേവനം മഹത്തരവും സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗവുമാണെന്ന് കോവൂർ കുഞ്ഞുമോൻ എം എൽ എ അഭിപ്രായപ്പെട്ടു. ശാസ്താംകോട്ട ജൂനിയർ ചേമ്പർന്റെ “സല്യൂട്ട് ദി സയലന്റെ വർക്കർ “എന്ന പദ്ധതിയുടെ ഭാഗമായി
പത്ര വിതരണ രംഗത്ത് മൂന്നരപത്തിട്ടാണ്ട് കാലത്തെ സേവനം കാഴ്ചവെച്ച ശാസ്താംകോട്ടയിലെ മുതിർന്ന അംഗം മനക്കര സ്വദേശി എസ്‌ രാജേന്ദ്രനെ ആദരിച്ച വേളയിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ആധുനിക സാങ്കേതിക വിദ്യകളുടെ ആവിർഭാവം പാരമ്യത്തിലെത്തിയിട്ടും സമൂഹത്തിൽ പത്രത്തിന്റെ മഹിമ ഒട്ടും ചോർന്നിട്ടെല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജൂനിയർ ചേമ്പർ പ്രസിഡന്റ് എൽ. സുഗതന്റെ അധ്യക്ഷതയിൽ കൂടിയ അനുമോദന യോഗത്തിൽ കോൺട്രിബൂഷൻ ചെയർമാൻ ആർ കൃഷ്ണകുമാർ വിഷയവതരണം നടത്തി. സോൺ ഗെവേർണിങ് അംഗമായ എം സി മധു, ദീപൻ ഹരിദാസ്, ജി ബഹുലേയൻ, അജിത് കുമാർ, സുന്ദരാനന്ദൻ എസ്‌ ദിലീപ് കുമാർ , മുതുപിലാക്കാട് രാജേന്ദ്രൻ, ബിന്ദു രാജേഷ്, അഡ്വ ദീപ, മോഹനൻ പിള്ള, പ്രസാദ്, എൽ ആർ സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

നിരവധി മോഷണ കേസുകളിലെ പ്രതിയെ, മാല പൊട്ടിക്കൽ കേസിൽ പരവൂർ പോലീസ് അറസ്റ്റ് ചെയ്യ്തു

കൊല്ലം :നിരവധി മോഷണ കേസുകളിലെ പ്രതിയെ, മാല പൊട്ടിക്കൽ കേസിൽ പരവൂർ പോലീസ് അറസ്റ്റ് ചെയ്യ്തു. കൊല്ലം അയത്തിൽ നഗർ 127 വയലിൽ പുത്തൻ വീട്ടിൽ റിയാമ എന്ന് വിളിക്കുന്ന റിയാദ് (38) ആണ് പോലീസ് പിടിയിലായത്. ഈ കഴിഞ്ഞ 20-ാം തീയതി ഉച്ചക്ക് 12.40 മണിയോടെ പരവൂർ കോട്ടപ്പുറത്ത് രത്‌നമ്മ എന്ന സ്ത്രീ നടത്തുന്ന കടയിൽ സിഗരറ്റ് വാങ്ങാൻ മോട്ടോർ സൈക്കിളിൽ എത്തിയ രണ്ട് പേരിൽ ഒരാൾ സ്ഗരറ്റ് വാങ്ങിയ ശേഷം രത്‌നമ്മയുടെ കഴുത്തിൽ കിടന്ന 2 പവൻ തൂക്കം വരുന്ന സ്വർണ്ണ മാല പൊട്ടിച്ചെടുക്കുവാൻ ശ്രമിച്ചു. രത്‌നമ്മ മാലയിൽ പിടിത്തമിട്ടതിനാൽ മാലയുടെ കുറച്ച് ഭാഗം മാത്രമേ മോഷ്ടാവിന് കൊണ്ട് പോകുവാൻ സാധിച്ചുള്ളു.

റിയാദ്

തുടർന്ന് രത്‌നമ്മ പരവൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്യ്ത കേസിലാണ് ഇയാൾ എറണാകുളത്ത് നിന്നും പിടിയിലായത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു.റിയാദ് ഇരവിപുരം പോലീസ് സ്റ്റേഷൻ പരിധിയിൽപെട്ട മുന്നണി കുളം എന്ന സ്ഥലത്ത് അബ്ദുൾ റഷീദ് എന്ന ആളിന്റെ ആക്രികടയിൽ മോഷണം നടത്തിയതിലേക്ക് അറസ്റ്റ് ചെയ്യ്ത് റിമാന്റിൽ കഴിഞ്ഞ് ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് പരവൂരിൽ മോഷണം നടത്തിയത്. ഇയാൾക്കെതിരെ കൊട്ടിയം,ചാത്തന്നൂർ, കുണ്ടറ, തിരുവനന്തപുരം ഫോർട്ട്, പോലീസ് സ്റ്റേഷനുകളിൽ മോഷണ കേസ് നിലവിൽ ഉണ്ട്. തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും മോഷണം ചെയ്യതെടുത്ത മോട്ടോർ സൈക്കിൾ ഉപയോഗിച്ചാണ് പരവൂരിൽ മോഷണം നടത്തിയത്. മോഷണം ചെയ്യ്‌തെടുക്കുന്ന വാഹനങ്ങളിൽ കറങ്ങി നടന്ന് മാലപൊട്ടിക്കൽ, വഞ്ചി മോഷണം എന്നിവയാണ് ഇയാളുടെ രീതി. ചാത്തന്നൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ബി ഗോപകുമാറിന്റെ നിർദ്ദേശാനുസരണം പരവൂർ പോലീസ് ഇൻസ്‌പെക്ടർ എ നിസാറിന്റെ നേതൃത്വത്തിൽ എസ്‌ഐ ജയകുമാർ, നിതിൻ നളൻ, എഎസ്‌ഐ മാരായ ബൈജു ജെറോം, പ്രമോദ്, എസ്‌സിപിഓ മാരായ സീനു, മനു, സജു, സിപിഓ മാരായ രിബു, രതീഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്യ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്യ്തു

ഗാന്ധിജിക്ക് നവഗ്രഹ വിളക്ക് സ്ഥാപിച്ചു
കരുനാഗപ്പളളി. നാടകശാലക്ക് മുന്നിൽ കഴിഞ്ഞ ഒക്ടോബർ 1 ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിർവ്വഹിച്ച ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നവഗ്രഹ വിളക്കുകൾ സ്ഥാപിച്ചു 9 ഗ്രഹങ്ങളുടെ അനു ഗ്രഹം ഗാന്ധിജിയുടെ അത്മാവിന് ലഭിയ്ക്കുകയും അതിലൂടെ മാനവരാശിക്ക് വെളിച്ചം നൽകുക എന്ന ഉദ്ദേശത്തോടെയാണ് നവഗ്രഹ വിളക്കുകൾ സ്ഥാപിച്ചത്.

ചടങ്ങിന് കൗൺസിലർ ടി.പി. സലിം കുമാർ, സിംലാൽ, കരുനാഗപ്പള്ളി കൃഷ്ണൻ കുട്ടി, രത്നമബ്രാമമുഹൂർത്തം, പോണാൽ നന്ദകുമാർ, ഷാനവാസ് കമ്പി കീഴിൽ, സജീവ് മാമ്പറ, രവിമൈനാഗപ്പള്ളി, മുഹമ്മദ് സലിംഖാൻ , തുടങ്ങിയവർ നേതൃത്വം നൽകി.

ചിറ്റുമൂല ഗ്രൗണ്ടിൽ കോടതി സമുച്ഛയം നിർമിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കാൻ ഹൈക്കോടതി ജഡ്ജി സ്ഥലം സന്ദർശിച്ചു

കരുനാഗപ്പള്ളി ചിറ്റുമൂല ഗ്രൗണ്ടിൽ കോടതി സമുച്ഛയം നിർമിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കാൻ ഹൈക്കോടതി ജഡ്ജി എ. മുഹമ്മദ് മുസ്താക്കി സ്ഥലം സന്ദർശിച്ചു.
സി.ആർ. മഹേഷ് എം.എൽ.എ.യുടെ നേതൃത്വത്തിൽ സ്ഥലത്തിന്റെ സാധ്യതകൾ വിശദീകരിച്ചു. തഴവ പഞ്ചായത്തിന്റെ കൈവശമായിരുന്ന ഒരേക്കറോളം വരുന്ന ചിറ്റുമൂല ഗ്രൗണ്ട് കോടതി സമുച്ഛയം നിർമിക്കുന്നതിനായി രണ്ടുവർഷം മുൻപുതന്നെ സർക്കാരിന് വിട്ടുകൊടുത്തിരുന്നു. പുതിയകാവിന് സമീപം പുതിയകാവ്-ചക്കുവള്ളി റോഡിനോട് ചേർന്നാണ് ചിറ്റുമൂല ഗ്രൗണ്ട്. കരുനാഗപ്പള്ളിയിൽ കോടതി സമുച്ഛയം നിർമിക്കണമെന്ന ആവശ്യം ശക്തമായിട്ട് വർഷങ്ങളായിരുന്നു. എന്നാൽ, ഇതുവരെയും അനുയോജ്യമായ സ്ഥലം ഏറ്റെടുത്ത് നൽകാനായില്ല. ഐ.എച്ച്.ആർ.ഡി. പോളിടെക്‌നിക് കോളേജിന്റെ ഒരു ഭാഗം പ്രവർത്തിച്ചിരുന്ന പഴയ കെ.ഐ.പി. വക സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയെങ്കിലും ഇതുവരെയും നടപ്പായില്ല. സ്ഥലം വിട്ടുനൽകാൻ ഐ.എച്ച്.ആർ.ഡി. നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരുന്നു.


ഇതിനിടയിൽ പ്രവർത്തനമില്ലാതെ കിടക്കുന്ന കരുനാഗപ്പള്ളി നഗരസഭാ ബസ് സ്റ്റാൻഡ് കോടതി സമുച്ഛയത്തിനായി വിട്ടുനൽകണമെന്ന ആവശ്യവും ഉയർന്നു. മറ്റുചില സ്ഥലങ്ങളുടെ സാധ്യതകളും പരിഗണിച്ചു. എന്നാൽ, സ്ഥലം ഏറ്റെടുക്കൽ നടപടികൾ എങ്ങുമെത്തിയില്ല. ഇതിനിടയിൽ കോടതികൾ ചവറയിലേക്ക് മാറ്റപ്പെടുമെന്ന ആശങ്കയും ഉയർന്നു. ഈ സാഹചര്യത്തിലാണ് ചിറ്റുമൂല ഗ്രൗണ്ടിൽ തന്നെ കോടതി സമുച്ഛയം നിർമിക്കുന്നതിനുള്ള സാധ്യത വീണ്ടും പരിഗണിക്കുന്നത്.
തഴവ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ആർ. അമ്പിളിക്കുട്ടൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം റാഷിദ് എ.വാഹിദ്, തഹസിൽദാർ ഷിബു, പഞ്ചായത്ത് സെക്രട്ടറി മനോജ്, തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

Advertisement