കരുനാഗപ്പള്ളി കോടതി സമുച്ചയത്തിന് അപ്രതീക്ഷിത സ്ഥലം കണ്ടെത്തി

Advertisement

കരുനാഗപ്പള്ളി. ഹൈവേ വികസനവുമായി ബന്ധപ്പെട്ട് കുടിയിറങ്ങുന്ന കോടതിക്ക് ചന്തയില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിനായി നീക്കിവച്ച സ്ഥലം കൈമാറും. അസൗകര്യങ്ങള്‍മൂലം സ്വകാര്യ ബസുകള്‍ കയറാതെ പ്രവര്‍ത്തനമില്ലാത്ത നിലയിലായ സ്റ്റാന്‍ഡിന്റെ ഭൂമി ഇതിനായി കൈമാറാന്‍ തത്വത്തില്‍ തീരുമാനമായിട്ടുണ്ട്. കഴിഞ്ഞദിവസം സി ആര്‍ മഹേഷ് എംഎല്‍എ, മുന്‍സിപ്പല്‍ ചെയര്‍മാന്‍ കോട്ടയില്‍ രാജു എന്നിവര്‍ ഉദ്യോഗസ്ഥരുമായെത്തി ഇവിടം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

ജില്ലാ ജഡ്ജിയോടും ബാര്‍അസോസിയേഷന്‍ ഭാരവാഹികളോടും ചെയര്‍മാന്‍ വിവരം സംസാരിച്ചതായാണ് വിവരം. ദേശീയപാത വികസനത്തിനായി കുടിയിറങ്ങുന്ന കോടതിക്കെട്ടിടത്തിന് സ്ഥലം കണ്ടെത്തുന്നത് വലിയ പ്രതിസന്ധിയായിരുന്നു. ഒടുവില്‍ ഇത് ചിറ്റുമൂലയിലെ മൈതാനത്തേക്ക് മാറുവാനും തീരുമാനിച്ചു.

കരുനാഗപ്പള്ളിയില്‍ നിന്നും രണ്ട് കിലോമീറ്ററോളം ദൂരെ കോടതികള്‍ കൊണ്ടുപോകുന്നതിനെതിരെ പ്രതിഷേധമുണ്ടായിരുന്നു. നഗരസഭാ പരിധിവിട്ട് കോടതി പോകുന്നത് അപമാനകരമാണെന്ന വിലയിരുത്തലും ഉണ്ടായി. എന്നാല്‍ കോടതിക്ക് സ്ഥലം കാണാനെത്തിയ ഹൈക്കോടതി ജഡ്ജിയെ ചിറ്റുമൂലയിലെ സ്ഥലമാണ് എംഎല്‍എ അടക്കമുള്ളവര്‍ കാണിച്ചത്. അതിനുശേഷമാണ് ചന്തക്കുള്ളില്‍ ഉപയോഗമില്ലാതെ കിടക്കുന്ന ഒരേക്കറോളം സ്ഥലത്തെപ്പറ്റി ധാരണയുണ്ടായത്. ഇവിടെ കെട്ടിടം നിര്‍മ്മിക്കുന്നതിനിടയിലുള്ള കാലത്തേക്ക് സ്വകാര്യ കെട്ടിടം കണ്ടെത്തേണ്ടിവരും. അതിനെച്ചൊല്ലി വിവാദം ഉയര്‍ന്നിരുന്നു. നിലവില്‍ പോക്സോ കോടതി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് വാടക നല്‍കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.