കോടതി സമുച്ചയത്തിന് ചന്തയില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡ് വിട്ടുനല്‍കും;കരുനാഗപ്പള്ളി നഗരസഭാ കൗൺസിൽ

Advertisement

കരുനാഗപ്പള്ളി . കോടതി സമുച്ചയം താലൂക്ക് ആസ്ഥാനമായ കരുനാഗപ്പള്ളിയിൽ തന്നെ സ്ഥാപിക്കണമെന്ന് കരുനാഗപ്പള്ളി നഗരസഭ കൗൺസിൽ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോടതി സമുച്ചയം നിർമ്മിക്കുന്നതിനായി കരുനാഗപ്പള്ളി മാർക്കറ്റിന് സമീപം പ്രൈവറ്റ് ബസ് സ്റ്റാൻഡിനായി ഏറ്റെടുത്ത സ്ഥലം വിട്ടു നൽകാൻ നഗരസഭ കൗൺസിൽ സന്നദ്ധത അറിയിച്ചു. ഏറെ തര്‍ക്കങ്ങള്‍ നടന്നതിനിടെ ചന്തയില്‍ ഇതിനായി സ്ഥലം കണ്ടെത്തിയെന്നും നഗരസഭ ഇതിനായി കത്തുനല്‍കുമെന്നുമുള്ള വാര്‍ത്ത ന്യൂസ് അറ്റ് നെറ്റ് പുറത്തുവിട്ടിരുന്നു

സ്ഥലം അനുവദിക്കുന്ന കാര്യം ജില്ലാ ജഡ്ജിയെ രേഖാമൂലം അറിയിക്കുവാനും കൗൺസിൽ യോഗം തീരുമാനിച്ചു. കരുനാഗപ്പള്ളി സിവിൽ സ്റ്റേഷനിൽ പ്രവർത്തിച്ചുവരുന്ന മുൻസിഫ് കോടതി, മജിസ്ട്രേറ്റ് കോടതി എന്നിവ ദേശീയപാത വികസനത്തിൻ്റെ ഭാഗമായി സിവിൽ സ്റ്റേഷനിലെ ഒരുഭാഗം പൊളിച്ചു നീക്കുന്നതോടെ മാറ്റി സ്ഥാപിക്കേണ്ടി വരും. ഈ സാഹചര്യത്തിലാണ് അടിയന്തിരമായി കോടതി സമുച്ചയം സ്ഥാപിക്കുന്നതിന് സ്ഥലം ഏറ്റെടുത്ത് നൽകുന്നതിനുള്ള നടപടികൾ തുടങ്ങിയത്. താലൂക്ക് ആസ്ഥാനമായ കരുനാഗപ്പള്ളി ടൗണിനോട് ചേർന്ന് തന്നെ കോടതി സമുച്ചയം സ്ഥാപിക്കുന്നതിനായി അനുയോജ്യമായ വിവിധ സ്ഥലങ്ങൾ നേരത്തെ പരിഗണിച്ചിരുന്നു. എന്നാൽ ഇവയൊന്നും തന്നെ വിവിധ കാരണങ്ങളാൽ അന്തിമ തീരുമാനത്തിലേക്ക് എത്തിയില്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസം കോടതി സമുച്ചയം സ്ഥാപിക്കുന്നത് സംബന്ധിച്ച സ്ഥല പരിശോധനയ്ക്കായി എത്തിയ ഹൈക്കോടതി ജഡ്ജി തഴവ ഗ്രാമപഞ്ചായത്തിലെ ചിറ്റുമൂല യിൽ ഉള്ള സ്ഥലം പരിശോധിച്ചത്. ഈ സാഹചര്യത്തിൽ കരുനാഗപ്പള്ളി ടൗണിൽ തന്നെ കോടതി സമുച്ചയം നിലനിർത്തുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളാൻ നഗരസഭ തീരുമാനിക്കുകയായിരുന്നു.

പത്തുവർഷംമുമ്പ് പ്രൈവറ്റ് ബസ് സ്റ്റാൻഡ് സ്ഥാപിക്കുന്നതിനായി കരുനാഗപ്പള്ളി മാർക്കറ്റിന് സമീപം നഗരസഭ വാങ്ങിയ സ്ഥലത്ത് നാളിതുവരെ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പ്രവർത്തിപ്പിക്കുന്നതിന് കഴിഞ്ഞിട്ടില്ല. പലതവണ ഇവിടെ പ്രൈവറ്റ് ബസ്റ്റാൻഡ് പ്രവർത്തനം ആരംഭിക്കാൻ ശ്രമം നടന്നെങ്കിലും പലവിധ സാങ്കേതിക പ്രശ്നങ്ങൾ കാരണം ഇവിടെ പ്രൈവറ്റ് സ്റ്റാൻഡ് പ്രവർത്തനം തുടങ്ങുന്നതിന് കഴിയാത്ത സ്ഥിതിയായിരുന്നു. ഈ സാഹചര്യത്തിൽ കോടതി സമുച്ചയം നഗരത്തിൽ തന്നെ നിലനിർത്തുന്നതിന് അടിയന്തിരമായി സ്ഥലംവിട്ടു നൽകേണ്ട സാഹചര്യം വന്നതിനാൽ മാർക്കറ്റിനു സമീപത്തെ സ്ഥലം വിട്ടുനൽകാൻ നഗരസഭ തീരുമാനിക്കുകയായിരുന്നു. ടൗണിൽ തന്നെ പ്രൈവറ്റ് ബസ്റ്റാൻഡും സ്ഥാപിക്കുന്നതിന് ദേശീയപാതാ വികസനത്തിൻ്റെ കൂടി സ്ഥിതിപരിഗണിച്ചുകൊണ്ട് ബദൽ സംവിധാനം കണ്ടെത്താനും നഗരസഭാ ശ്രമിക്കുമെന്ന് ചെയർമാൻ കോട്ടയിൽ രാജു അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ ചെയർമാൻ കോട്ടയിൽ രാജു കോടതി സമുച്ചയം സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു.ഇത് കൗൺസിൽ അംഗീകരിക്കുകയായിരുന്നു.