കൊല്ലം പ്രാദേശിക ജാലകം

Advertisement

ശാസ്താംകോട്ട ടൗണിന് ചേര്‍ന്ന് തടാക ചരുവില്‍ രൂക്ഷമായ മണ്ണെടുപ്പ്, അധികൃതര്‍ ശ്രദ്ധിക്കുന്നില്ല

ശാസ്താംകോട്ട. ടൗണിനു ചേര്‍ന്ന് കായല്‍ചരുവില്‍ രൂക്ഷമായ മണ്ണെടുപ്പ് അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്ന് പരാതി. തടാകത്തിലെ പട്ടന്‍കുഴി ഭാഗത്താണ് ദിവസങ്ങളായി മണ്ണെടുപ്പ് നടക്കുന്നത്. തടാകത്തില്‍ മണ്ണൊലിച്ച് വ്യാപകമായി നികന്നമേഖലയാണ് പട്ടന്‍കുഴി. ഇവിടെ പരിസ്ഥിതി ദുര്‍ബലമേഖലയാണ്.

തടാകത്തിന്റെ പലമേഖലയിലും മണ്ണെടുക്കുന്നത് അധികൃതര്‍ തടഞ്ഞിട്ടുണ്ട്. തീരത്തുനിന്നും ഭൂമി കുഴിക്കുന്നതും നിര്‍മ്മാണം നടത്തുന്നതും കുന്നിടിക്കുന്നതും നിരോധനമുള്ളതാണ്. താലൂക്ക് ഓഫീസില്‍നിന്നും വിളിപ്പാട് അകലെയാണ് തീര ദുര്‍വിനിയോഗമെങ്കിലും റവന്യൂ അധികൃതര്‍ അന്വേഷിക്കാറില്ല. എഡിഎമ്മിന് നേരിട്ട് പരാതി നല്‍കിയെങ്കിലും നടപടിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

ആലപ്പാടിലെ തീര സംരക്ഷണം സി.ആർ മഹേഷ് എം.എൽ.എ ഇറിഗേഷൻ വകുപ്പ് മന്ത്രിയുമായി കൂടികാഴ്ച നടത്തി

കേരളത്തിലെ കടൽത്തീര സംരക്ഷണവുമായി ബന്ധപ്പെട്ട് കേരള നിയമ സഭയിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി എം.എൽ.എ മാർക്ക് നൽകിയ ഉറപ്പു പ്രകാരം കിഫ്ബി വഴി പ്രഖ്യാപിച്ച 5300 കോടി രൂപയുടെ സമഗ്ര പുലിമുട്ട് പദ്ധതിയുടെ ഭാഗമായിട്ടുള്ള ആദ്യ ഘട്ടത്തിലെ 1300 കോടി രൂപയുടെ പാക്കേജിൻ്റെ നാളിതുവരെയുള്ള പുരോഗതി ഇറിഗേഷൻ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ്റെ ചേംബറിൽ കരുനാഗപ്പള്ളി എം.എൽ.എയുമായി നടന്ന കൂടി കാഴ്ചയിൽ വിശദമായി വിലയിരുത്തി. ആലപ്പാടിലെ സമഗ്ര പുലിമുട്ട് പദ്ധതി വൈകുന്നതിലുള്ള ആശങ്ക അറിയിച്ചു കൊണ്ട് എം.എൽ.എ മന്ത്രിക്ക് കത്ത് നൽകിയിരുന്നു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സമഗ്ര പുലിമുട്ട് പദ്ധതിയിൽ ചെല്ലാനം, കൊല്ലംങ്കോട്, ശംഖുമുഖം ,ആലപ്പാട്, കയ്പമംഗലം എന്നിവയാണ് ഉൾപ്പെടുത്തിയിരുന്നത്


ചെല്ലാനത്ത് നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് വർക്ക് ടെണ്ടർ ചെയ്ത് വർക്കുകൾ ആരംഭിക്കുകയും ചെയ്തു.
കൊല്ലംങ്കോട് പ്രാഥമിക നടപടി ക്രമങ്ങൾ പൂർത്തീകരിക്കുകയും ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന NCCR നൽകിയ ഡിസൈൻ ലഭ്യമായി. അടുത്ത ആഴ്ച ടെണ്ടർ നടപടികൾ ആരംഭിക്കും.
ശംഖുമുഖത്ത് പ്രാഥമിക നടപടി ക്രമങ്ങൾ പൂർത്തീകരിക്കുകയും ചെന്നൈ NCCR ൽ നിന്നുള്ള ഡിസൈൻ അടുത്ത ആഴ്ച ലഭ്യമാകും എന്നറിയിച്ചിട്ടുണ്ട്. അത് ലഭിക്കുന്ന മുറക്ക് ടെണ്ടർ നടപടികൾ തുടങ്ങും.
ആലപ്പാടും കയ്പമംഗലവും കരയിലെ സർവ്വേ നടപടികൾ പൂർത്തീകരിക്കുകയും കടലിലെ സർവ്വേ നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സർവ്വേ നടപടികൾ പൂർത്തീകരിച്ച് ഏപ്രിൽ 15 നകം ചെന്നൈ NCCR ൻ്റെ പക്കൽ നിന്നും ഡിസൈൻ ലഭ്യമാക്കുകയും മേയ് മാസത്തിൽ ടെണ്ടർ നടപടികൾ പൂർത്തീകരിക്കുകയും ചെയ്യുമെന്ന് പദ്ധതി പുരോഗതി വിശദീകരിച്ച് മന്ത്രി എം എൽ എ യ്ക്ക് ഉറപ്പ് നൽകി. അഴീക്കൽ മുതൽ വെള്ളനാതുരുത്ത് വരെയുള്ള പ്രദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ആലപ്പാടിലെ പുലിമുട്ട് പദ്ധതി നടപ്പിലാക്കുകയെന്ന് സി.ആർ മഹേഷ് എം.എൽ.എ പറഞ്ഞു

മൈനാഗപ്പള്ളിയിൽ കനാൽ ശുചീകരണം ആരംഭിച്ചു

മൈനാഗപ്പള്ളി : ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമിണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് 10 വാർഡുകളിലുമായി കെഐപി കനാൽ ശുചിയാക്കുന്ന 14 പ്രവർത്തികൾ ആരംഭിച്ചു.നാല് ദിവസത്തിനുള്ളിൽ ശുചീകരണം പൂർത്തിയാക്കി എല്ലാ കനാലുകളും ജലസേചനയോഗ്യമാക്കും.പല ഭാഗങ്ങളിലായി നിരവധി തൊഴിലാളികളുടെ സഹായത്തോടെ സമയബന്ധിതമായി പൂർത്തീകരിക്കുക എന്നതാണ് ലക്ഷ്യം. പഞ്ചായത്ത്‌തല ഉദ്‌ഘാടനം പ്രസിഡന്റ്‌ പി.എം സെയ്ത് നിർവഹിച്ചു.

ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ സജു അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ്‌ ലാലി ബാബു,മെമ്പർമാരായ മനാഫ്,റാബിയ, അഡ്വ.അനിത അനീഷ്,രജനി സുനിൽ, വർഗീസ് തരകൻ,രാധിക ഓമനക്കുട്ടൻ,ബിജികുമാരി എന്നിവർ സംസാരിച്ചു.കാരൂർക്കടവ്-കണ്ണാങ്കര മുക്ക്,നെല്ലിക്കുന്നത്ത് മുക്ക് -പൊട്ടക്കണ്ണൻമുക്ക്,തോപ്പിൽ മുക്ക്, താഴെയിൽ മൂക്ക്,പാറപ്പുറം മുക്ക്, ആറ്റുപുറം, തോട്ടുമുഖത്ത് അവസാനിക്കുന്ന 14 കെഐ.പി കനാലുകളുടെ നവീകരണമാണ് നടപ്പിലാക്കുന്നത്.

കിഴക്കേ കല്ലടയിലെ കുടിവെള്ളക്ഷാമം;ഭരണസമിതി അംഗങ്ങൾ വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു

കുണ്ടറ : കിഴക്കേ കല്ലട ഗ്രാമപഞ്ചായത്തിലെ രൂക്ഷമായ
കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വത്തിലുള്ള
ഭരണസമിതി അംഗങ്ങൾ കുണ്ടറ വാട്ടർ അതോറിറ്റി
അസി.എൻജിനീയറെ ഉപരോധിച്ചു.
കിഴക്കേകല്ലടയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ദിവസങ്ങളായി വെള്ളം കിട്ടാതെ ജനങ്ങൾ വലയുകയാണ്.അധികൃതരെ വിവരമറിയിച്ചിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരവുമായി ജനപ്രതിനിധികൾ തന്നെ രംഗത്തെത്തിയത്.ഇന്ന് മുതൽ കൃത്യമായി മൂഴി ഭാഗത്തും മറ്റു പ്രദേശങ്ങളിലും വെള്ളം എത്തിക്കുമെന്ന്
എ.ഇ ഉറപ്പ് നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ഉപരോധം അവസാനിപ്പിച്ചു.

കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കിഴക്കേ കല്ലട പഞ്ചായത്തിലെ യുഡിഎഫ്
ഭരണസമിതി അംഗങ്ങൾ പ്രസിഡന്റ് ഉമാദേവി അമ്മ,വൈസ് പ്രസിഡന്റ് ഷാജി മുട്ടം എന്നിവരുടെ നേതൃത്വത്തിൽ കുണ്ടറ വാട്ടർ അതോറിറ്റി എ.ഇയെ ഉപരോധിക്കുന്നു.

പഞ്ചായത്ത് പ്രസിഡന്റ് ഉമാദേവി അമ്മ,വൈസ് പ്രസിഡന്റ് ഷാജി മുട്ടം,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ റാണി സുരേഷ്,സുനിൽ,ശ്രുതി,അംഗങ്ങളായ മായാദേവി,ശ്രീരാഗ് മഠത്തിൽ,രാജു ലോറൻസ്,ലാലി,സജി ലാൽ,പ്രദീപ്, അമ്പിളി ശങ്കർ എന്നിവർ ഉപരോധ സമരത്തിൽ പങ്കെടുത്തു.

കലക്ക വെള്ളവുമല്ല; അഴുക്കു വെള്ളം കുടിച്ച് കുന്നത്തൂരിലെ ജനങ്ങൾ

കുന്നത്തൂർ: ചേലൂർ കായലിലെ വെള്ളം ഉപയോഗിച്ച് ആരംഭിച്ച കുന്നത്തൂർ ശുദ്ധജല പദ്ധതിയുടെ തുടക്കം മുതൽ കലക്കവെള്ളമാണ് ജനങ്ങൾ കുടിച്ചിരുന്നതെങ്കിൽ ഇപ്പോഴത് അഴുക്ക് വെള്ളത്തിലേക്ക് വഴി മാറിയിരിക്കുന്നു.എല്ലാ വേനൽക്കാലത്തും അഴുക്കു വെള്ളം കുടിച്ചാണ് ഇവിടുത്തുകാർ കഴിയുന്നത്.യാതൊരു സംരക്ഷണവുമില്ലാതെ കിടക്കുന്ന ചേലൂർ കായൽ വർഷങ്ങൾക്ക് മുമ്പ് അനധികൃത മണൽ ഖനനത്തിന് കുപ്രസിദ്ധമായിരുന്നു.


പ്രദേശവാസികൾ പ്രാഥമിക ആവശ്യങ്ങൾക്ക് ആശ്രയിക്കുന്നതും കന്നുകാലികളെയടക്കം കുളിപ്പിക്കുന്നതും ഓല അഴുകാൻ ഇടുന്നതുമടക്കം എല്ലാം ഈ കായലിൽ നടക്കുന്നു.മാത്രമല്ല ചേലൂരിൽ പതിക്കുന്ന തൊളിക്കൽ തോട്ടിലടക്കം വൻതോതിൽ ഇറച്ചി – സെപ്ടിക് ടാങ്ക് – ഭക്ഷണ മാലിന്യവും തള്ളുന്നു.ഇത്തരത്തിൽ മലിനമായ വെള്ളമാണ് ക്ലോറിനേഷൻ പോലും നടത്താതെ പൈപ്പുകൾ വഴി ശുദ്ധജലമെന്ന പേരിൽ വിതരണം ചെയ്യുന്നത്.മിക്കവാറും കുടിവെള്ളത്തിൽ ജീവനുള്ള പുഴുക്കളും കൃമികളും മറ്റ് ജലജീവികളും ഗുണഭോക്താക്കൾക്ക് ലഭിക്കാറുണ്ടെന്ന് പരാതിയുണ്ട്.അതിനിടെ ആരോഗ്യത്തിന് ഏറെ ഹാനീകരമായ രീതിയിൽ കോളീഫോം ബാക്ടീരിയയുടെ അളവും വലിയ
തോതിലാണെന്ന് അടുത്തിടെ ഡൽഹിയിൽ നടത്തിയിരുന്ന പഠനത്തിൽ കണ്ടെത്തിയിരുന്നു.കുന്നത്തൂരിലെ ജനങ്ങളെ മലിനജലം കുടിപ്പിക്കുന്ന വാട്ടർ അതോറിറ്റി ഓരോ മാസവും ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്.കുന്നത്തൂർ ശുദ്ധജല പദ്ധതി പ്രകാരം ലഭിക്കുന്ന വെള്ളം ഉപയോഗിച്ചാൽ സാംക്രമിക
രോഗങ്ങൾ പടർന്നു പിടിക്കാൻ സാധ്യത ഉണ്ടെന്ന ആശങ്കയിലാണ് നാട്ടുകാർ.വേനൽക്കാലത്ത് കുന്നത്തൂർ പഞ്ചായത്തിലാകമാനവും പടിഞ്ഞാറെ കല്ലട,ശാസ്താംകോട്ട, പോരുവഴി പഞ്ചായത്തുകളിൽ ഭാഗികമായും വിതരണം ചെയ്യുന്നത് ചേലൂരിൽ നിന്നുള്ള വെള്ളമാണ്.കുന്നത്തൂർ പദ്ധതിയുടെ നവീകരണവും മറ്റും ഫലപ്രദമാകില്ലെന്ന വിലയിരുത്തലിനെ തുടർന്ന് ബദൽ കുടിവെള്ള പദ്ധതിക്കായി നാട്ടുകാർ മുറവിളി കൂട്ടിയെങ്കിലും അധികൃതർ ചെവിക്കൊണ്ടിട്ടില്ല.കുടിവെള്ളത്തിന്റെ പേരിൽ മാസം തോറും ലക്ഷങ്ങൾ കൊയ്യുന്ന വാട്ടർ അതോറിറ്റിയും പഞ്ചായത്തും മലിന ജലം കുടിപ്പിക്കുവാൻ മത്സരിക്കുകയാണെന്നും പരാതിയുണ്ട്.