കുന്നത്തൂർ: യുക്രയ്നിൽ നിന്നും കൊല്ലം കുന്നത്തൂർ സ്വദേശിയായ ശ്രുതി കൃഷ്ണയുടെ മടങ്ങിവരവും കാത്ത് പ്രാർത്ഥനയോടെ കാത്തിരിക്കയാണ് കുടുംബം.കുന്നത്തൂർ തുരുത്തിക്കര നിർമാല്യത്തിൽ അരുൺ കുമാറിന്റെയും ബിന്ദുവിന്റെയും മകളായ ശ്രുതി കൃഷ്ണ(18) പഠനത്തിനായി യുക്രയ്നിൽ എത്തിയത് കഴിഞ്ഞ ഡിസംബറിലാണ്.കർകീവ് നാഷണൽ യൂണിവേഴ്സിറ്റി ഓഫ് റേഡിയോ ഇലക്ട്രോണിക്സിൽ ആർട്ട്ഫിഷ്യൽ ഇന്റലിജൻസ് ആന്റ് റോബോട്ടിക് പോഗ്രാം എന്ന കോഴ്സിനാണ് ശ്രുതി പഠിക്കുന്നത്.പഠനം ആരംഭിച്ച് മൂന്ന് മാസം തികയുന്നതിന് മുമ്പായാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.
കൊല്ലം മേക് വേ എന്ന സ്ഥാപനം വഴിയാണ് ശ്രുതി യുക്രയ്നിൽ പഠനത്തിന് എത്തിയത്.യുദ്ധം രൂക്ഷമായതോടെ ശ്രുതി ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ ഹോസ്റ്റലിന്റെ ബങ്കറിലേക്ക് മാറ്റി.ഇവിടെ ഭക്ഷണം അടക്കം എല്ലാ കാര്യങ്ങൾക്കും ഇവർക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ല.സീനിയർ വിദ്യാർത്ഥികളും കോളേജ് അധികൃതരും മേക് വേ ഉടമ ഷജാസും ഭാര്യയും സഹായഹസ്തവുമായി ഒപ്പമുണ്ടായിരുന്നു.എന്നിരുന്നാലും ആശങ്കയിലായിരുന്നു കുവൈറ്റിൽ ജോലി ചെയ്യുന്ന പിതാവ് അരുൺ കുമാറും മാതാവ് ബിന്ദുവുമടക്കമുള്ള കുടുംബം.
അതിനിടെ കർകീവിലും സ്ഥിതി ആശങ്കാജനകമായതോടെ ഏതുവിധേനെയും ഇന്ത്യയിലേക്ക് മടങ്ങാനുള്ള തീരുമാനം കൈക്കൊണ്ടു.മേക് വേ അധികൃതരുടെ സഹായത്തോടെ ബുധനാഴ്ച ഉച്ചയോടെ റോഡ് മാർഗ്ഗം ഷെൽ ആക്രമണം രൂക്ഷമായിരുന്ന കർകീവിൽ നിന്നും 6 കിലോമീറ്റർ അകലെയുള്ള റെയിൽവേ സ്റ്റേഷനിലെത്തി.ഇവിടെ ട്രെയിൻ കയറുന്നതിന് പോലും യുക്രയ്ൻ പൗരന്മാർക്കായിരുന്നു പരിഗണനയെന്നും ഇന്ത്യക്കാരെ മാറ്റി നിർത്തിയതായും ശ്രുതി പറയുന്നു.
അതിനാൽ ഏറെ നേരം റെയിൽവേ സ്റ്റേഷനിൽ ആശങ്കയോടെ ചെലവഴിക്കേണ്ടി വന്നു.ഭക്ഷണത്തിനും കുടിവെള്ളത്തിനും വരെ വലഞ്ഞ മണിക്കൂറുകളായിരുന്നു ഇവിടെ നേരിട്ടത്.വ്യാഴാഴ്ച പുലർച്ചെ 3.30 ഓടെ ട്രെയിൻ കയറിയ ശ്രുതി ഉൾപ്പെടെയുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ രാത്രിയോടെ ലെവീവിയ എന്ന അതിർത്തി പ്രദേശത്ത് എത്തി.ഇവിടെ നിന്നും റോഡ് മാർഗം വിമാനതാവളത്തിലെത്തിയ ശേഷം വ്യോമ മാർഗം പോളണ്ട്,ഹംഗറി തുടങ്ങിയ ഏതെങ്കിലും രാജ്യത്ത് എത്തുമെന്നാണ് അറിയുന്നത്.ഇവിടെ നിന്നും ഇന്ത്യ ഏർപ്പെടുത്തിയ വിമാനത്തിൽ ഇന്നോ നാളെയോ നാട്ടിലെത്തി ചേരും.കുന്നത്തൂർ താലൂക്കിൽ നിന്നും ഭരണിക്കാവ് സ്വദേശിനി ദേവിക,ശാസ്താംകോട്ട സ്വദേശി ഷാൻ,ശൂരനാട് സ്വദേശി സൗരവ് എന്നിവരും ശ്രുതി കൃഷ്ണയ്ക്കൊപ്പം യുദ്ധഭൂമിയിൽ നിന്നും നാട്ടിലെത്തുന്നുണ്ട്.
(Photo: ശ്രുതി കൃഷ്ണയും മാതാവ് ബിന്ദുവും )