കരുനാഗപ്പള്ളി.നൂറുകണക്കിന് മാതാപിതാക്കളെ വിഷമവൃത്തത്തിലും തീരാവേദനയിലുമാക്കി മുന്നേറുന്ന മൊബൈല്‍ ഗയിമുകള്‍ക്കെതിരെയുള്ള ശക്തമായ മുന്നറിയിപ്പാണ് ചേന്നല്ലൂര്‍ഫാഷന്‍ ഫിലിംസിന്റെ ബാനറില്‍ മെഹര്‍ഖാന്‍ സാക്ഷാത്കരിച്ച സ്‌മോക്ക് എന്ന ഷോര്‍ട്ട്ഫിലിം.
കുട്ടികളെ കുടുംബത്തില്‍നിന്നും ആസ്വാദ്യ ജീവിതത്തില്‍ നിന്നും പറിച്ചെറിയുന്ന പബ്ജി പോലുള്ള മൊബൈല്‍ ഗയിമുകളെപ്പറ്റി വേവലാതിപ്പെടാത്ത കുടുംബങ്ങളില്ല എന്നായിട്ടുണ്ട്. ഒരുപക്ഷേ മയക്കുമരുന്നിനെക്കാളും ഇന്ന് ആശങ്ക വിതക്കുന്നത് ഈ തീക്കളികളാണ്. ഗയിമിന് അടിപ്പെട്ട് ജീവിതം തുലക്കുന്ന, രക്ഷിതാക്കളെ കണ്ണീരിലാക്കുന്ന ഏതെങ്കിലും കുട്ടികളുടെ കഥ നേരിട്ട് അറിയാത്ത നാട്ടിടയില്ല എന്ന നിലയില്‍ ഈ വിഷമവൃത്തമിന്ന് വലുതായിട്ടുണ്ട്. ഇതിനെതിരെ യുവതലമുറയെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് മെഹര്‍ഖാന്റെ സ്‌മോക്ക്.
മുമ്പും സാമൂഹികപ്രതിബദ്ധതയുടെ സന്ദേശവുമായി കലാസൃഷ്ടികള്‍ ഇദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. സാധാരണക്കാരനായ നാരായണന്‍കുട്ടിയുടെ ജീവിതവും മകന്‍ വിനായകന്റെ വഴിതെറ്റിപ്പോകലും അതിന്റെ പരിണാമവും കാഴ്ചക്കാരനെ ആട്ടി ഉലയ്ക്കുമെന്ന് ഉറപ്പാണ്.
സുഹൃത്തിന്റെ കുടുംബത്തെ ഒരു ബൈക്കിന്റെ വേഗത തീരാക്കണ്ണീരിലാക്കുന്ന ഉപകഥയും പശ്ചാത്തലത്തിലുണ്ട്. യുവതയെ ചിന്തിപ്പിക്കേണ്ട രണ്ടു വിഷയങ്ങളാണ് സ്‌മോക്കില്‍ നിരക്കുന്നതെന്നത് നിസാരമല്ല. ചിന്തിപ്പിക്കണം എന്ന ലക്ഷ്യം അത് സാക്ഷാത്ക്കരിക്കുന്നുണ്ട്. ഇതിന്റെ പ്രചരണം ഈ വിപത്തിനെതിരെയുള്ള മറുമരുന്നുകൂടിയാണ് എന്നും സംവിധായകന്‍ മെഹര്‍ഖാന്‍ ഓര്‍മ്മിപ്പിക്കുന്നു.