ഗാനമേളയ്ക്കിടെ തെങ്കാശിപ്പട്ടണം മോഡല്‍ സംഘര്‍ഷം – ഉത്സവപറമ്പില്‍ പോലീസിനെ ആക്രമിച്ച തിന് കേഡിക്കമ്പനി പിടിയില്‍

Advertisement

കരുനാഗപ്പളളി.ഉത്സവപറമ്പില്‍ പോലീസിനെ ആക്രമിച്ച സംഘത്തിലെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പളളി ആലപ്പാട് അഴീക്കല്‍ സ്വദേശികളായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപം മുല്ലശ്ശേരി വീട്ടില്‍ ജീവന്‍ (26), സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപം തുണ്ടുപറമ്പില്‍ വീട്ടില്‍ കിരണ്‍, കൊച്ചുതോപ്പില്‍ വീട്ടില്‍ മനു എം ദാസ് (26), വയലില്‍ വീട്ടില്‍ മഹേഷ് (30) എന്നിവരാണ് പോലീസ് പിടിയിലായത്.

ക്ഷേത്ര ഉത്സവുമായി ബന്ധപ്പെട്ട് ഗാനമേള മുന്‍നിശ്ചയ പ്രകാരം രാത്രി 11.30 മണിക്ക് അവസാനിപ്പിച്ച് കര്‍ട്ടന്‍ ഇടുകയായിരുന്നു. ഗാനമേള സദസിലുണ്ടായിരുന്ന ഒരു വിഭാഗം ക്ഷേത്ര ഉത്സവകമ്മറ്റിയുടെ തീരുമാനം ചേദ്യം ചെയ്യുകയും ഗാനമേള സംഘത്തിനോട് വാക്കേറ്റത്തില്‍ ഏര്‍പ്പെട്ട് ഒരു മണി വരെ ഗാനമേള തുടരാന്‍ നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെടുകയുമായിരുന്നു.

ക്ഷേത്രഭാരവാഹികളുടെ പരാതിയില്‍ ക്രമസമാധാന പാലനത്തിനായി സ്ഥലത്തുണ്ടായിരുന്ന ഓച്ചിറ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുളള പോലീസ് സംഘം ഗാനമേള സംഘത്തിന്‍റെ രക്ഷയ്ക്ക് എത്തുകയായിരുന്നു. ഇതില്‍ കുപിതരായ ഒരു സംഘം പോലീസിനെ ആക്രമിക്കുകയും കല്ലെറിയുകയും ചെയ്തു. സംഭവത്തില്‍ പരിക്കേറ്റ ഓച്ചിറ പോലീസ് സ്റ്റേഷന്‍ സി.പി.ഒ ശിവപ്രസാദിനെ കരുനാഗപ്പളളി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് സംഘം ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുളള പോലീസ് സംഘത്തെ ബന്ദിയാക്കുകയും ചെയ്തു.

തുടര്‍ന്ന് അസിസ്റ്റന്‍റ് കമ്മീഷണര്‍മാരായ കെ. അശോക കുമാര്‍, ഷൈനൂ തോമസ്, എ. പ്രദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സ്ഥലത്ത് എത്തി അക്രമി സംഘത്തെ ലാത്തി വീശി പിരിച്ച് വിട്ട് പോലീസ് ഉദ്ദ്യോഗസ്ഥരെ മോചിപ്പിക്കുകയായിരുന്നു. ന്യായവിരോധമായി സംഘം ചേര്‍ന്ന് പോലീസുദ്ദ്യോഗസ്ഥരെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച് സര്‍ക്കാര്‍ ഡ്യൂട്ടി തടസം ചെയ്തതിന് ഓച്ചിറ ഇന്‍സ്പെക്ടര്‍ പി.വിനോദിന്‍റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് സംഭവത്തിലുള്‍പ്പെട്ട നാല് പേരെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രമൈതാനത്തിന് സമീപം നിന്നും പോലീസ് പിടികൂടി. ഇന്‍സ്പെക്ടര്‍മാരായ പി.വിനോദ്, എച്ച്. മുഹമ്മദ്ഖാന്‍, എസ്സ്.ഐ മാരായ നിയാസ്, സതീഷ്കുമാര്‍, ദിലീപ്, എ.എസ്.ഐ മാരായ സന്തോഷ്, വേണുഗോപാല്‍, സി.പി.ഒ മാരായ കനീഷ്, രഞ്ജിത്ത് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്‍റ് ചെയ്തു.

Advertisement