കണ്ണീർ വാർത്ത് ഭരണിക്കാവ്; അധ്യാപകൻ മകളെ ട്യൂഷന് വിട്ടശേഷം മടങ്ങിയത് മരണത്തിലേക്ക്

Advertisement

ശാസ്താംകോട്ട: ഭരണിക്കാവ് ജെ.എം ഹൈസ്കൂൾ അധ്യാപകൻ മുതുപിലാക്കാട് ഊക്കൻമുക്ക്
മെഴുവേലിൽ പുത്തൻ വീട്ടിൽ ഷിബു. കെ.ഉമ്മൻ(50) ന്റെ അപകട മരണം വിശ്വസിക്കാൻ കഴിയാതെ കണ്ണീർ വാർത്ത് ഭരണിക്കാവ്.ഷിബു സഞ്ചരിച്ച സ്കൂട്ടറിൽ ബൈക്കിടിച്ച് കെ.എസ്.ആർ.ടി.സി ബസ്സിനടിയിലേക്ക് തെറിച്ചു വീണതിനെ തുടർന്നാണ് ദാരുണാന്ത്യം സംഭവിച്ചത്.സഹപ്രവർത്തകന്റെ ഭാര്യാ മാതാവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ തുമ്പമണിലേക്ക്
പോകവേയാണ് ചൊവ്വാഴ്ച വൈകിട്ട് 6 ഓടെ അടൂരിന് സമീപം തട്ട പെട്രോൾ പമ്പിന് സമീപം വച്ച് അപകടം നടന്നത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ മകൾ നേഹയെ സ്കൂട്ടറിൽ സമീപത്തെ വീട്ടിൽ ട്യൂഷന് കൊണ്ടാക്കിയ ശേഷമാണ് ഷിബു പത്തനംതിട്ടയിലേക്ക് പോയത്.പിതാവിനെ കാത്തിരുന്ന മകൾ പിന്നീടറിഞ്ഞത് അദ്ദേഹത്തിന്റെ മരണ വാർത്തയാണ്. ഭാര്യ ലീന പാലക്കാട് അധ്യാപികയാണ്. ഇതിനാൽ മക്കളുടെയും വീട്ടിലെയും കാര്യങ്ങളെല്ലാം നോക്കുന്നത് ഷിബു തന്നെയായിരുന്നു.

പിന്നീട് സ്കൂളിലേക്ക് എത്തുമ്പോൾ കുട്ടികളുടെ പ്രിയപ്പെട്ട ഗുരുനാഥനായി മാറും.ജെ.എം ഹൈസ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ ഷിബു വലിയൊരു ശിഷ്യസമ്പത്തിന്റെ ഉടമയാണ്.25 വർഷത്തെ സേവനത്തിനിടയിൽ സ്വദേശത്തും വിദേശത്തും ഉന്നത നിലയിൽ എത്തിയ ആയിരക്കണക്കിന് വിദ്യാർത്ഥികൾ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകന്റെ വേർപാട് സഹിക്കാനാകാതെ വിതുമ്പുന്നു.സഹപ്രവർത്തകർക്കും നാട്ടുകാർക്കും അറിയാവുന്നവർക്കെല്ലാം ഏറെ പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹം.

ശാന്തശീലനും പരോപകാരിയുമായിരുന്നു.വിയോഗ വാർത്ത അറിഞ്ഞ് ഇന്നലെ വൈകുന്നേരം മുതൽ ഭരണിക്കാവ് ടൗൺ വിറങ്ങലിച്ച് നിൽക്കുകയാണ്.അടൂർ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം നാളെ രാവിലെ ഭരണിക്കാവിലെത്തിക്കും.തുടർന്ന് രാവിലെ 9.30 മുതൽ ജെ.എം ഹൈസ്കൂളിൽ പൊതുദർശനം. പിന്നീട് വീട്ടിലേക്ക് കൊണ്ടുപോകും. വിയോഗ വാർത്തയറിഞ്ഞ് ഭാര്യ ലീന പാലക്കാട് നിന്നും നാട്ടിലെത്തിയിട്ടുണ്ട്.