കരുനാഗപ്പള്ളി. വലിയഴീക്കൽ പാലം – ഏഷ്യയിൽ ഏറ്റവും നീളമുള്ള ടെൻഷൻ സ്റ്റീൽ ബാർ കോൺക്രീറ്റ് ബോ സ്റ്റ്രിങ് പാലമാണ് വലിയഴീക്കൽ പാലം. ചൈനയിലെ 1741 മീറ്റർ നീളമുള്ള ചാവോതിയാൻമെൻ (Chaotianmen) പാലം കഴിഞ്ഞാൽ ഏഷ്യയിലെ ഏറ്റവും നീളം നീളംകൂടിയ രണ്ടാമത്തെ ബോസ്റ്റ്രിങ് പാലവുമാണ് വലിയഴീക്കലേത്. തെക്കനേഷ്യയിലെ ഒന്നാമത്തെയും.
ഒറ്റ സ്പാനിന്റെ നീളത്തിന്റെ കാര്യത്തിൽ, തെക്കേയിൻഡ്യയിലെ ഏറ്റവും വലിയ കോൺക്രീറ്റ് ആർച്ച് സ്പാനുള്ള പാലമാണ് വലിയഴീക്കൽ പാലം. ആകെയുള്ള 29 സ്പാനുകളിൽ അഴിമുഖത്തിനു മുകളിൽ വരുന്ന നടുവിലെ മൂന്നു സ്പാനുകൾ 110 മീറ്റർവീതം ഉള്ളതാണ്. ഒറ്റ ലൈൻ മാത്രമുള്ള റെയിൽവേയുടെ 97.552 മീറ്റർ നീളമുള്ള ഗോദാവരി പാലത്തിനായിരുന്നു ഇതുവരെ ഈ സ്ഥാനം. ഹിമാചലിൽ പാർവ്വതീനദിക്കു കുറുകെയുള്ള ജിയാ പാലമാണ് ഇൻഡ്യയിൽ ഇതിലും വലിയ ബോസ്രിങ് സ്പാനുള്ള പാലം. 120 മീറ്ററാണ് അതിന്റെ സ്പാനിന്റെ നീളം.
ചൈനയിൽ ഇതിലും വലിയ ബോസ്റ്റ്രിങ് സ്പാനുകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം സ്റ്റീലോ കോൺക്രീറ്റ് നിറച്ച സ്റ്റീൽ റ്റ്യൂബോ (CFST) കൊണ്ടു നിർമ്മിച്ചവയാണ്; നദിക്കു കുറുകെ ഉള്ളവയും. ടെൻഷൻ സ്റ്റീൽ ബാർ കോൺക്രീറ്റ് കൊണ്ടു നിർമ്മിക്കപ്പെട്ടത് എന്നതും കടലിലാണ് (അഴിമുഖത്ത്) എന്നതും പരിഗണിച്ചാൽ വലിയഴീക്കലേത് ഇത്തരത്തിൽ ഒന്നാമത്തേതാകും.
പ്രാധാന്യവും നിർമ്മാണവിവരങ്ങളും
ഏഷ്യയിൽ ഏറ്റവും നീളമുള്ള ടെൻഷൻ സ്റ്റീൽ ബാർ കോൺക്രീറ്റ് ബോ സ്റ്റ്രിങ് പാലമാണ് വലിയഴീക്കൽ പാലം. ചൈനയിലെ 1741 മീറ്റർ നീളമുള്ള ചാവോതിയാൻമെൻ (Chaotianmen) പാലം കഴിഞ്ഞാൽ ഏഷ്യയിലെ ഏറ്റവും നീളം നീളംകൂടിയ രണ്ടാമത്തെ ബോസ്റ്റ്രിങ് പാലവുമാണ് വലിയഴീക്കലേത്. തെക്കനേഷ്യയിലെ ഒന്നാമത്തെയും.
ഒറ്റ സ്പാനിന്റെ നീളത്തിന്റെ കാര്യത്തിൽ, തെക്കേയിൻഡ്യയിലെ ഏറ്റവും വലിയ കോൺക്രീറ്റ് ആർച്ച് സ്പാനുള്ള പാലമാണ് വലിയഴീക്കൽ പാലം. ആകെയുള്ള 29 സ്പാനുകളിൽ അഴിമുഖത്തിനു മുകളിൽ വരുന്ന നടുവിലെ മൂന്നു സ്പാനുകൾ 110 മീറ്റർവീതം ഉള്ളതാണ്. ഒറ്റ ലൈൻ മാത്രമുള്ള റെയിൽവേയുടെ 97.552 മീറ്റർ നീളമുള്ള ഗോദാവരി പാലത്തിനായിരുന്നു ഇതുവരെ ഈ സ്ഥാനം. ഹിമാചലിൽ പാർവ്വതീനദിക്കു കുറുകെയുള്ള ജിയാ പാലമാണ് ഇൻഡ്യയിൽ ഇതിലും വലിയ ബോസ്രിങ് സ്പാനുള്ള പാലം. 120 മീറ്ററാണ് അതിന്റെ സ്പാനിന്റെ നീളം.
ചൈനയിൽ ഇതിലും വലിയ ബോസ്റ്റ്രിങ് സ്പാനുകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം സ്റ്റീലോ കോൺക്രീറ്റ് നിറച്ച സ്റ്റീൽ റ്റ്യൂബോ (CFST) കൊണ്ടു നിർമ്മിച്ചവയാണ്; നദിക്കു കുറുകെ ഉള്ളവയും. ടെൻഷൻ സ്റ്റീൽ ബാർ കോൺക്രീറ്റ് കൊണ്ടു നിർമ്മിക്കപ്പെട്ടത് എന്നതും കടലിലാണ് (അഴിമുഖത്ത്) എന്നതും പരിഗണിച്ചാൽ വലിയഴീക്കലേത് ഇത്തരത്തിൽ ഒന്നാമത്തേതാകും.
വലിയ ബോട്ടുകൾക്കടക്കം പോകാൻ കഴിയുമാറ് 12 മീറ്റർ ഉയരത്തിലാണ് ഈ വലിയ സ്പനുകൾ. കായലിലുള്ള ഫിഷിങ് ഹാർബറുകളിലേക്കു വലിയവയടക്കം ധാരാളം ബോട്ടുകൾ ഒരേസമയം വന്നുപോകേണ്ടതിനാലാണ് ഇത്ര അകലത്തിലുള്ള തൂണുകളിൽ ഇത്രയും ഉയരത്തിൽ പാലം നിർമ്മിച്ചിരിക്കുന്നത്. സ്ലാബിന്റെ കനവും ചേർത്ത് വെള്ളത്തിൽനിന്ന് 15 മീറ്ററാണു മുകൾപ്പരപ്പിന്റെ ഉയരം. ആർച്ച് 21 മീറ്റർ. എല്ലാമടക്കം 36 മീറ്ററാണ് നിർമ്മിതിയുടെ ആകെ പൊക്കം. ഇത്ര ഉയരത്തിലെ ആർച്ചുകളിൽ സ്പാനുകൾ തൂങ്ങിനില്ക്കുന്നത് സവിശേഷകാഴ്ചയാണ്. ഇംഗ്ലണ്ടിലെ പേരുകേട്ട മക് അലോയ് കമ്പനിയുടെ ടെൻഷൻ റോഡുകളിലാണ് സ്പാനുകൾ ഘടിപ്പിച്ചിരിക്കുന്നത്.
സാൻ ഫ്രാൻസിസ്‌കോയിലെ ലോകപ്രസിദ്ധവും അതിസുന്ദരവുമായ ഗോൾഡൻ ഗേറ്റ് പാലത്തിന്റെ നിറമായ ഇന്റർനാഷണൽ ഓറഞ്ചും ക്രീമും ആണ് പാലത്തിനു തേച്ചിട്ടുള്ളത്.
കടലിനും കായംകുളം കായലിനും സമാന്തരമായാണു പാലം. പാലത്തിൽ നിന്നു കാഴ്ച കാണാൻ പാലത്തിന്റെ നടുവിലെ മൂന്നു സ്പാനിലും ഇരുവശത്തും 2.2 മീറ്റർവീതം നടപ്പാത ഒരുക്കിയിട്ടുണ്ട്. ഫുട്പാത്തിനും റോഡിനും ഇടയിലെ ക്രാഷ് ബാരിയറും ഹാൻഡ് റെയിൽസും എല്ലാമടക്കം അവിടെ പാലത്തിന്റെ ആകെ വീതി 13.2 മീറ്ററാണ്. ബാക്കിസ്ഥലത്ത് നടപ്പാത 1.6 മീറ്ററാണ്. വീതി 11.4 മീറ്ററും. വാഹനവഴി 7.5 മീറ്ററാണ്. അപ്രോച്ച് റോഡ് അടക്കം ഇപ്പോൾ നടത്തിയ നിർമ്മിതിയുടെ ആകെ നീളം 1260 മീറ്റർ.
പാലത്തിൽ ഉടനീളം എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. നൈറ്റ് ടൂറിസം സാദ്ധ്യത പരിഗണിച്ച് പ്രത്യേകദീപവിതാനവും അധികൃതർ ആലോചിക്കുന്നതായി അറിയുന്നു.
സർക്കാർനിർമ്മാണരീതിയിൽ കലാത്മകതയ്ക്കും ടൂറിസം മൂല്യത്തിനും മുന്തിയ പരിഗണന നല്കാനുള്ള സർക്കാർ നയത്തിന്റെ വിളംബരമാണ് വലിയഴീക്കൽ പാലത്തിന്റെ രൂപകല്പന.
പാലത്തിന്റെ പ്രാധാന്യം
തീരദേശഹൈവേയിൽ പെടുന്നതാണ് ഈ പാലം. ഇതു തീർന്നതോടെ ഈ പാതയിലെ മുറിഞ്ഞുകിടന്ന കണ്ണി ചേർക്കപ്പെട്ടു. പാലംകൊണ്ട് ഇരുജില്ലയിലെയും ജനങ്ങൾക്കുള്ള ലാഭം 25 കിലോമീറ്ററാണ്. വലിയഴീക്കൽ ഹയർ സെക്കൻഡറി സ്കൂളിലേക്കും ഡീംഡ് റ്റു ബി യൂണിവേഴ്സിറ്റിയിലേക്കും മറുകരയിലെ കുട്ടികൾക്കും അദ്ധ്യാപകർക്കും പായുന്ന ബോട്ടുകൾക്കിടയിലൂടെയുള്ള ആപത്ക്കരമായ തോണിയാത്ര ഇനി വേണ്ടാ.
സാങ്കേതികവിവരങ്ങൾ
ധനസ്രോതസ്സ്: DFIB
ഭരണാനുമതി: 145.6 കോടി രൂപ. സാങ്കേതികാനുമതി: 140 കോടി രൂപ. പണി പൂർത്തിയാക്കാൻ വച്ച കരാർ (PAC): 132.0995 കോടി രൂപ. CRZMAയുടെ നിർദ്ദേശപ്രകാരം വലിയഴീക്കൽ ഭാഗത്തെ അപ്രോച്ച് റോഡിന് 156 മീറ്റർ നീളമുള്ള ഒരു അധികസ്പാൻകൂടി നിർമ്മിക്കേണ്ടിവന്നു.
രൂപകല്പന
ഇത്രയും ഭംഗിയുള്ള പ്രദേശത്ത് ഇങ്ങനെയൊരു പാലം രൂപകല്പന ചെയ്യാൻ കണ്ടെത്തിയത് രൂപകല്പനാരംഗത്തെ വിഖ്യാതനായ മദിരാശി ഐഐറ്റി പ്രൊഫസർ ഡോ. പി.കെ. അരവിന്ദനെയാണ്. അദ്ദേഹത്തിന്റെ സ്ഥാപനമായ ശ്രീ ഗിരി കൺസൾട്ടന്റ്‌സിനെ ചുമതലപ്പെടുത്തി. മദിരാശി ഐഐറ്റിയിൽനിന്നു ബി.ടെക്കും മദിരാശി സർവ്വകലാശാലയിൽനിന്ന് സ്റ്റ്രൿചറൽ എൻജിനീയറിങ്ങിൽ സ്പെഷ്യലൈസേഷനോടെ സിവിൽ എൻജിനീയറിങ്ങിൽ എംഎസ്‌സിയും മദിരാശി ഐഐറ്റിയിൽനിന്നുതന്നെ ഡോക്റ്ററേറ്റും നേടി അവിടെത്തന്നെ യുജി. പിജി തലങ്ങളിൽ 36 കൊല്ലം അദ്ധ്യാപകനായും അതിൽ 18 കൊല്ലം സിവിൽ എൻജിനീയറിങ് വകുപ്പിൽ സ്റ്റ്രൿചറൽ എൻജിനീയറിങ് വിഭാഗം പ്രൊഫസറായും പ്രവർത്തിച്ച ആളാണ് അദ്ദേഹം. അതിലുപരി ഒൻപതു പിഎച്ഛ്‌ഡികളും ധാരാളം എംഎസ്, എം.ടെൿ പ്രബന്ധങ്ങളും ഉണ്ട്! ഒക്കെയും റീഇൻഫോഴ്സ്‌ഡ് കോൺക്രീറ്റ്, ഷെൽ സ്റ്റ്രൿചറുകൾ, പാലങ്ങൾ എന്നിവയിൽ. ദേശീയ, അന്താരാഷ്ട്ര ജേണലുകളിൽ 45 ടെൿനിക്കൽ പേപ്പറുകൾ പ്രസിദ്ധീകരിക്കുകയും അനവധി ദേശീയ, അന്താരാഷ്ട്ര സെമിനാറുകളിലും സിമ്പോസിയങ്ങളിലും ശില്പശാലകളിലും പ്രബന്ധാവതരണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്.
കൊച്ചിയിലെ ഗോശ്രീ പാലമാണ് കേരളത്തിലെ അദ്ദേഹത്തിന്റെ മറ്റൊരു പ്രധാനരൂപകല്പന. കാട്‌പാടി റെയിൽവേ സ്റ്റേഷനു കുറുകെയുള്ള 41 മീറ്റർ ബോ സ്റ്റ്രിങ് ഗർഡർ പാലം, ഭുജിലെ 323 മീറ്റർ ഉയരമുള്ള ദൂരദർശൻ ട്രാൻസ്‌മിഷൻ ടവർ, നലുമവാടിയിൽ 60,000 പേർക്ക് ഇരിക്കാവുന്ന, തൂണില്ലാത്ത, പ്രാർത്ഥനാഹാൾ, ചെന്നൈയിലെ ശ്രീരാമകൃഷ്ണന്റെ യൂണിവേഴ്സൽ ടെമ്പിൾ, കൊച്ചിൻ റിഫൈനറീസിന്റെ കോർപ്പറേറ്റ് ഓഫീസ്, പോർട്ട് ഹാർബർ നിർമ്മിതികൾ, വ്യാവസായികനിർമ്മിതികൾ, ഐറ്റി കെട്ടിടങ്ങൾ, മെഡിക്കൽ കോളെജുകൾ, കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ അനവധി പ്രീ സ്റ്റ്രെസ്ഡ് കോൺക്രീറ്റ് പാലങ്ങൾ… ഡോ. അരവിന്ദന്റെ രൂപകല്പനാചാതുരിയിൽ ഉരുവംകൊണ്ട വാസ്തുശില്പങ്ങൾ ഏറെയുണ്ട്.
രാജ്യത്തെ ഏതാണ്ടെല്ലാ മുൻനിരക്കാരും കൺസൾട്ടന്റ് എന്ന നിലയിൽ അദ്ദേഹത്തിന്റെ സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര മരാമത്തു വകുപ്പ്, അണുശക്തിക്കമ്മിഷൻ, പ്രതിരോധം, റയിൽവേ, ഐഎസ്‌ആർഒ, എച്ഛ്‌എഎൽ, ഐഒസി, എച്ഛ്‌പിസി, ബിപിസിഎൽ, ദേശീയപാതാ അതോറിറ്റി, ഭെൽ, ഇന്റെഗ്രൽ കോച്ച് ഫാക്റ്ററി, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ഏതാണ്ട് എല്ലാ സംസ്ഥാനസർക്കാരുകളും സർക്കാരേജൻസികളും ഒക്കെ ആ പട്ടികയിലുണ്ട്. എൽ & റ്റി, എസ്സാർ, നാഗാർജ്ജുന, നവയുഗ തുടങ്ങിയ സ്വകാര്യഗ്രൂപ്പുകൾക്കും വിയറ്റ്‌നാം, നേപ്പാൽ, മാലിദ്വീപ് തുടങ്ങി പല രാജ്യങ്ങൾക്കും അദ്ദേഹം കൺസൾട്ടൻസി സേവനം നല്കി. മുപ്പതുകൊല്ലം കൺസൾട്ടൻസി സേവനം നല്കിവന്ന അദേഹം ശ്രീഗിരി കൺസ്ൾട്ടന്റ്സിന്റെ പ്രിൻസിപ്പൽ കൺസൾട്ടന്റായിരുന്നു. ജർമ്മൻ കമ്പനിയായ ഹോച്‌ടീഫ് (HOCHTIEF) ഇൻഡ്യ, ഇൻഡോ-ഓസ്റ്റ്രേലിയൻ കമ്പനിയായ ജിപ്‌ക്രീറ്റ് (Gypcrete) ബിൽഡിങ് തുടങ്ങിയവയുടെ സാങ്കേതികോപദേഷ്ടാവും ആയിരുന്നു.
എസ്.ബി. ജോഷി ആൻഡ് പി.വി. രാജ് മെമ്മോറിയൽ അവാർഡ്, പാലം എൻജിനീയറിങ്ങിലെ മികവിനുള്ള എൽ&റ്റി മോസ്റ്റ് ഔട്ട്‌സ്റ്റാൻഡിങ് ബ്രിഡ്ജ് നാഷണൽ അവാർഡ്, രണ്ടുവട്ടം ഡിഎഎഡി ഫെലോഷിപ്, അഞ്ചുവർഷം നല്ല അദ്ധ്യാപകനുള്ള ജർമ്മനിയുടെ പുരസ്ക്കാരം ഒക്കെ നേടിയ അദ്ദേഹം ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രിഡ്ജ് എൻജിനീയേഴ്സ്, ഇൻഡ്യൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ പ്രൊഫഷണൽ ബോഡികളിൽ ആജീവനാന്താംഗം ആയിരുന്നു.
അദ്ദേഹത്തിന്റെ അവസാനത്തെ രൂപകല്പനയാണ് ഈ പാലം. രോഗബാധിതനായിരുന്ന അദ്ദേഹം ഈ രൂപകല്പന കഴിയവേ മരിക്കുകയായിരുന്നു. ഇത്രയും പ്രതിഭാധനനായ ഈ കേരളീയന്റെ മാനസസന്തതി പിറവികൊള്ളുമ്പോൾ അതിന് അദ്ദേഹത്തിന്റെ പേരു നല്കുന്നത് സർവ്വധാ ഉചിതമായിരിക്കും എന്നു തോന്നുന്നു. ഇക്കാര്യം അധികൃതർ പരിഗണിക്കണം.
നിർമ്മിച്ചത് ഊരാളുങ്കൽ സൊസൈറ്റി
അതിമനോഹരമായി ഈ വാസ്തുശില്പം വാർത്തെടുത്തത് സാധാരണ കൂലിപ്പണിക്കാരുടെ കൂട്ടായ്മയായ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ്. ലാഭത്തിനല്ലാതെ, തൊഴിലാളികൾക്കു തൊഴിൽ നല്കാൻ പ്രവർത്തിക്കുന്ന സ്ഥാപനം ആയതിനാൽ ഊരാളുങ്കൽ ഏതു നിർമ്മാണവും നാടിനുവേണ്ടിയാണെന്ന ബോദ്ധ്യത്തോടെ അങ്ങേയറ്റം മികവോടെയാണു നടത്താറ്.
ഉമ്മൻചാണ്ടിസർക്കാർ മന്ത്രിസഭാതീരുമാനപ്രകാരമാണ് 2016 മാർച്ചിൽ അവരെ പണി ഏല്പിക്കുന്നത്. ഗുണമേന്മയും സമയക്ലിപ്തതയും ഉറപ്പാക്കാൻ പണി ഊരാളുങ്കലിനെ ഏല്പിക്കണമെന്ന് ആവശ്യപ്പെട്ട് ആറാട്ടുപുഴ ഉൾപ്പെടുന്ന ഹരിപ്പാടു മണ്ഡലത്തിന്റെ എംഎൽഎ രമേശ് ചെന്നിത്തല സർക്കാരിനു കത്തും നല്കിയിരുന്നു. പിന്നാലെ വന്ന പിണറായി സർക്കാർ ഫണ്ടും അനുവദിച്ചു.
രാജ്യത്തെ ഏറ്റവും പ്രമുഖ സ്റ്റ്രക്‌ചറൽ എൻജിനീയർമാരിൽ ഒരാളായിരുന്ന ഡോ. പി.കെ. അരവിന്ദനാണ് പാലം രൂപകല്പന ചെയ്തത്. എങ്കിലും ഇത്രയും നീളൻ സ്പാനുള്ള നിർമ്മാണം ഇൻഡ്യയിൽത്തന്നെ ആദ്യം ആയതിനാൽ പ്ലാൻ ഐഐറ്റി മദ്രാസിൽ അയച്ച് പ്രൂഫ് ചെക്ക് ചെയ്തശേഷമാണ് പിഡബ്ല്യൂഡി കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റിക്കു നല്കിയത്. പ്രൊഫ. ദേവദാസ് മേനോനാണ് പ്രൂഫ് ചെക്ക് ചെയ്തത്.
ഡോ. അരവിന്ദന്റെ അവസാനനാളുകളിൽ അദ്ദേഹത്തെ ബന്ധപ്പെട്ടുകൊണ്ടിരുന്നതും പ്രൂഫ് ചെക്കിനു മുൻകൈ എടുത്തതുമൊക്കെ എൻജിനീയർകൂടിയായ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിയാണ്. അവർക്ക് അരവിന്ദനുമായി ചിരകാലബന്ധമുണ്ട്. കോഴിക്കോട് ജില്ലയിലെ ടൂറിസംപ്രധാനമായ തുഷാരഗിരി, കണ്ടപ്പൻചാൽ, മുക്കംകടവ് പാലങ്ങൾ സൊസൈറ്റി സ്വന്തം താത്പര്യത്തിൽ അദ്ദേഹത്തെക്കൊണ്ടു രൂപകല്പന ചെയ്യിച്ചതാണ്. ഇതിൽ രണ്ടെണ്ണം ആർച്ച് പാലങ്ങളും ഒന്ന് വൈ ആകൃതിയിൽ നടുവിൽ ജംഗ്‌ഷനുള്ളതുമാണ്.
നിർമ്മാണത്തിലെ വെല്ലുവിളികൾ
ഒരുവശത്ത് കടൽ ആയതിനാൽ കടലിലെ നിർമ്മാണത്തിന്റെ എല്ലാ ബുദ്ധിമുട്ടും നേരിട്ടാണു പാലം പണിതത്. ഭാവിയിൽ തുറമുഖം വരാനുള്ള സാദ്ധ്യത പരിഗണിച്ച്, രണ്ടു തൂണിനിടയിൽ നൂറുമീറ്റർ അകലവും ജലനിരപ്പിൽനിന്നു 12 മീറ്റർ ഉയരവും വേണമെന്ന ചട്ടം പാലിച്ച്, തുറമുഖവകുപ്പിന്റെ അംഗീകാരം നേടിയിരുന്നു.
ശക്തിയായ കടൽക്കാറ്റിനെ വെല്ലുവിളിച്ച് ആർച്ചടക്കമുള്ള 36 മീറ്റർ ഉയരത്തിലെ പണി ആപത്ക്കരം ആയിരുന്നു. എല്ലാ ആധുനിക സുരക്ഷാസംവിധാനങ്ങളും ഉറപ്പാക്കി. ഉയരത്തിൽ പണി ചെയ്ത വൈദഗ്ദ്ധ്യമുള്ളവരെ നിയോഗിച്ചു. അത്രയും ഉയരത്തിൽ എത്തേണ്ട ക്രെയിനുകൾ, ജലോപരിതലത്തിൽ പ്രവർത്തിക്കുന്ന ക്രെയിനുകൾ ഒക്കെ വേണ്ടിവന്നു.
കായലിൽ ഇരുവശത്തും ഹാർബർ ഉള്ളതിനാൽ കടലിൽനിന്നുള്ള യാനങ്ങൾക്കു വന്നുപോകാൻ ഒരു സ്പാൻ എങ്കിലും തുറന്നിട്ടുകൊണ്ടേ പണിയാനാകുമായിരുന്നുള്ളൂ. അതിനാൽ ഇരുവശത്തെയും സ്പാനുകളുടെ പണി പൂർണ്ണമായും തീർത്തിട്ടാണ് നടുവിലേതു പണിതത്. ഈ സമയമെല്ലാം ബോട്ടുകളുടെ ഗതാഗതം തിരിച്ചുവിടാൻ കടലിൽ സിഗ്നലുകളും ദിശമാറ്റൽ ബോർഡുകളുമെല്ലാം സ്ഥാപിച്ച് ഗതാഗതനിയന്ത്രണം നടപ്പാക്കിയത് വലിയ വെല്ലുവിളി ആയിരുന്നു. അതെല്ലാം ചെയ്തത് ഊരാളുങ്കൽ സൊസൈറ്റിയാണ്.
കോവിഡ് കാലത്തു രണ്ടരമാസത്തോളം പണികൾ നിർത്തിവച്ചപ്പോൾ പല കരാറുകാരും തൊഴിലാളികളെ നാട്ടിൽ പറഞ്ഞുവിട്ടപ്പോൾ ഊരാളുങ്കൽ സൊസൈറ്റി മുഴുവൻ തൊഴിലാളികളെയും സൈറ്റിൽത്തന്നെ താമസിപ്പിച്ചു പതിവുപോലെ വേതനവും ഭക്ഷണവും നല്കി സംരക്ഷിച്ചു. നിയന്ത്രണം നീക്കിയ ദിവസംതന്നെ അതിനാൽ പണി തുടങ്ങാൻ കഴിഞ്ഞു.
ഓഖി വന്നപ്പോൾ അന്നുണ്ടായിരുന്ന 160 തൊഴിലാളികളെയും കായംകുളത്ത് താമസസ്ഥലം ഒരുക്കി അവിടേക്കു മാറ്റി. നാട്ടുകാരെ മാറ്റിപ്പാർപ്പിക്കാൻ വണ്ടികളും മറ്റു സഹായങ്ങളുമെല്ലാം നല്കുകയും ചെയ്തു. പൊങ്ങിക്കിടക്കുന്ന ക്രെയിനടക്കം വെള്ളത്തിലെയും കരയിലെയും മുഴുവൻ യന്ത്രോപകരണങ്ങളും നിർമ്മാണസാമഗ്രികളും സുരക്ഷിതസ്ഥാനത്തേക്കു മാറ്റേണ്ടിവന്നു. ഇവയെല്ലാം തിരികെ കൊണ്ടുവന്നു പണി തുടങ്ങാനും ഏറെ ബുദ്ധിമുട്ടേട്ടി. ബാർജുകൾക്കടക്കം വലിയ നാശനഷ്ടമുണ്ടായി. പലവട്ടം അവയെല്ലാം അറ്റകുറ്റപ്പണി ചെയ്യേണ്ടിവന്നു.
2018-ലെയും 19-ലെയും പ്രളയങ്ങളിലും ഇതൊക്കെ വേണ്ടിവന്നു. പണി നിർത്തി എല്ലാവരെയും മാറ്റിപ്പാർപ്പിച്ചു. ഓഖി, ടൗട്ടെ, കടലിലെ ന്യൂനമർദ്ദങ്ങൾ ഒക്കെ ഉണ്ടായപ്പോഴും കാറ്റും മഴയും വരുമ്പോഴും റെഡ്, യെല്ലോ അലേർട്ടുകൾക്കുള്ള സാഹചര്യങ്ങളിലും വരെ പ്രശ്നങ്ങൾ ഉണ്ടാകും, പണി മുടങ്ങും. എന്നുവച്ച്, ഗുണമേന്മയിലെ നിഷ്ഠകാരണം മോശം കാലാവസ്ഥയിൽ നിർമ്മാണം നടത്താൻ സൊസൈറ്റി തയ്യാറായില്ല.
മഴ കാരണം ഒക്റ്റോബർ ആദ്യം മുതൽ മേയ് അവസാനംവരെയേ പണി നടക്കൂ. ഇക്കൊല്ലം ഡിസംബർ വരെയും ന്യൂനമർദ്ദങ്ങളും മഴയും പണി മുടക്കി. ഷിഫ്റ്റ് ഏർപ്പെടുത്തിയും അതിരാവിലെ പണി തുടങ്ങിയും അധികം തൊഴിലാളികളെ ഇറക്കിയും ഒക്കെയാണു സമയത്തു പണി തീർത്തത്.
കൂടാതെ, സാധാരണമഴക്കാലത്ത് വലിയഴീക്കൽ ഭാഗത്തെ റോഡിൽ കടൽ കയറും. മഴക്കാലങ്ങളിലും തുടർച്ചയായി മഴ ഉണ്ടാകുമ്പോഴൊക്കെയും റോഡിൽ ഒരുമീറ്റർവരെ ഉയരത്തിൽ മണൽ നിറയും. ഗതാഗതം മുടങ്ങും. നിർമ്മാണസാമഗ്രികളുമായി വരുന്ന വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയോ തിരിച്ചയയ്ക്കേണ്ടിവരികയോ ചെയ്യും. ഓരോതവണയും എസ്കവേറ്റർ വച്ച് മണ്ണു നീക്കേണ്ടിവന്നു. അടുത്തദിവസം വീണ്ടും മണ്ണു കയറും. ടൗട്ടെ ചുഴലിക്കാറ്റു വന്നപ്പോഴൊക്കെ ഇതു കൂടുതലായിരുന്നു. അതുകൊണ്ട്, ആ ഭാഗത്തെ റോഡ് ഡിസൈനിൽ ഉള്ളതിലും 80 സെന്റീമീറ്ററോളം ഉയർത്തേണ്ടിവന്നു.
ഓരോ ഘട്ടത്തിലും നിർമ്മാണത്തിന്റെയും സാമഗ്രികളുടെയും ഗുണമേന്മ ഉറപ്പാക്കാൻ സൈറ്റിൽ ക്വാളിറ്റി ചെക്കിനുള്ള സുസജ്ജമായ ലാബുതന്നെ സൊസൈറ്റി ഒരുക്കി! ഉപ്പുവെള്ളമുള്ള പ്രദേശമായതിനാൽ നിർമ്മാണത്തിന്റെ ഗുണം കുറയാതിരിക്കാൻ നല്ല വെള്ളത്തിനായി 500 അടിവീതം ആഴമുള്ള രണ്ടു കുഴൽക്കിണറും കുഴിച്ചു.
പണി കരാർ നല്കിയശേഷമായിരുന്നു സ്ഥലമെടുപ്പ്. സ്ഥലം പൂർണ്ണമായി കൈമാറിക്കിട്ടാൻ മൂന്നുവർഷത്തോളം എടുത്തു. അതിനാൽ അപ്രോച്ച് റോഡും പാലത്തിന്റെ തുടക്കഭാഗങ്ങളും ആദ്യം പണിയാൻ കഴിഞ്ഞില്ല. നടുവിലെ സ്പാനുകളും ബോസ്റ്റിങ്ങുമൊക്കെ നിർമ്മിക്കാൻ വേണ്ട സാധനങ്ങളും ആർച്ചുകൾ കാസ്റ്റ് ചെയ്യേണ്ട സ്കഫോൾഡിങ് അടക്കമുള്ള സപ്പോർട്ടിങ് സാമഗ്രികളുമെല്ലാം അതിലൂടെ എത്തിക്കാൻ കഴിയാത്ത സ്ഥിതിയായി. ആദ്യത്തെ ആസൂത്രണമെല്ലാം തെറ്റി. എല്ലാം വെള്ളത്തിലൂടെ കൊണ്ടുവന്ന് ലിഫ്റ്റും ക്രെയിനുമൊക്കെ വച്ചു 16 മീറ്റർ ഉയരത്തിലേക്കു പൊക്കി പാലത്തിലേക്കു കൊണ്ടുവരേണ്ടിവന്നു. ഇതും പണി വൈകാനും ഇടയാക്കി. കടൽ കയറുമ്പോൾ വലിയഴീക്കൽ ജങ്‌ഷനടുത്തു വെള്ളം കെട്ടുന്നതൊക്കെ മണ്ണിട്ടുയർത്തിയതടക്കം നാട്ടുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റി ശ്രദ്ധിച്ചിട്ടുണ്ട്.
ഇതെല്ലാം നിർമ്മാണച്ചെലവ് ഗണ്യമായി കൂടാൻ ഇടയാക്കി. എസ്റ്റിമേറ്റ് തയ്യാറാക്കിയ 2014-ലെ ഡെയ്‌ലി ഷെഡ്യൂൾ റേറ്റാണ് 2021 വരെയും നല്കിയത് എന്നതും നഷ്ടമുണ്ടാക്കി.
പണി പൂർത്തിയാക്കാൻ ആദ്യം നിശ്ചയിച്ചിരുന്ന മൂന്നുകൊല്ലം കഴിഞ്ഞാണ് സ്ഥലമെടുപ്പും പ്രധാനപ്ലാൻ അംഗീകരിക്കലും നടന്നത് എന്നതിനാൽ നിർമ്മാണകാലം 2021 ഡിസംബറായി പുനർനിർണ്ണയിക്കേണ്ടിവന്നു. തീരനിയന്ത്രണനിയമപ്രകാരമുള്ള അനുമതിയും നേടിയത് പണി തുടങ്ങിക്കഴിഞ്ഞാണ്. എല്ലാ പ്രതികൂലസാഹചര്യങ്ങളും ഉണ്ടായിട്ടും സമയപരിധിക്കു മുമ്പുതന്നെ നിർമ്മാണം പൂർത്തിയാക്കാൻ ഊരാളുങ്കൽ സൊസൈറ്റിക്കു കഴിഞ്ഞു.
ടൂറിസം പ്രാധാന്യം
ആലപ്പുഴജില്ലയുടെ തെക്കേയറ്റത്തെ കടലോരഗ്രാമമായ ആറാട്ടുപുഴയും കൊല്ലം ജില്ലയുടെ വടക്കേയറ്റത്തെ തീരഗ്രാമമായ ആലപ്പാടും സ്വതവേ പ്രകൃതിസുന്ദരമാണ്. ആ ചുറ്റുവട്ടത്തൊക്കെ ഉള്ളവർ പോയി കാഴ്ചകാണുകയും കാറ്റുകൊള്ളുകയും ചെയ്യാറുള്ള ബീച്ചുകൾ ഇരുവശത്തുമുണ്ട്.
കേരളത്തിൽ ആദ്യത്തെ പഞ്ചഭുജരൂപത്തിലുള്ള ലൈറ്റ് ഹൗസ് വലിയഴീക്കലിലാണ്. ഈ പുതിയ ലൈറ്റ് ഹൗസിനു പുതിയ നിറക്കൂട്ടാണുള്ളത്. പാലത്തോടു ചേർന്ന കാറ്റാടിമരക്കാടും തൊട്ടടുത്ത ആയിരംതെങ്ങിലെ കണ്ടൽപ്പാർക്കും സംസ്ഥാനസർക്കാരിന്റെ ഫിഷ് ഫാമും അഴീക്കലെയും വലിയഴീക്കലെയും ഫിഷിങ് ഹാർബറുകളും ഒക്കെ വിനോദയാത്രികരെ ആകർഷിക്കുന്നവയാണ്.
കായംകുളം കായലിന്റെ വടക്കൻഭാഗം ആറാട്ടുപുഴ പഞ്ചായത്തിനെ രണ്ടായി പകുത്താണു കിടക്കുന്നത്. കടലിനും കായലിനും ഇടയിൽ നേർത്ത കരയും. പാലത്തിന്റെ തെക്കുഭാഗത്തുള്ള കായലും മനോഹരമാണ്. ചീനവലകളും നല്ല കാഴ്ചയാണ്. അഴീക്കലും വലിയഴീക്കലും ബീച്ചുണ്ട്.
കൊല്ലം – ആലപ്പുഴ ബോട്ട് സർവ്വീസും ഇപ്പോൾ വിനോദവഞ്ചികളും കടന്നുപോകുന്ന ദേശീയജലപാതകൂടിയാണ് ഇവിടം. മീൻപിടിത്തവും കയർപിരിയുമൊക്കെയായി ബന്ധപ്പെടുത്തി ഉത്തരവാദിത്വടൂറിസത്തിനും സാദ്ധ്യതയുണ്ട്. പുറത്തുനിന്ന് ആളുകൾ എത്തുന്ന അമൃതാനന്ദമയീമഠവും അമൃത ഡീംഡ് റ്റുബി യൂണിവേഴ്സിറ്റിയുമൊക്കെ സമീപസ്ഥമായ വള്ളിക്കാവിൽ ഉണ്ട്. കായംകുളം കായലിൽ സമീപകാലത്തു തുടങ്ങിയ വള്ളംകളിയും അവിടെയുള്ള മത്സ്യകന്യകയുടെ ശില്പവുമായൊക്കെ ടൂറിസം വികസനത്തിനു സഹായകമാണ്.