വാഹനാപകടത്തിൽ മരണപ്പെട്ട അധ്യാപകന് യാത്രാമൊഴിയേകി വിദ്യാർത്ഥികൾ

Advertisement

ശാസ്താംകോട്ട : വാഹനാപകടത്തിൽ മരണപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകന് യാത്രാമൊഴിയേകി വിദ്യാർത്ഥികൾ.ഭരണിക്കാവ് ജെ.എം ഹൈസ്കൂൾ അധ്യാപകൻ മുതുപിലാക്കാട് ഊക്കൻമുക്ക്
മെഴുവേലിൽ പുത്തൻ വീട്ടിൽ ഷിബു. കെ.ഉമ്മൻ(50) ആണ് വിദ്യാർത്ഥികളും സഹപ്രവർത്തകരും നാട്ടുകാരും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി ചൊല്ലിയത്.

ഇന്നലെ രാവിലെ അടൂർ ജനറൽ ആശുപത്രിയിൽ നിന്നും വിലാപയാത്രയായി ഭരണിക്കാവ് സ്കൂളിലെത്തിച്ച മൃതദേഹം ഒരു മണിക്കൂറോളം പൊതുദർശനത്തിനു വച്ചു.ഇവിടെ വിദ്യാർത്ഥികളും നാട്ടുകാരും സഹപ്രവർത്തകരും രക്ഷിതാക്കളുമെല്ലാം അന്ത്യാജ്ഞലി അർപ്പിച്ചു.

തങ്ങളുടെ പ്രിയപ്പെട്ട ഗുരുനാഥന്റെ വേർപാടിൽ വിദ്യാർത്ഥികൾ വിങ്ങിപ്പൊട്ടി.പിന്നീട് മുതുപിലാക്കാട്ടെ വീട്ടിലെത്തിച്ച് ഇവിടെയും പൊതുദർശനത്തിന് വച്ചു.നൂറുകണക്കിനാളുകളാണ് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്.പാലക്കാട് നെല്ലിയാമ്പതി എംഇ എൽ.പി സ്കൂൾ അധ്യാപികയായ ഭാര്യ ലീനയെയും മക്കളായ നോയൽ,നിയ എന്നിവരെയും ആശ്വസിപ്പിക്കാൻ ബന്ധുക്കൾ ഏറെ പാടുപെട്ടു.വീട്ടിലെ ശുശ്രൂക്ഷകൾക്കു ശേഷം പടിഞ്ഞാറെ കല്ലട സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ(കല്ലട വലിയപള്ളി) മൃതദേഹം സംസ്ക്കരിച്ചു.സഹപ്രവർത്തകന്റെ ഭാര്യാ മാതാവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പത്തനംതിട്ട തുമ്പമണിലേക്ക്
പോകവേ ചൊവ്വാഴ്ച വൈകിട്ട് 6 ഓടെ അടൂരിന് സമീപം തട്ട പെട്രോൾ പമ്പിന് സമീപം വച്ചുണ്ടായ വാഹനാപകടത്തിലാണ് ഷിബു മരിച്ചത്.ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറിൽ ബൈക്ക് ഇടിച്ചതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി. ബസിനടിയിലേക്ക് തെറിച്ച് വീഴുകയും ബസ്സിന്റെ ചക്രം തലയിലൂടെ കയറിയിറങ്ങി മരണം സംഭവിക്കുകയുമായിരുന്നു.



.