ഗാനമേളയ്ക്കിടയിലെ സംഘര്‍ഷം – ഉത്സവപറമ്പില്‍ പോലീസിനെ ആക്രമിച്ച മൂന്ന് പേര്‍ കൂടി പിടിയിലായി
ഓച്ചിറ.ഉത്സവപറമ്പില്‍ പോലീസിനെ ആക്രമിച്ച സംഘത്തിലെ പ്രധാനിയടക്കം മൂന്ന് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പളളി ആലപ്പാട് ശ്രായിക്കാട് പുതുവല്‍ പുരയിടത്തില്‍ ഷാന്‍ (36), ആലപ്പാട് അഴീക്കല്‍ സ്വദേശികളായ കൊച്ച്തോട്ടത്തില്‍ വീട്ടില്‍ വിഷ്ണു(36), പണ്ടകശാലയില്‍ അച്ചു (25) എന്നിവരാണ് പോലീസ് പിടിയിലായത്.
ക്ഷേത്ര ഉത്സവുമായി ബന്ധപ്പെട്ട് ഗാനമേള മുന്‍നിശ്ചയ പ്രകാരം രാത്രി 11.30 മണിക്ക് അവസാനിപ്പിച്ച് കര്‍ട്ടന്‍ ഇടുകയായിരുന്നു. ഗാനമേള സദസിലുണ്ടായിരുന്ന ഒരു വിഭാഗം ക്ഷേത്ര ഉത്സവകമ്മറ്റിയുടെ തീരുമാനം ചോദ്യം ചെയ്യുകയും ഗാനമേള സംഘത്തിനോട് വാക്കേറ്റത്തില്‍ ഏര്‍പ്പെട്ട് വീണ്ടും ഒരു മണി വരെ ഗാനമേള തുടരാന്‍ നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെട്ടു.
ക്ഷേത്രഭാരവാഹികളുടെ പരാതിയില്‍ ക്രമസമാധാന പാലനത്തിനായി സ്ഥലത്തുണ്ടായിരുന്ന ഓച്ചിറ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുളള പോലീസ് സംഘം ഗാനമേള സംഘത്തിന്‍റെ രക്ഷയ്ക്ക് എത്തുകയായിരുന്നു. ഇതില്‍ കുപിതരായ ഷാനിന്‍റെ നേതൃത്വത്തിലുളള സംഘം പോലീസിനെ ആക്രമിക്കുകയും കല്ലെറിയുകയും ചെയ്തു. സംഭവത്തില്‍ പരിക്കേറ്റ ഓച്ചിറ പോലീസ് സ്റ്റേഷന്‍ സി.പി.ഒ ശിവപ്രസാദിനെ കരുനാഗപ്പളളി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസുദ്ദ്യോഗസ്ഥരെ ആക്രമിച്ച് ഡ്യൂട്ടി തടസം ചെയ്തതിന് ഓച്ചിറ ഇന്‍സ്പെക്ടര്‍ പി.വിനോദിന്‍റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്യ്ത കേസിലാണ് അറസ്റ്റ്. അക്രമത്തിലുള്‍പ്പെട്ട നാല് പേരെ സംഭവ ദിവസം തന്നെ പോലീസ് പിടികൂടിയിരുന്നു.
ഓച്ചിറ ഇന്‍സ്പെക്ടര്‍ പി.വിനോദിന്‍റെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ നിയാസ്, സതീഷ്കുമാര്‍, ദിലീപ്, എ.എസ്.ഐ മാരായ സന്തോഷ്, വേണുഗോപാല്‍, സി.പി.ഒ മാരായ കനീഷ്, രഞ്ജിത്ത് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്‍റ് ചെയ്തു.
ഇടയ്ക്കാട് യു.പി സ്കൂളിൽ ഹൈടെക് കെട്ടിടം ഉദ്ഘാടനം ചെയ്തു
ശാസ്താംകോട്ട : കുന്നത്തൂർ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 38.5 ലക്ഷം രൂപ ഉപയോഗിച്ച് ഇടയ്ക്കാട് യു.പി സ്കൂളിൽ നിർമ്മിച്ച ഹൈടെക് കെട്ടിടത്തിന്റെ ഉദ്ഘാടനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു.കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ അൻസർ ഷാഫി,ബിനു മംഗലത്ത്,ജില്ലാ പഞ്ചായത്തംഗം ശ്യാമളയമ്മ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീറ ബീവി,ഷീജ.എസ്, രാജേഷ് വരവിള,നമ്പൂരേത്ത് തുളസീധരൻ പിള്ള,പ്രസന്ന,അരുൺ ഉത്തമൻ,ശാന്ത.കെ, പ്രദീപ്, സ്മിത,എഇഒ സുജാ കുമാരി,എഡ്ഗർ സഖറിയാസ് എന്നിവർ സംസാരിച്ചു.
സംസ്ഥാന ബജറ്റിൽ കുന്നത്തൂരിന് 283.5 കോടി രൂപ;പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്ന് ആക്ഷേപം
ശാസ്താംകോട്ട : വെള്ളിയാഴ്ച ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ പ്രഖ്യാപിച്ച സംസ്ഥാന ബഡ്ജറ്റിൽ കുന്നത്തൂർ നിയമസഭാ മണ്ഡലത്തിന് 283.5 കോടിയുടെ പദ്ധതി പ്രഖ്യാപനം ഉണ്ടായതായി കോവൂർ കുഞ്ഞുമോൻ എംഎൽഎ അറിയിച്ചു.റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണം,കല്ലടയാർ സംരക്ഷണം, ടൂറിസം വികസനം തുടങ്ങിയ പദ്ധതികൾക്കാണ് ബഡ്ജറ്റിൽ തുക അനുവദിച്ചിരിക്കുന്നത്.
ഗവ.എഞ്ചിനീയറിംഗ് കോളേജിന് 5 കോടി,കാലിത്തീറ്റ ഫാക്ടറിക്ക് 7 കോടി,പടിഞ്ഞാറെ കല്ലടയിലെ സോളാർ പദ്ധതിക്ക് 7 കോടി,താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ 5 കോടി, ബി.ആർ.സിക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ ഒരു കോടി,പഴം, പച്ചക്കറി ശീതീകരണ – സംസ്ക്കരണ യൂണിറ്റിന് 4 കോടി,ഫയർ സ്റ്റേഷൻ കെട്ടിട നിർമ്മാണത്തിന് 5 കോടി, മൺട്രോതുരുത്ത് പരിസ്ഥിതി സൗഹാർദ്ദ ഭവന നിർമ്മാണത്തിന് 2 കോടി,ശാസ്താംകോട്ട കായൽ ശുചീകരത്തിന് ഒരു കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.എന്നാൽ പല പദ്ധതികളും മുൻ ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ചതാണന്ന് വ്യാപകമായ
ആക്ഷേപം ഉയർന്നിട്ടുണ്ട്.പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്ന പരിഹാസമാണ് ഉയർന്നിട്ടുള്ളത്.മാത്രവുമല്ല കഴിഞ്ഞ ബജറ്റിലടക്കം പ്രഖ്യപിച്ച പദ്ധതികളിൽ മിക്കവയും കടലാസിൽ തന്നെയാണ്.കുന്നത്തൂർ നിയോജക മണ്ഡലത്തിലെ മിക്ക പഞ്ചായത്തുകൾക്കും ബജറ്റിൽ നിരാശ മാത്രമാണുള്ളത്.
പണിമുടക്ക് നോട്ടീസ് നൽകി
ശാസ്താംകോട്ട : മാർച്ച് 28,29 തീയതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് അധ്യാപകരും ജീവനക്കാരും പണിമുടക്ക് നോട്ടീസ് നൽകി.ആക്ഷൻ കൗൺസിലിന്റേയും സമരസമിതിയുടേയും നേതൃത്വത്തിൽ ശാസ്താംകോട്ട ജംഗ്ഷനിൽ നിന്നും പ്രകടനമായി എത്തിയാണ് കുന്നത്തൂർ തഹസീൽദാർക്ക് നോട്ടീസ് നൽകിയത്. ഇതിനു മുന്നോടിയായി താലൂക്ക് ഓഫീസ് അങ്കണത്തിൽ നടന്ന യോഗം എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ അജു ഉദ്ഘാടനം ചെയ്തു.
സമരസമിതി നേതാവ് ഡോ.ജയകുമാർ, സന്തോഷ് കുമാർ,ഗിരീഷ് കുമാർ,മനു.വി.കുറുപ്പ്,വി.പ്രേം,ആർ.എസ് അനീഷ്, സജീവ് കുമാർ എന്നിവർ സംസാരിച്ചു.പ്രകടനത്തിന് രതീഷ് കുമാർ,രതീഷ് സംഗമം,സന്തോഷ്, രഘുനാഥൻ പിള്ള, അനിൽ എന്നിവർ നേതൃത്വം നൽകി.
വർത്തമാനകാല വിദ്യാഭ്യാസ ആവശ്യങ്ങൾ നേരിടാൻ ബജറ്റ് പര്യാപ്തമല്ല – എൻ ടി യു
കൊല്ലം.വർത്തമാനകാലത്തെ വിദ്യാഭ്യാസാവശ്യങ്ങൾ നേരിടാൻ പര്യാപ്തമല്ല ധനമന്ത്രി അവതരിപ്പിച്ച സംസ്ഥാന ബജറ്റ് എന്ന് ദേശിയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് പി എസ് ഗോപകുമാർ പറഞ്ഞു.
റവന്യൂ വരുമാനത്തിൻ്റെ രണ്ട് ശതമാനത്തിൽ താഴെ മാത്രമാണ് വിദ്യാഭ്യാസത്തിന് നീക്കിവെച്ചിരിക്കുന്നത്.
ഇതിൽ തന്നെ 831 കോടി രൂപ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പ്രതീക്ഷിതവിഹിതവും.
സ്കൂൾ വിദ്യാഭ്യാസ മേഖലയ്ക്ക് സംസ്ഥാന ബജറ്റ് വിഹിതം കേവലം ഒന്നേകാൽ ശതമാനത്തിനടുത്ത് മാത്രമാണെന്നതും മുൻ വർഷത്തേതിൽ നിന്നുള്ള വർദ്ധന 70 കോടിയുടെ മാത്രമാണെന്നതും വിദ്യാഭ്യാസ മേഖലയോടുള്ള സംസ്ഥാന സർക്കാരിൻ്റെ താൽപര്യക്കുറവാണ് വ്യക്തമാക്കുന്നത്.
കേന്ദ്ര സർക്കാർ അംഗീകരിച്ച ദേശീയ വിദ്യാഭ്യാസ നയം, ജി ഡി പി യുടെ 6% വിദ്യാഭ്യാസ നിക്ഷേപം ഉറപ്പുനൽകുമ്പോഴാണിത്.
അടിസ്ഥാന സൗകര്യ വികസനത്തിനും ഡിജിറ്റലൈസേഷനും കൂടുതൽ തുക വക കൊള്ളിക്കാതിരുന്നത് നിരാശപ്പെടുത്തി.
പങ്കാളിത്ത പെൻഷൻ, കുടിശിക ക്ഷാമബത്ത എന്നിവയിലും ബജറ്റ് നിരാശപ്പെടുത്തി എന്നും ഗോപകുമാര്‍ പറഞ്ഞു.
പോലീസുകാരെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ
കുണ്ടറ .കുണ്ടറ പോലീസ് സ്റ്റേഷൻ എ.എസ്.ഐ. സതീശൻ സി.പി.ഒ. റിജു എന്നിവരെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ പേരയം പടപ്പക്കര ചേരിയിൽ പ്രതിഭാ ഭവനിൽ വിപ്പി എന്ന് വിളിക്കുന്ന ചാൾസ് (48) മൂന്നാം പ്രതി, ചാൾസിന്റെ മകൻ അബിൻ ചാൾസ് (23) എന്നിവരെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഫെബ്രുവരി ഒമ്പതാം തീയതി ആണ് കേസിനാസ്പദമായ സംഭവം. കുണ്ടറ പോലീസ് സ്റ്റേഷനിലെ വധശ്രമ കേസിലെ പ്രതിയായ അബിൻ ചാൾസിനെ പടപ്പക്കരയിലുള്ള അബിന്റെ വീടിന് മുന്നിൽ നിന്നും കുണ്ടറ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരായ സതീശനും റിജുവും ചേർന്ന് അറസ്റ്റ് ചെയ്ത സമയം അബിന്റെ അച്ഛനായ ചാർളിയും അമ്മയായ പ്രതിഭയും പ്രതിയോടൊപ്പം ചേർന്ന് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും പ്രതി രക്ഷപ്പെടുകയും ചെയ്തു. ഈ സംഭവത്തിൽ കുണ്ടറ പോലീസ് ചാൾസിനും പ്രതിഭയ്ക്കും അബിനും എതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു.
സംഭവത്തിനു ശേഷം പ്രതികൾ ഒളിവിൽ പോയി. തുടർന്ന് കേസ്സിലെ രണ്ടാം പ്രതി പ്രതിഭയ്ക്ക് ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു. ഒന്നും മൂന്നും പ്രതികളായ ചാൾസും അബിനും കേരളത്തിലെ മറ്റ് ജില്ലകളിലും അയൽ സംസ്ഥാനങ്ങളിലും ആയി ഒളിവിൽ കഴിഞ്ഞ് വരവേ കൊല്ലത്തിനു സമീപം കാവനാട് നിന്നും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കുണ്ടറ പോലീസ് സബ് ഇൻസ്പെക്ടർ ബാബു കുറുപ്പ്, എ.എസ്.ഐ. സതീഷ്, സി.പി.ഒ. റിജു, അരുൺ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പെൺകുട്ടിയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ
എഴുകോൺ – സ്ക്കൂളിൽ നിന്നും വീട്ടിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ ഇടവട്ടം, പൊരിക്കൽ ജംഗ്ഷനിൽ വച്ച് തടഞ്ഞു നിർത്തി അസഭ്യം പറയുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതി പൊരീക്കൽ
ആലുംമുക്ക്, ചരുവിള പുത്തൻ വീട്ടിൽ കൊച്ച് അമൽ എന്ന് വിളിക്കുന്ന അമലിനെ(24)എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതി നിരവധി കഞ്ചാവ്, അടിപിടി കേസുകളിൽ പ്രതിയാണ്. എഴുകോൺ ഐ.എസ്.എച്ച് .ഒ. ശിവപ്രകാശ്, എസ്. ഐ. അനീസ്, എ.എസ്ഐ അലക്സ്, എസ്സ്.സി.പി.ഒ. പ്രദീപ് കുമാർ, ഗിരീഷ് കുമാർ, വിനയൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
“പരിരക്ഷ ” മുന്നൊരുക്ക ക്ലാസുമായി ശാസ്താംകോട്ട ജൂനിയർ ചേമ്പർ
ശൂരനാട് . ശാസ്താംകോട്ട ജൂനിയർ ചേമ്പർ ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ പരീക്ഷ മുന്നൊരുക്ക ക്ലാസ് സംഘടിപ്പിച്ചു.പൊതുപരീക്ഷകളെ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിരക്ഷ എന്ന പേരിൽ ശൂരനാട് ഇന്റർ നാഷണൽ ഗവ ഹയർസെക്കണ്ടറി സ്കൂളിൽ പരിപാടി സംഘടിപ്പിച്ചത്.
പി റ്റി ഏ പ്രസിഡന്റ് എസ്. ഹാരിസ് അധ്യക്ഷനായ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് വത്സലകുമാരി സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ എസ് സൗമ്യ, ശാസ്താംകോട്ട ജൂനിയർ ചേമ്പർ പ്രസിഡന്റ് എൽ. സുഗതൻ, ഫൗണ്ടേഷൻ കൊണ്ട്രിബൂഷൻ ചെയർമാൻ ആർ കൃഷ്ണകുമാർ സോൺ കോർഡിനേറ്റർ എം സി മധു എന്നിവർ ആശംസകൾ പറഞ്ഞു. സോൺ ട്രെയിനർ ഏസ്വിൻ അഗസ്റ്റിൻ ക്ലാസ് നയിച്ചു. ഗോപാലകൃഷ്ണൻ നന്ദി പറഞ്ഞു.
ഉത്സവം നടത്തുന്നതിലെ തര്‍ക്കം – ഭരണസമിതി പ്രസിഡന്‍റിനെ ആക്രമിച്ച യുവാവ് അറസ്റ്റില്‍
മങ്ങാട് . ക്ഷേത്രത്തില്‍ ഉത്സവവുമായി ബന്ധപ്പെട്ട് സമൂഹ സദ്യ നടത്താത്ത വിരോധത്തില്‍ ക്ഷേത്ര ഭരണ സമിതി പ്രസിഡന്‍റിനെ ആക്രമിച്ച യുവാവിനെ പോലീസ് പിടിയിലായി. മങ്ങാട് ചാത്തിനാംകുളം കുരുന്നാമണി ക്ഷേത്രത്തിന് സമീപം മംഗലത്ത് വീട്ടില്‍ ശിവപ്രസാദ് (43) ആണ് പോലീസ് പിടിയിലായത്.
കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ഇയാള്‍ കുരുനാമണി ക്ഷേത്ര സമിതി പ്രസിഡന്‍റ് തമ്പിയുടെ ചായക്കടയില്‍ കയറി കല്ല് കൊണ്ട് തമ്പിയുടെ തലയ്ക്കിടിച്ച് പരിക്കേല്‍പ്പിക്കുകയും ചായക്കട കത്തിച്ച് കളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ക്ഷേത്രത്തില്‍ ഉത്സവകമ്മിറ്റിയുടെ നേതൃത്വത്തില്‍ സമൂഹ സദ്യ നടത്തണമെന്ന ഇയാളുടെ ആവശ്യം ഭരണസമിതി നിരാകരിച്ചതിന്‍റെ വിരോധത്തിലാണ് ഇയാള്‍ തമ്പി നടത്തുന്ന ചായക്കടയില്‍ ആക്രമം നടത്തിയത്.
തുടര്‍ന്ന് ശിവപ്രസാദിനെ കുരുനാമണി ക്ഷേത്രത്തിന് സമീപം നിന്നും പോലീസ് പിടികൂടുകയായിരുന്നു. കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ വിനോദ്.കെയുടെ നേതൃത്വത്തില്‍, എസ്സ്.ഐ മാരായ അനീഷ് എ.പി, സ്വാതി, എ.എസ്.ഐ സുനില്‍, മധു സി.പി.ഓ മാരായ സുധീര്‍, ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.