ഓച്ചിറയില്‍ പുരയിടം കിളച്ചപ്പോള്‍ പൊങ്ങിവന്നത് സ്വര്‍ണാഭരണങ്ങളും പണവും

Advertisement

ഓച്ചിറ: മോഷ്ടാക്കളെ ഭയന്നു വയോധിക കാണിച്ച ബുദ്ധി അതിബുദ്ധിയായി. കുഴിച്ചിട്ട സ്വര്‍ണവും പണവും പുരയിടം ഉഴുതു കണ്ടെടുത്തു. ബന്ധുവീട്ടില്‍ പോയപ്പോള്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ആരുമറിയാതെ പുരയിടത്തില്‍ കുഴിച്ചിട്ട 20 പവന്‍ സ്വര്‍ണവും 15,000 രൂപയുമാണ് പൊലീസെത്തി കണ്ടെടുത്തത്. ചങ്ങന്‍കുളങ്ങര കൊയ്പ്പള്ളി മഠത്തില്‍ അജിതകുമാരി(65)യാണ് കള്ളന്മാരെ പേടിച്ച് സ്വര്‍ണം പറമ്പില്‍ കുഴിച്ചിട്ടത്
ഭര്‍ത്താവിനൊപ്പം ബന്ധുവീട്ടിലേക്ക് പോയപ്പോഴാണ് സ്വര്‍ണവും പണവും കുഴിച്ചിട്ടത്. തിരികെയെത്തിയപ്പോള്‍ കോവിഡ് ബാധിച്ചതിനാല്‍ സ്വര്‍ണം എടുക്കാനായില്ല. പിന്നീട് കുഴിച്ചിട്ട കൃത്യമായ സ്ഥലം മറന്നു പോയി.പലയിടത്തും മാന്തി നോക്കിയിട്ടും കിട്ടിയില്ല. ഇതോടെ സ്വര്‍ണം കള്ളന്മാര്‍ മാന്തി എടുത്തോ എന്ന സംശയവുമുണ്ടായി.

ഇതേത്തുടര്‍ന്നാണ് സ്വര്‍ണം മോഷണം പോയെന്ന് പരാതി നല്‍കിയത്. ഓച്ചിറ പൊലീസ് അന്വേഷണത്തിനിടെ കുഴിച്ചിട്ട കഥ പുറത്തുവന്നു. വീട്ടമ്മയുടെ ഓര്‍മ്മപ്പിശകാണോ എന്ന സംശയമുണ്ടായെങ്കിലും പുരയിടം മുഴുവന്‍കുഴിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്നാണ് പുരയിടത്തില്‍ നിന്നു സ്വര്‍ണവും പണവും കണ്ടെത്തിയത്.

Advertisement