കൊല്ലം പ്രാദേശിക ജാലകം

Advertisement

യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റി

എഴുകോൺ .യുവാവിനു നേരെ രാത്രി വധശ്രമം. പവിത്രേശ്വരം ഇടവട്ടം ഉടയൻകാവ് ക്ഷേത്രത്തിനു സമീപം മാമ്പുഴ വീട്ടിൽ അരുണിനെ(32)യാണ് എട്ടംഗ സംഘം ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത് ,സംഘത്തിലെ ഏഴുപേര്‍ പിടിയില്‍.

പുലർച്ചെ ഒരുമണിയോടെ ഇടവട്ടം ഉടയൻകാവ് അമ്പലത്തിന് സമീപം വച്ചാണ് സംഭവം . ഇന്ന് പുലർച്ചെ ഒരു മണിയോടുകൂടി അരുൺ ഒറ്റയ്ക്ക് മോട്ടോർസൈക്കിളിൽ സഞ്ചരിച്ച് ഇടവട്ടം മഹാദേവക്ഷേത്രത്തിനു സമീപം എത്തിയ സമയം പ്രതികൾ സംഘടിച്ച് വന്ന് അരുണിന്റെ മോട്ടോർസൈക്കിൾ തടയുകയും ക്രിക്കറ്റ് ബാറ്റും കമ്പുകളും ഉപയോഗിച്ച് അരുണിനെ മാരകമായ രീതിയിൽ മർദ്ദിക്കുകയുമായിരുന്നു.മർദ്ദനത്തിൽ അരുണിന്റെ മുഖത്ത് മുറിവുകളും പല്ലിന് പൊട്ടലും ശരീരമാസകലം ചതവുകളും സംഭവിച്ചു. അരുൺ ഇപ്പോൾ ചികിത്സയിലാണ്.

കേസിലെ ഒന്നാം പ്രതിയായ സജിത്ത് സംഭവത്തിനുശേഷം ഒളിവിൽ ആണ്. രണ്ടാംപ്രതി പവിത്രേശ്വരം ഇടവട്ടം മുറിയിൽ കാരുവേലിൽ ലക്ഷം വീട് കോളനിയിൽ അപ്പു എന്ന് വിളിക്കുന്ന രതീഷ് (25) മൂന്നാംപ്രതി കാരുവേലിൽ വലിയഴികത്ത് പുത്തൻവീട്ടിൽ സുജിത്ത് ദേവ് (28) നാലാം പ്രതി കാരുവേലിൽ കരിക്കത്തിൽ വീട്ടിൽ വൈശാഖ് (25) അഞ്ചാംപ്രതി കാരുവേലിൽ പഴവിള പടിഞ്ഞാറ്റേതിൽ വീട്ടിൽ ആകാശ് (22) ആറാം പ്രതി കാരുവേലിൽ പ്രതീഷ് ഭവനിൽ പ്രതീഷ് (25) ഏഴാം പ്രതി കാരുവേലിൽ പഴവിള പടിഞ്ഞാറ്റയിൽ അനന്തു (25) എട്ടാം പ്രതി കാരുവേലിൽ സു​ഗതമ്മ വിലാസം വീട്ടിൽ അരുൺ (28) എന്നിവരെ എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തു.

ഒന്നാം പ്രതി സജിത്ത് മുമ്പും എഴുകോൺ സ്റ്റേഷനിലെ കേസിൽ പ്രതി ആയിട്ടുണ്ട്. എഴുകോൺ ഐ.എസ്.എച്ച്.ഒ. ശിവപ്രകാശ്, എസ്. ഐ. അനീഷ്, ഉണ്ണികൃഷ്ണപിള്ള, സി.പി.ഒ. ബിനിൽ മോഹൻ, ശ്യാം കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പരിമിതികളിൽ വീർപ്പുമുട്ടി കമ്പലടി ആയൂർവേദ ആശുപത്രി

ശാസ്താംകോട്ട : അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം പോരുവഴി കമ്പലടി ഗവ.ആയൂർവേദ ആശുപത്രിയിലെത്തുന്ന രോഗികൾ വലയുന്നു.ദിവസവും ഇരുനൂറിലധികം രോഗികൾ ഇവിടെ ചികിത്സയ്ക്കായി എത്താറുണ്ട്.1987 ൽ പ്രവർത്തനം ആരംഭിച്ച ആശുപത്രിയിൽ 10 കിടക്കകളാണ് ഉള്ളത് എന്നാൽ താലൂക്കിലെ തന്നെഏറ്റവും വലിയ ആയൂർവേദാശുപത്രിയായ ഇവിടെ രോഗികൾക്ക് വിശ്രമിക്കാനുള്ള സൗകര്യം പോലും അപര്യാപ്തമാണ്. വർഷങ്ങൾക്കു മുമ്പ് പുതിയ കെട്ടിടം നിർമ്മിച്ചെങ്കിലും പഴയ കെട്ടിടത്തിൽ തന്നെയാണ് ഇപ്പോഴും ആശുപത്രിയുടെ പ്രവർത്തനം.വൈദ്യുതിയും കുടിവെള്ളവും സുലഭമല്ല. അടച്ചുറപ്പില്ലാത്ത പാചകപ്പുരയും വനിതാ വാർഡുമാണുള്ളത്.

ആശുപത്രിയിലെ സ്ഥലപരിമിതി ജീവനക്കാർക്കും ബുദ്ധിമുട്ടായിട്ടുണ്ട്.വസ്ത്രം മാറുന്നതിനും മറ്റും ഇവരും വലയുകയാണ്.ആകെയുള്ള ഒരു ശുചിമുറിയാണ് രോഗികളും ജീവനക്കാരും ഉപയോഗിക്കുന്നത്.കിടത്തി ചികിത്സ ആവശ്യമുള്ളവർക്ക് അതിനുള്ള സൗകര്യം കുറവായതിനാൽ ദിവസവും പോയി വരികയാണ്.ഗതാഗത സൗകര്യം കുറവായ കമ്പലടിയിലേക്ക് ചക്കുവള്ളി,ശാസ്താംനട ഭാഗങ്ങളിൽ നിന്നും ഓട്ടോറിക്ഷ പിടിച്ചേ എത്താൻ കഴിയു .ഇതിനാൽ പാവപ്പെട്ട രോഗികൾ സൗജന്യമായി മരുന്ന് വാങ്ങാനെത്തുമ്പോൾ കിലോ മീറ്ററുകളോളം നടന്നാണ് എത്തുന്നത്. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കിടത്തി ചികിത്സയ്ക്കായി ബഹുനില മന്ദിരം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി ക്ക് നിവേദനം നൽകിയത്.രണ്ട് കോടി രൂപയുടെ ഫണ്ടിനു വേണ്ടിയുള്ള പ്രൊപ്പോസലും പ്ലാനും അടങ്ങിയ നിവേദനം എം.പി എൻഎച്ച്എം അധികൃതർക്ക് കൈമാറി.കോൺഗ്രസ് നേതാവ് വരിക്കോലിൽ ബഷീർ,പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത്,മെമ്പർ അരുൺ ഉത്തമൻ എന്നിവരാണ് നിവേദനം നൽകിയത്.

ടാർ ഉണങ്ങും മുൻപ് റോഡിന്റെ ‘പണി’ തീർന്നു;പാഴായത് 15 ലക്ഷം

ശൂരനാട് തെക്ക്. പഞ്ചായത്തിലെ മദീനമുക്ക് – പെരിയൻകാവ് റോഡ് നിർമ്മാണത്തിൽ അഴിമതിയെന്ന് ആക്ഷേപം.ബ്ലോക്ക്‌ പഞ്ചായത്ത് ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചെലവാക്കിയാണ് റോഡ് ടാർ ചെയ്തത്.എന്നാൽ ടാർ ഉണങ്ങും മുൻപ് റോഡിന്റെ ‘പണി’ തീർന്ന അവസ്ഥയാണ് ഇവിടെ.റോഡിൽ പല ഭാഗത്തും ടാറിന്റെ പൊടി പോലും കാണാനില്ല.മൺപാത തെളിഞ്ഞു കാണാവുന്ന അവസ്ഥയാണ്.

നിർമ്മാണം പൂത്തിയായ ദിവസം തന്നെ റോഡ് തകരുകയായിരുന്നു.മൺപാതയിൽ ടാർ മിശ്രിതം പൂശാതെയും ആവശ്യത്തിന് ടാറും മെറ്റൽ ചിപ്സും ടാറിങിന് ഉപയോഗിക്കാതിരുന്നതുമാണ് ഇതിനു കാരണമായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നത്.പല ഭാഗത്തും ബ്രഷുകൊണ്ട് ടാർ തേച്ചു പോയതായും ഇവർ ആരോപിക്കുന്നു.നാട്ടുകാർ ഏറെ പ്രതീക്ഷയോടെ നാളുകളായി കാത്തിരുന്ന റോഡിന്റെ നിർമ്മാണമാണ് അവതാളത്തിലായത്.അനുവദിച്ച തുകയുടെ പകുതി പോലും നിർമ്മാണത്തിന് ചെലവായിട്ടില്ലെന്നും പരാതി ഉയര്‍ന്നു.

സീനിയർ, സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ്

കരുനാഗപ്പള്ളി. ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ സീനിയർ, സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡും ,SSLC ഉന്നത വിജയം നേടിയ കുട്ടികളുടെയും, വിവിധ മേഖലകളിലെ പ്രതിഭകളായ കുട്ടികളുടെയും അനുമോദനവും നടന്നു. സിആര്‍ മഹേഷ് എംഎല്‍എ അഭിവാദ്യം സ്വീകരിച്ചു.

ചടങ്ങിൽ മുൻസിപ്പൽ ചെയർപേഴ്ൺ കോട്ടയിൽ രാജു വൈസ് ചെയർപേഴ്സൺ സുനിമോൾ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീലത, വാർഡ് കൗൺസിലർ രമ്യാ സുനിൽ,ഹെഡ്മിസ്ട്രസ് ക്ളാര, പിടിഎ പ്രസിഡൻ്റ് ശ്രീ രഞ്ജിത്ത്, സിപിഒ ശ്രീലത , മറ്റ് അദ്ധ്യാപകർ രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.

ആഡംബര ജീവിതത്തിന് വേണ്ടി ബൈക്ക് മോഷ്ടിച്ച പതിനെട്ട്കാരന്‍ പിടിയില്‍

പാല്‍ക്കുളങ്ങര. മാക്രിയില്ലാകുളം ഓടപ്പുറത്ത് സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷം രൂപ വിലയുളള ആഡംബര ബൈക്ക് മോഷ്ടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിളികൊല്ലൂര്‍ കെ.ആര്‍ നഗര്‍ 69 (എ) എസ്.പി ഭവനില്‍ പ്രണവ് (18) ആണ് പോലീസ് പിടിയിലായത്. പൂട്ടി സൂക്ഷിച്ചിരുന്ന ബൈക്കിന്‍റെ പൂട്ട് അറുത്ത്മാറ്റിയാണ് ഇയാള്‍ മോഷണം നടത്തിയത്.

ബൈക്ക് മോഷ്ടാവിനെ പിടികൂടുന്നതിന് വേണ്ടി പ്രദേശത്തെ സി.സി.ടി.വി ക്യാമറകളും റോഡിലെ സുരക്ഷാ ക്യാമറകളും പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇയാളെ പാല്‍ക്കുളങ്ങരയില്‍ നിന്നും പിടികൂടുകയായിരുന്നു. ബൈക്ക് മോഷണത്തെ സംബന്ധിച്ച് ഇന്‍റര്‍നെറ്റില്‍ നിന്നും വിവരങ്ങള്‍ മനസിലാക്കിയാണ് ഇയാള്‍ മോഷണം നടത്തിയത്. എന്നാല്‍ പോലീസിന്‍റെ സമര്‍ത്ഥമായ നീക്കത്തില്‍ ഇയാള്‍ പിടിക്കപ്പെടുകയായിരുന്നു. മോഷ്ടിച്ച ബൈക്ക് കണ്ടച്ചിറയ്ക്ക് സമീപമുളള ഒഴിഞ്ഞ പുരയിടത്തില്‍ ഒളിപ്പിച്ച് വച്ചത് പോലീസ് കണ്ടെടുത്തു, ആര്‍ഭാട ജീവിതത്തിന് എളുപ്പത്തില്‍ പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് വിദ്യാര്‍ത്ഥിയായ ഇയാള്‍ ബൈക്ക് മോഷണം നടത്തിയതെന്ന് പോലീസിനോട് അറിയിച്ചു.


കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ വിനോദ്.കെ യുടെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ അനീഷ്.എ.പി, ജയന്‍ കെ സക്കറിയ എ.എസ്സ്.ഐ മാരായ സന്തോഷ് കുമാര്‍.സി, പ്രകാശ് ചന്ദ്രന്‍ സി.പി.ഒ ശിവകുമാര്‍, സുധീര്‍, സാജ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വംബോർഡ് കോളേജിൽ ബോധി – ദേശീയ സെമിനാർ സമാപിച്ചു

ശാസ്താംകോട്ട : കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വംബോർഡ് കോളേജിൽ കഴിഞ്ഞ ഒരാഴ്ചയായി നടന്നുവന്ന ബോധി ദേശീയ സെമിനാർ സമാപനസമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ. കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. അക്കാദമിക് രംഗത്ത് ഉന്നത നിലവാരം പുലർത്തുന്ന കോളേജിനെ ഇനിയും ഉയർന്ന നിലയിലെത്തിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡ് അംഗമായ പി.എം. തങ്കപ്പൻ പുതിയതായി ആരംഭിച്ച ബി.വോക്. കോഴ്സുകൾ, ലാബുകൾ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു. കെ.എസ്.എം.ഡി.ബി. കോളേജ് സെന്ററായി ഗവേഷണ ബിരുദം നേടിയവരെ ചടങ്ങിൽ അനുമോദിച്ചു.

ബോധി സെമിനാറിന്റെ സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ വിതരണം ചെയ്തു. ഓരോ ക്ലാസ്സിലും ഏറ്റവും ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച വിദ്യാർത്ഥിക്കുള്ള പി.ടി.എ. എന്റോവ്മെന്റ്, രണ്ടാം സ്ഥാനം നേടിയ വിദ്യാർത്ഥിക്കുള്ള സിൽവർ ജൂബിലി എന്റോവ്മെന്റ് എന്നിവ ചടങ്ങിൽ വിതരണം ചെയ്തു. കോവിഡ് മൂലം നല്കാൻ കഴിയാതിരുന്ന രണ്ട് വർഷത്തെയടക്കം മൂന്ന് വർഷത്തെ നൂറ്റിപ്പതിനേഴ് വിദ്യാർത്ഥികൾ അംഗീകാരം ഏറ്റുവാങ്ങി.

കോളേജ് പ്രിൻസിപ്പൽ ഡോ. ബി.ബീനയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സന്ധ്യ സി. വിദ്യാധരൻ, ലക്ഷ്മി ദേവി സി.എസ്., ഡോ. ടി. മധു, ഡോ. ജയന്തി എസ്., ശ്രീജ ആർ., ഡോ. സുശാന്ത് എസ്. എന്നിവർ സംസാരിച്ചു. ദേവസ്വം ബോർഡ് ഭാരവാഹികളെ കോളേജിന്റെ ഉപഹാരം കൈമാറി പ്രിൻസിപ്പൽ ഡോ.ബി. ബീന ആദരിച്ചു.