ക്ഷേത്ര സന്നിധിയിൽ വച്ച് മാലപോയപ്പോൾ നെഞ്ചുപൊട്ടിക്കരഞ്ഞ സാധു വീട്ടമ്മക്ക് വളയൂരിനൽകിയ സ്ത്രീ ആര്

Advertisement

കൊട്ടാരക്കര. പട്ടാഴി ക്ഷേത്ര സന്നിധിയിൽ വച്ച് മാലപോയപ്പോൾ നെഞ്ചുപൊട്ടിക്കരഞ്ഞ സാധു വീട്ടമ്മക്ക് വളയൂരിനൽകിയ സ്ത്രീ ആര്. ദേവി നേരിട്ടെത്തി എന്നുവരെ സമൂഹമാധ്യമങ്ങളിൽ പ്രചരണം നടക്കുമ്പോൾ വാസ്തവമറിയാതെ വലയുകയാണ് വളകിട്ടിയ വീട്ടമ്മയും കുടുംബവും. കൊട്ടാരക്കര മൈലം പള്ളിക്കൽ മുകളിൽ മങ്ങാട്ട് വീട്ടിൽ സുഭദ്രയുടെ (67) മാലയാണ് മോഷണം പോയത്. ക്ഷേത്രസന്നിധിയിൽ തൊഴുതുനിൽക്കവേ മാല മോഷണം പോയപ്പോൾ സുഭദ്ര വാവിട്ടുകരയുകയായിരുന്നു. ഏറെ നാൾ കഷ്ടപ്പെട്ട് ആശിച്ചുവാങ്ങിയ മാലയാണ് നഷ്ടപ്പെട്ടത്. നിലവിളിച്ച വീട്ടമ്മയ്ക്ക് അടുത്തെത്തി കയ്യിൽ കിടന്ന രണ്ട് വളകൾ ഊരിനൽകുകയായിരുന്നു അജ്ഞാത സ്ത്രീ.

കശുവണ്ടിത്തൊഴിലാളിയായ സുഭദ്രയുടെ നിലവിളി കേട്ട് ഒറ്റ കളർ സാരി ധരിച്ച, കണ്ണട വച്ച സ്ത്രീ അടുത്തെത്തി തന്റെ രണ്ട് വളകൾ ഊരി നൽകി.

പട്ടാഴി ദേവി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കൊട്ടാരക്കരയിൽ നിന്നു ബസിലെത്തി ക്ഷേത്ര സന്നിധിയിൽ തൊഴുത് നിൽക്കവെയാണ് രണ്ടുപവന്റെ മാല മോഷണം പോയ കാര്യം സുഭദ്ര അറിഞ്ഞത്. കരഞ്ഞുകൊണ്ടിരിക്കുന്ന വയോധികയുടെ അടുത്തെത്തിയ സ്ത്രീ, ‘അമ്മ കരയണ്ട. ഈ വളകൾ വിറ്റ് മാല വാങ്ങി ധരിച്ചോളൂ. മാല വാങ്ങിയ ശേഷം ക്ഷേത്ര സന്നിധിയിൽ എത്തി പ്രാർത്ഥിക്കണം.’-എന്നു പറഞ്ഞുകൊണ്ടാണ് വളകൾ ഊരി നൽകിയത്.

ഈ സ്ത്രീ പിന്നെ എങ്ങോട്ടുപോയെന്ന് സുഭദ്രയ്ക്കറിയില്ല. രണ്ടുപവനോളം തൂക്കം വരുന്ന വളകൾ ആണ് നൽകിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ക്ഷേത്രഭാരവാഹികൾക്കും ആളെ കണ്ടെത്താനായില്ല. തുടർന്ന് ഭർത്താവ് കെ. കൃഷ്ണൻകുട്ടി ആചാരിയോടൊപ്പം സുഭദ്ര മടങ്ങി. കൊല്ലം ജില്ലയുടെ കിഴക്കൻമേഖലയിൽ നിത്യമെന്നോണം സ്ത്രീകളുടെ മാലപൊട്ടിക്കൽ നടക്കുന്നുണ്ട്. ഉൽസവ സീസണായതോടെ തമിഴ് നാടോടി സ്ത്രീകൾ കൂട്ടമായി കൊല്ലത്ത് എത്തുന്നുണ്ട്. ഒരുമാസത്തിനിടെ നിരവധി കേസുകളാണ് പിടികൂടിയത്.