മായാദേവി
കേവലം ഒന്‍പത് മിനിറ്റ് കൊണ്ട് വലിയൊരു വിഷയം ഏറെ ലളിതമായി പറഞ്ഞ് വച്ചിരിക്കുകയാണ് ആദര്‍ശ് എന്‍ കൃഷ്ണ. വീട്ടകങ്ങളില്‍ ചൂഷണം ചെയ്യപ്പെടുന്ന പെണ്‍കുഞ്ഞുങ്ങളുടെ മാനസിക വ്യാപാരങ്ങളാണ് കോഴിയെ കൊല്ലും വിധം എന്ന ഈ ഹ്രസ്വചിത്രത്തിന്റെ പ്രമേയം.
പീഡനകഥകള്‍ക്ക് യാതൊരു ക്ഷാമവും ഇല്ലാത്ത നമ്മുടെ നാട്ടില്‍ ഇത് പ്രമേയമാക്കി നിരവധി സിനിമകളും ഹ്രസ്വചിത്രങ്ങളും പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായി ഈ കഥ വളരെ ചുരുങ്ങിയ സമയം കൊണ്ട് അവതരിപ്പിക്കാനായി എന്നിടത്താണ് ഈ ചിത്രം വിജയിച്ചിരിക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കളെല്ലാം പുതിയതാണെങ്കിലും തങ്ങളുടെ ഭാഗങ്ങള്‍ അതിഗംഭീരമാക്കിയിരിക്കുന്നു എന്ന് പറയാതെ വയ്യ.
ഈ ചിത്രത്തിന്റെ പിറവിക്ക് ഇടയാക്കിയത് ഒരു ഫെയ്‌സ്ബുക്ക് പരസ്യമാണ്.
കഴിഞ്ഞ ലോക് ഡൗണ്‍ കാലത്ത് വന്ന ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവലിന് വേണ്ടി തട്ടിക്കൂട്ടിയെടുത്ത ചിത്രമെന്ന് ഇവര്‍ തന്നെ വിശേഷിപ്പിക്കുമെങ്കിലും ചിത്രം കണ്ടു കഴിഞ്ഞാല്‍ അതൊരു പൊളിവാക്കാണെന്ന് നമുക്ക് വ്യക്തമാകും. തഴക്കം വന്നൊരു സംവിധായകന്റെ കരങ്ങള്‍ ഈ ചിത്രത്തിന് പിന്നില്‍ നമുക്ക് അനുഭവിക്കാനാകും. തയാറാക്കിയ ഫെസ്റ്റിവലില്‍ പിന്തള്ളപ്പെട്ടെങ്കിലും പിന്നീട് കോഴിയെ കൊല്ലും വിധമെന്ന ചിത്രത്തെ കാത്തിരുന്നത് അംഗീകാരങ്ങളുടെ പെരുമഴയാണ്.
23 ചലച്ചിത്രമേളകളിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടു എന്നത് തന്നെ ഇതിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി അണിയറ പ്രവര്‍ത്തകര്‍ കരുതുന്നു. മികച്ച ചിത്രം, സംവിധായകന്‍, തിരക്കഥ, ഛായാഗ്രഹണം, സംഗീതം, മികച്ച നടി, ബാലതാരം തുടങ്ങി ഏതാണ്ട് പൂര്‍ണമായി തന്നെ നിരവധി പുരസ്‌കാരങ്ങള്‍ ചിത്രത്തെ തേടിയെത്തി.
ഹസ്രത്തില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് നാവ് അറുത്ത് മാറ്റിയ പെണ്‍കുട്ടിക്കാണ് ചിത്രം സമര്‍പ്പിച്ചിരിക്കുന്നത്.
സിനിമ തന്നെ ജീവിതമായി കരുതുന്ന ആളാണ് ചിത്രത്തിന്റെ സവിധായകനായ ആദര്‍ശ്. അദ്ദേഹത്തിനൊപ്പം നല്ലപാതി വി എസ് വിജയലക്ഷ്മിയുടെ തിരക്കഥ കൂടി ചേര്‍ന്നപ്പോള്‍ ചിത്രം സമ്പൂര്‍ണമായി. ഇവരുടെ ഹൃദയേച്ഛയ്ക്ക് അനുസരിച്ച് ക്യാമറ ചലിപ്പിച്ച ശ്രീജിത്ത് ജി നായരും സംഘവും ചിത്രത്തിന് കൂടുതല്‍ മിഴിവേകി. ചിത്ര സംയോജനവും ഏറെ മികച്ചത് തന്നെ.
കഴിഞ്ഞ ദിവസം യുട്യൂബില്‍ റീലീസ് ചെയ്ത ഈ ഹ്രസ്വചിത്രം ഇതിനകം തന്നെ നിരവധി പേരാണ് കണ്ടു കഴിഞ്ഞത്.
ക്യാമറ: ശ്രീജിത്ത് ജി നായർ, എഡിറ്റ് & ഡി ഐ: അനുരാജ് ആനയടി, ബി ജി എം: റിഥ്വിക് എസ് ചന്ദ്, അസോസിയേറ്റ് ഡയറക്ടർ: അഭിരാജ്, അസ്സോസിയേറ്റ് ക്യാമറ: അജിത് കുമാർ, അസിസ്റ്റന്റ് ക്യാമറ: ശംഭു രാധാകൃഷ്ണൻ, ക്യാമറ യൂണിറ്റ്: ദീപക് രാജ്, ഡി കമ്പനി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്: ഐദേൻ, ഉണ്ണികൃഷ്ണൻ ഡി ആനയടി, ഷജിം എം. എസ്, ശ്രീനാഥ് വള്ളികുന്നം, സ്റ്റോറി ബോർഡ്: രാജേഷ് ബാലകൃഷ്ണ, സബ് ടൈറ്റിൽ: ശ്രുതി രാധാകൃഷ്ണൻ, അഡ്വ. ലിയ എൽസ അലക്സ്, ഡബ്ബിങ് ആർട്ടിസ്റ്റ്: ഷെമി എം. ഷെരിഫ്, റെക്കോർഡിസ്റ്റ്: രാജൻ ശ്രീരാഗ് (ശ്രീരാഗ് റെക്കോർഡിങ് സ്റ്റുഡിയോ കരുനാഗപ്പള്ളി) ഡിസൈൻസ്: ആദർശ് ഡിസൈൻ
അഭിനേതാക്കൾ: ആദിനാട് വാസുദേവൻ, അനു കുഞ്ഞുമോൾ, അഖിൽ രാജ്, സാന്ദ്ര സന്തോഷ്, മാസ്റ്റർ ആദം എം ഷജിം & ബേബി അയന ദീപു
ശൂരനാട് സ്വദേശികളായ ഈ ചെറുപ്പക്കാരുടെ വലിയ തിരശീലയിലേക്കുള്ള യാത്രയ്ക്ക് ഇതൊരു ചവിട്ടുപടിയാകട്ടെ എന്ന് ആശംസിക്കാം.