ആട്ടിൻ കാഷ്ഠം ഒന്നാന്തരം വളമാണ് ,പക്ഷേ ഇങ്ങനെ ഉപയോഗിക്കണം

Advertisement

ജൈവ കൃഷി രീതിയില്‍ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് ഉണങ്ങിയ ആട്ടിന്‍ കാഷ്ഠം. ഇതുപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതു നല്ലതാണ്. കാരണം, ആട്ടിൻ കാഷ്ഠത്തിൽ പാറ്റകളും മറ്റും വളരാനുള്ള സാധ്യത കൂടുതലായി കണ്ടുവരുന്നു. ചെടികൾ പരിപോഷിപ്പിക്കാനായി ഇട്ടുകൊടുക്കുന്ന വളം പ്രതികൂലമായി ബാധിക്കാതിരിക്കണമെങ്കിൽ, അതിനാൽ തന്നെ ആട്ടിൻ കാഷ്ഠത്തിൽ ഇവയൊന്നും വളരാൻ അനുവദിക്കരുത്.

ഗ്രോ ബാഗ്‌ അല്ലെങ്കില്‍ ചെടിച്ചട്ടികളില്‍ വളർത്തുന്ന വിളകൾക്ക് ഇങ്ങനെ പാറ്റകളുള്ള ആട്ടിൻ കാഷ്ഠംനൽകരുത്. അത് വിളകളെ സാരമായി ബാധിക്കും. മണ്ണിനടിയില്‍ ഉണ്ടാകുന്ന വിളകള്‍ ആണെങ്കില്‍ അവയെ ഈ പാറ്റകളും പ്രാണികളും കരണ്ട് നശിപ്പിക്കാനും സാധ്യത കൂടുതലാണ്.
അതിനാൽ തന്നെ ആട്ടിൻകാഷ്ഠത്തിൽ പാറ്റയും പ്രാണികളും താമസമാക്കാതിരിക്കാൻ എന്തൊക്കെ ചെയ്യാമെന്ന് നോക്കാം.

വെയിൽ കൊള്ളിക്കാം
ആട്ടിന്‍കാഷ്ഠത്തിൽ പാറ്റകളും പ്രാണികളും വളരാതിരിക്കാനായി ഇവയെ നല്ല രീതിയിൽ വെയിൽ കൊള്ളിക്കുക. അതായത്, വൃത്തിയായി സൂര്യപ്രകാശം ലഭിക്കുന്ന ഇടത്ത് വളമായി ഉപയോഗിക്കേണ്ട ആട്ടിൻ കാഷ്ഠം ഒന്നോ രണ്ടോ മണിക്കൂർ നേരത്തേക്ക് നിരത്തിയിടുക. ഇങ്ങനെ വെയിൽ കൊള്ളിച്ചാൽ ഇതിലെ പാറ്റകളെ ഒഴിവാക്കാം.
ഇത്തരം നിസ്സാരം മുൻകരുതലുകൾ എടുത്താണ് കൃഷിത്തോട്ടത്തിലെ വിളകൾക്ക് വളമായി ആട്ടിൻ കാഷ്ട്ടം ഉപയോഗിക്കുന്നതെങ്കിൽ വിള നഷ്ടമുണ്ടാകില്ല.

ആട്ടിൻ കാഷ്ഠത്തിന്റെ മേന്മകൾ
അതേ സമയം, വേനൽക്കാലത്തെ കൃഷിയിൽ വളരെ ഗുണപ്രദമായ ജൈവവളമാണ് ആട്ടിൻ കാഷ്ഠo. കൂടാതെ, കാഷ്ഠത്തിൽ വെള്ളത്തിന്റെ അംശം കുറവായതിനാൽ ദുർഗന്ധമോ, ചാണകം പോലെ ചെറുപ്രാണികളെ ആകർഷിക്കുകയോ ചെയ്യുന്നില്ല.
കോഴി വളത്തെയും ചാണകത്തയും അപേക്ഷിച്ച് ഇവയ്ക്ക് ചൂട് കുറവാണ്.

ഉപ്പിന്റെ അളവും താരതമ്യേന കുറവായതിനാൽ മണ്ണിന്റെ അമ്ലത ക്രമീകരിക്കാൻ സഹായിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള ഉയർന്ന അളവിലുള്ള നൈട്രജൻ പച്ചക്കറികളുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും 20 ശതമാനത്തോളം വിളവർധനവിനും നല്ലതാണ്.
മാത്രമല്ല, ആട്ടിൻ കാഷ്ഠം അതേ രൂപത്തിലും മണ്ണിര കമ്പോസ്റ്റാക്കിയും വളമായും ഉപയോഗിക്കാമെന്നത് മറ്റൊരു സവിശേഷതയാണ്.