കരുനാഗപ്പള്ളിയില്‍ ഇനി പൈപ്പുവഴി പാചകവാതകം

Advertisement

കരുനാഗപ്പള്ളി . പൈപ്പ് ലൈൻ വഴിയുള്ള പ്രകൃതി പാചക വാതക വിതരണ പദ്ധതിയ്ക്ക് കരുനാഗപ്പള്ളിയിൽ തുടക്കമാകുന്നു. ഏപ്രിൽ 1 മുതൽ ഇതിൻ്റെ പ്രവർത്തനങ്ങൾ തുടങ്ങുമെന്ന് നഗരസഭാധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ജില്ലയിലെ പൈലറ്റ് പദ്ധതിയാണ് കരുനാഗപ്പള്ളി നഗരസഭയിൽ നടപ്പാക്കുന്നത്.
പെട്രോളിയം പ്രകൃതിവാതക റഗുലേറ്ററി ബോർഡിന്റെ അംഗീകാരമുള്ള എ ജി ആൻഡ് പി പ്രഥമിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ 31 ജില്ലകളിൽ വിജയകരമായി നടപ്പാക്കിയ പദ്ധതിയാണിത്. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യാ ലിമിറ്റഡിന്റെ (ഗെയിൽ) അംഗീകാരത്തോടെയാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. നഗരസഭയിലെ 5,6, 7, 8, 27, 28, 32 എന്നീ ഏഴു വാർഡുകളിലാണ് ആദ്യഘട്ടമായി പദ്ധതി തുടങ്ങുക.തുടർന്ന് 2 വർഷത്തിനകം എല്ലാ വാർഡുകളിലേക്കും വ്യാപിപ്പിക്കും.ആദ്യ ഘട്ടത്തിൽ നാലായിരത്തോളം കുടുംബങ്ങൾ പദ്ധതിയുടെ ഗുണഭോക്താക്കളാകും. ഈ വാർഡുകളിലെ വ്യാപാര-വാണിജ്യ സ്ഥാപനങ്ങൾക്കും പദ്ധതിയുടെ ഭാഗമാകാനാവും.ഭാവിയിൽ ഗെയിൽ പൈപ്പ് ലൈനുമായി ബന്ധിപ്പിച്ച് ജില്ല മുഴുവനും കണക്ഷൻ നൽകുകയാണ് ലക്ഷ്യം.
കരുനാഗപ്പള്ളിയുടെ തെക്കൻ മേഖലയിൽ സ്ഥാപിക്കുന്ന ഡികംപ്രഷൻ യൂണിറ്റിൽ നിന്നാകും പൈപ്പ് ലൈൻ വഴി വീടുകളിലേക്ക് പാചക വാതകം വിതരണം ചെയ്യുക. ഗുണഭോക്താക്കൾക്ക് എൽപിജിയെ അപേക്ഷിച്ച് 25 മുതൽ 30 ശതമാനം വരെ സാമ്പത്തിക ലാഭം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.കൂടാതെ ഗ്യാസ് തീരുമ്പോൾ പുതിയ ബുക്കിംഗ് നടത്തുകയോ സിലിണ്ടറിനായി കാത്തിരിക്കുകയോ വേണ്ട. വീടുകളിൽ ഘടിപ്പിക്കുന്ന പ്രത്യേക മീറ്ററുകളിലെ റീഡിംഗ് അനുസരിച്ച് പണമടച്ചാൽ മതിയാവും. മാസം 250 രൂപ വീതം 6750 രൂപയും തവണകളായി നൽകണം. ഇത് തിരികെ നൽകുന്ന ഡിപ്പോസിറ്റ് തുകയായി സൂക്ഷിക്കും.


പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതിനായി ചവറ കെഎംഎംഎല്ലിന് സമീപം ലിക്വിഡ് കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് പ്ലാന്റ് നിർമിക്കും. കൊച്ചിയിൽ നിന്നെത്തിക്കുന്ന ലിക്വിഡ് 600 ഇരട്ടി ഗ്യാസാക്കി മാറ്റാനുള്ള സംവിധാനമാകും ഇവിടെ ഉണ്ടാകുക. പ്ലാന്റ് കമ്മീഷൻ ചെയ്യുന്നതോടെ നഗരസഭയിൽ പൂർണമായും പന്മന, ചവറ പഞ്ചായത്തുകളിലും പാചക വാതകം ലഭ്യമാകും. ഏപ്രിലിൽ നിർമാണം തുടങ്ങുന്ന ആദ്യഘട്ട പദ്ധതി എത്രയും വേഗം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, വൈസ് ചെയർപേഴ്‌സൻ സുനിമോൾ, സ്ഥിരം സമിതി അധ്യക്ഷരായ ഡോ പി മീന, എൽ ശ്രീലത, എസ് ഇന്ദുലേഖ എന്നിവർ പറഞ്ഞു.