ജോലിക്കിടെ ഉറങ്ങിയാല്‍ , കൊല്ലത്ത് കള്ളന് സംഭവിച്ചത്

Advertisement

കൊല്ലം. ആളില്ലാത്ത വീട്ടില്‍ മോഷ്ടിക്കാന്‍ കയറി,യുവാവിന് ഉറക്കക്ഷീണം പാരയായി, മോഷ്ടിച്ച സാധനങ്ങളെല്ലാം പാക്ക് ചെയ്ത ശേഷം ഉറങ്ങിപ്പോയ കള്ളനെ വീട്ടുടമയും പൊലീസും ചേര്‍ന്ന് വിളിച്ചുണര്‍ത്തി.

കുണ്ടറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആശുപത്രിമുക്ക് തടത്തിവിള വീട്ടില്‍ റിട്ട. ജനറല്‍ വൈ തരകന്റെ വീട്ടിലാണ് സംഭവം. വീട്ടില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത കടവൂര്‍ നീരാവില്‍ സ്വദേശിയായ യുവാവിനെ വൈദ്യ പരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ചു.

ആശുപത്രിമുക്കിലെ പൂട്ടിയിട്ടിരുന്ന വീട്ടില്‍ ഇന്നലെ വൈകീട്ടോടെ എത്തിയ തരകന്‍ മുന്നിലെ വാതില്‍ തുറന്ന് അകത്ത് പ്രവേശിച്ചപ്പോള്‍ അവിടെ യുവാവ് ഉറങ്ങുന്നതാണ് കണ്ടത്. ഉടന്‍ പുറത്തിറങ്ങി സമീപവാസികളെയും കുണ്ടറ പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തിയാണ് യുവാവിനെ വിളിച്ചുണര്‍ത്തിയത്. മോഷ്ടിച്ച സാധനങ്ങള്‍ കൊണ്ടു പോകാനായി സഞ്ചികളില്‍ ഭദ്രമായി ശേഖരിച്ചു വച്ചിരുന്നു.

പൊലീസ് നടത്തിയ പരിശോധനയില്‍ വീടിന്റെ അടുക്കള വശത്തെ കതകിന്റെ പൂട്ട് പൊളിച്ചാണ് യുവാവ് അകത്തു കടന്നതെന്നു കണ്ടെത്തി. വൈദ്യ പരിശോധന നടത്തി സ്റ്റേഷനിലെത്തിച്ച യുവാവ് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായും സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചാലെ മോഷണമാണോ ലക്ഷ്യമെന്ന് സ്ഥിരീകരിക്കാനാകു എന്നു പൊലീസ് വ്യക്തമാക്കി.