സ്കൂള്‍ വാര്‍ഷിക ദിവസം പുറത്തു ചുറ്റിയടിച്ചത് വലിയ സംഭവമാക്കി, വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും മുമ്പില്‍ അപമാനിക്കപ്പെടാനുള്ള തെറ്റ് ആ പെണ്‍കുട്ടി ചെയ്തോ, നീലിമയുടെ മരണം സമൂഹത്തെ ചിന്തിപ്പിക്കണം

Advertisement

പുത്തൂര്‍. പത്താം ക്‌ളാസുകാരി മാതാപിതാക്കളുടെ മുന്നില്‍ കിണറ്റില്‍ ചാടി മരിച്ച സംഭവം നിസാരമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മുതിര്‍ന്നവരുടെ അപക്വമായ രീതികള്‍ മൂലം.
ഇടവട്ടം നീലിമ ഭവനില്‍ ഷാന്‍ കുമാറിന്റെയും ഉഷയുടെയും മകളും പവിത്രേശ്വരം കെ എന്‍ എന്‍ എം വി എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ നീലിമയാണ്(15) മരിച്ചത്.

മാതാപിതാക്കളുടെ കണ്‍മുന്നില്‍വച്ചാണ് പെണ്‍കുട്ടി കിണറ്റില്‍ ചാടിയത്.

നീലിമ സുഹൃത്തുക്കള്‍ക്കൊപ്പം സ്‌കൂളിനു പുറത്ത് പോയ കാര്യം വീട്ടിലറിഞ്ഞതിനെ തുടര്‍ന്നുളള മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് സൂചന. സ്‌കൂള്‍ വാര്‍ഷിക ദിനമായതിനാല്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ വരേണ്ടതില്ല എന്ന് അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ നീലിമ പതിവ് പോലെ സ്‌കൂളിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി.ആണ‍്കുട്ടികളും പെണ്‍കുട്ടികളുമായി ഒരു സംഘം കൂട്ടുകാര്‍ അടുത്തൊരു അമ്പലപ്പറമ്പിലും മറ്റും കറങ്ങിനടന്നു. ഇതിനിടെ യൂണിഫോമിലുള്ള വിദ്യാര്‍ത്ഥികളെ നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. ഇവര്‍ ഇക്കാര്യം സ്‌കൂളിലറിയിച്ചു.സ്കൂളില്‍ നിന്നും ആള്‍ എത്തിയാണ് കുട്ടികളെ കൂട്ടിക്കൊണ്ടുപോയത്. സ്‌കൂള്‍ അധികൃതര്‍ ഇത് ഗൗരവമായെടുത്തു. കുട്ടികള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സ്‌കൂളുകാര്‍ക്കുണ്ടാകുന്ന പഴിയോര്‍ത്താവണം അവര്‍ മാതാപിതാക്കളെ സ്‌കൂളിലേക്ക് വിളിപ്പിക്കുകയായിരുന്നു.

മാതാപിതാക്കള്‍ക്കൊപ്പമാണ് നീലിമ വീട്ടിലേക്ക് മടങ്ങിയത്. ഓട്ടോയില്‍ നിന്ന് ഇറങ്ങി മാതാപിതാക്കളുടെ മുന്നേ നടന്ന പെണ്‍കുട്ടി വീടിനടുത്തുള്ള സുരക്ഷാ മതിലില്ലാത്ത കിണറ്റിലേക്ക് ചാടുകയായിരുന്നു. മാതാപിതാക്കളുടെമുന്നില്‍ അപമാനിക്കപ്പെട്ടതോ, മാതാപിതാക്കള്‍ താന്‍മൂലം അപമാനിക്കപ്പെട്ടതോ കുട്ടിയുടെ മനസില്‍ വലിയ പ്രശ്‌നമായിരിക്കാം. അഗ്‌നിശമനസേനയെത്തി പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പത്തില്‍ പിരിയാന്‍പോകുന്ന കുട്ടികള്‍ അടുത്തൊരുപൊതുസ്ഥലത്ത് ചുറ്റിയടിച്ചത് വലിയതെറ്റായി കാട്ടി അവരെ കൈകാര്യം ചെയ്തതാണ് പിശകായത്. കുട്ടികളെ വിരട്ടിയും ശാസിച്ചും ഒരു ചട്ടക്കൂട്ടില്‍ നിര്‍ത്തുന്ന സമൂഹമാണ് നീലിമയുടെ മരണത്തിനിടയാക്കിയതെന്ന വിമര്‍ശനം ശക്തമാണ്.ഇത്രവലിയ ചട്ടക്കൂടുണ്ടായിട്ടും അനുദിനം കുട്ടികള്‍ ചതിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയുമാണ്.

കുട്ടികള്‍ മുതിര്‍ന്നവരുടെ നോട്ടം വിട്ടാല്‍ വലിയ ആപത്തുകളില്‍പെടുന്നത് സമൂഹത്തിന്റെ തകരാര്‍ മൂലമാണെന്നത് ചര്‍ച്ചയിലെത്തുന്നില്ല.ആധുനിക കാലത്തെ കൗമാരപ്രായത്തിലുള്ള കുട്ടികളെ കൈകാര്യം ചെയ്യുന്നതില്‍ വലിയ പാകപ്പിഴ ഇപ്പോഴും സ്‌കൂള്‍ അധികൃതര്‍ക്കും മാതാപിതാക്കള്‍ക്കും സമൂഹത്തിലെ പൊലീസിംങ് വിദഗ്ധര്‍ക്കും കഴിയുന്നില്ല എന്നത് വീണ്ടും തെളിയിക്കപ്പെടുകയാണ്.

കൊട്ടാരക്കരയില്‍ നിന്നും ഒരു കുട്ടി ഫേസ്ബുക്ക് കാമുകനെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍പോയതും അയാള്‍ക്കൊപ്പം തമിഴ്‌നാട്ടില്‍ രഹസ്യ കേന്ദ്രത്തില്‍ താമസിച്ചതും ശാസ്താംകോട്ടയില്‍ ഉള്ള പത്താംക്‌ളാസ് വിദ്യാര്‍ഥിനി ബീമാപള്ളിയില്‍ പ്രാര്‍ഥിക്കാനായി തനിയേ വീടുവിട്ടുപോയതും ഇത്തരുണത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികളെ ആധുനിക കാലത്തിന് അനുസരിച്ച് കൈകാര്യം ചെയ്യാന്‍ മുതിര്‍ന്നവര്‍ തീരെ പോരാത്തതാണ് നീലിമയുടെ മരണത്തിലെത്തിയതെന്ന ആരോപണം ശക്തമാണ്. പൊലീസിലെ വിവിധ സംവിധാനങ്ങള്‍ക്കും ഇത്തരം ഇടപെടലുകള്‍ക്ക് മിക്കപ്പോഴും കഴിയുന്നില്ല ന്നെ വിമര്‍ശനവുമുണ്ട്.