കൊല്ലം പ്രാദേശിക ജാലകം

Advertisement

മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് ബജറ്റിൽ കൃഷിയ്ക്കും ഭവന പദ്ധതിയ്ക്കും മുൻ‌തൂക്കം

മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ അടുത്ത വർഷത്തെ ബജറ്റ് 405080718രൂപ വരവും 398801215 രൂപ ചെലവും 6279503 രൂപ മിച്ചവുമുള്ള ബജറ്റ് പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ചു.ബഡ്ജറ്റിൽ ഭവന പദ്ധതിക്കു ഏഴര കോടി രൂപയും കാർഷിക മേഖലക്ക് അൻപതു ലക്ഷവും ആരോഗ്യമേഖലക്ക് പത്തുലക്ഷം രൂപയും വിദ്യാഭ്യാസമേഖലക്കു 10ലക്ഷം രൂപയും പട്ടികജാതി വികസനത്തിന്‌ ഒരുകോടി രൂപയും അംഗൻവാടികൾക്കു ഇരുപത്തിയഞ്ചു ലക്ഷം രൂപയും നീക്കി വച്ചിട്ടുണ്ട്.സമഗ്ര നെൽകൃഷി വികസനത്തിന് ബജറ്റ് പ്രത്യേക ഊന്നൽ നൽകുന്നുണ്ട്. തരിശു നിലങ്ങളിൽ നെൽകൃഷി നടത്തി മൈനാഗപ്പള്ളിയുടെ സ്വന്തം ബ്രാൻഡായി വിപണനം ചെയ്യുന്നതിന് 30 ലക്ഷം രൂപ ബജറ്റിൽ ഉൾപ്പെടുത്തി. സമഗ്ര കേരകൃഷിക്ക് 10 ലക്ഷം രൂപയും ജൈവഗ്രാമം പദ്ധതിയ്ക്കായി 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.പഞ്ചായത്തിൽ പുതുതായി ബഡ്‌സ് സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ടി 20 ലക്ഷം രൂപയും യാത്രാക്ലേശം അനുഭവപ്പെടുന്ന പഞ്ചായത്തിലെ ഉൾപ്രദേശങ്ങളിൽ KSRTC യുമായി ചേർന്ന് ഗ്രാമ വണ്ടി പദ്ധതി നടപ്പാക്കും .

ഇതിനായി 10 ലക്ഷം രൂപ വകയിരുത്തി. ഇ-ഹെൽത്ത് പദ്ധതിയ്ക്ക് 10 ലക്ഷം രൂപ, ഇക്കോ ഷോപ്പ് – 2 ലക്ഷം രൂപ ജലസ്രോതസ്സുകൾ സംരക്ഷിക്കാൻ പ്രത്യേക പദ്ധതികൾ , വൃദ്ധജന ക്ഷേമ പരിപാടികൾക്കായി 25 ലക്ഷം രൂപ തുടങ്ങി അനവധി പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുന്നു.
മാലിന്യ സംസ്കരണത്തിന് ഹരിത കർമ്മസേനയെ ശക്തമാക്കുന്നതിനു വാങ്ങിയ വാഹനത്തിന്റെ അനുബന്ധ ചെലവുകൾക്കും പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തിനും 40 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്തിനെ മാലിന്യമുക്തമാക്കി ശുചിത്വ ഗ്രാമമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം.


പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ്‌ പി. എം.സെയ്ദ് ന്റെ ആമുഖപ്രസംഗത്തോട് കൂടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ലാലി ബാബുവാണ് ബജറ്റ് അവതരിപ്പിച്ചത്. അംഗങ്ങളായ സേതുലക്ഷ്മി, വർഗീസ് തരകൻ, സജിമോൻ, ബിജുകുമാർ, ജലജ രാജേന്ദ്രൻ , ബിന്ദു മോഹൻ , രജനി സുനിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.അൻസർ ഷാഫി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.ഡെമസ്റ്റൻ ,ഗ്രാമപഞ്ചായത്തംഗങ്ങൾ, വിവിധ വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ചോപ്പ്,ശൂരനാടിന്റെ രക്തഗാഥ നോവല്‍ ചര്‍ച്ച ഞായറാഴ്ച വൈകിട്ട്

കാരാളിമുക്ക്. കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ഗ്രന്ഥശാലയുടെ 75ാം വാര്‍ഷിക പരിപാടികളുടെ ഭാഗമായ പുസ്തക ചര്‍ച്ച ഞായറാഴ്ച വൈകിട്ട് അഞ്ചിന് ഗ്രന്ഥശാലാഹാളില്‍ നടക്കും.
ജന്മിത്തത്തിനെതിരെ കര്‍ഷകരുടെ ചെറുത്തു നില്‍പ്പാണ് ശൂരനാട് കലാപമായി വളര്‍ന്നത്. എന്നാല്‍അതിനു പിന്നാമ്പുറത്ത് ഒരു നാട് അനുഭവിച്ച ദുരന്തങ്ങളുടെ നീറുന്ന കഥകളാണ് നിറയുന്നത്. തോപ്പില്‍ഭാസി,പുതുപ്പള്ളി രാഘവന്‍, പേരൂര്‍ മാധവന്‍നായര്‍, ചേലക്കോട്ടേത്ത് കുഞ്ഞിരാമന്‍,തണ്ടാശേരി രാഘവന്‍ അങ്ങനെ ഓണാട്ടുകരയില്‍ ജീവിച്ചു മരിച്ച കഘാപാത്രങ്ങളെ ആധാരമാക്കി പത്രപ്രവര്‍ത്തകന്‍ ഹരികുറിശേരി രചിച്ച ചോപ്പ്,ശൂരനാടിന്റെ രക്തഗാഥ എന്ന നോവലാണ് ചര്‍ച്ച ചെയ്യുന്നത്.

സാഹിത്യ സദസ് ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി എസ് ശശികുമാര്‍ ഉദ്ഘാടനം ചെയ്യും. മാധ്യമപ്രവര്‍ത്തകന്‍ ആര്‍ ഹരിപ്രസാദ് നോവല്‍ പരിചയപ്പെടുത്തും. സാഹിത്യപ്രവര്‍ത്തകന്‍ സുനില്‍വല്യത്ത് ചര്‍ച്ച നയിക്കും. ഗ്രന്ഥശാലാ പ്രസിഡന്റ് കെ എസ് ബാലന്‍,സെക്രട്ടറി ആര്‍ അരുണ്‍കുമാര്‍ ,ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം കെ രഘു,കമ്മിറ്റി അംഗങ്ങളായ ആര്‍ ചന്ദ്രന്‍പിള്ള, അഷ്ടമന്‍ സാഹിതി, ടി.രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും

പൊതുവിദ്യാലയങ്ങളുടെ നവീകരണത്തിന് സർക്കാർ മുഖ്യ പ്രാധാന്യം നൽകും : ചിഞ്ചു റാണി
മൈനാഗപ്പള്ളി: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ത്തിലൂടെ കേരളത്തിലെ വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറി എന്നും സർക്കാർ ഇനിയും പൊതുവിദ്യാലയ സംരക്ഷണത്തിനും വികസനത്തിനുമായി മുഖ്യ പ്രാധാന്യം നൽകുമെന്നും മന്ത്രി ചിഞ്ചു റാണി പ്രസ്താവിച്ചു. സർക്കാർ വിദ്യാലയങ്ങളുടെ വികസനത്തിനായി ഇനിയും സർക്കാർ ഫണ്ടുകൾ കൂടുതൽ അനുവദിക്കുമെന്നും വിശിഷ്യ പ്രൈമറി സ്കൂളുകൾക്ക് പ്രത്യേക ഫണ്ട് അനുവദിക്കുന്ന പദ്ധതി സർക്കാർതലത്തിൽ നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പ്രൈമറി സ്കൂളുകളുടെ പ്രാധാന്യം വർദ്ധിക്കുകയാണ്.

മൂന്നു വയസ്സു മുതൽ കുട്ടികൾ സ്കൂളിൽ എത്തേണ്ട സാഹചര്യമുണ്ട്. ആയതിനാൽ പ്രൈമറി സ്കൂളുകളുടെ വികസനത്തിന് കൂടുതൽ പ്രാധാന്യം സർക്കാർ നൽകും. ശ്രീ ചിത്തിര വിലാസം ഗവൺമെന്റ് എൽപി സ്കൂളിനു കൂടുതൽ ഭൗതികസാഹചര്യങ്ങൾ ഒരുക്കുവാൻ സർക്കാർ സഹായം ലഭിക്കുവാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു. നീതി ആയോഗ് കണക്കനുസരിച്ച് കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തിന് നക്ഷത്ര പദവി ലഭിക്കുന്നതിന് അവസരം ഒരുക്കിയത് ഇവിടുത്തെ സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളുടെ മെച്ചപ്പെട്ട പ്രവർത്തനങ്ങളും ഗുണനിലവാരവും ആണെന്ന് മന്ത്രി ചിഞ്ചു റാണി അഭിപ്രായപ്പെട്ടു. ആയതിനാൽ പൊതു വിദ്യാഭ്യാസത്തിന് കൂടുതൽ പ്രോത്സാഹനം നൽകുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ആയിരിക്കും സർക്കാർ കൈക്കൊള്ളുക എന്ന് മന്ത്രി അറിയിച്ചു. മൈനാഗപ്പള്ളി ശ്രീചിത്തിര വിലാസം എൽപി സ്കൂളിന്റെ യും യുപി സ്കൂളിന്റെ യും ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായിട്ടുള്ള ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കോവൂർ കുഞ്ഞുമോൻ എം എൽ എ യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംഘാടക സമിതി കൺവീനർ ബിജുകുമാർ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അൻസർ ഷാഫി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽ എസ് കല്ലേലിഭാഗം ഗ്രാമപഞ്ചായത്ത് അംഗം അനന്തു ഭാസി, മാനേജ്മെന്റ് പ്രതിനിധി കല്ലട ഗിരീഷ് ഹെഡ്മിസ്ട്രസ് മാരായ ശ്രീലത , സുധ ദേവി എസ് എം സി ചെയർമാൻ ജെ പി ജയലാൽ, പിടിഎ പ്രസിഡണ്ട് അജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു..

ബന്ധുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛനും മക്കളും പോലീസ് പിടിയില്‍

തൃക്കടവൂര്‍. ബന്ധുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛനും മക്കളും പോലീസ് പിടിയിലായി. തൃക്കടവൂര്‍ കുരീപ്പുഴ കൊച്ചാലുംമ്മൂട് സ്ക്കൂളിന് സമീപം അലോണ ഭവനില്‍ ബെന്നി (44), ശക്തികുളങ്ങര പുത്തന്‍തുരുത്ത് ആന്‍റണി ഭവനം വീട്ടില്‍ നിന്നും കുരീപ്പുഴ ആയിരവില്ലന്‍ ക്ഷേത്രത്തിന് പിറക് വശം കാട്ടുവിള പടിഞ്ഞാറ്റതില്‍ വാടകയ്ക്ക് താമസിക്കുന്ന ജോസഫ് (70, ഔസേഫ്), മകന്‍ ജിജോ (39, അനില്‍), എന്നിവരാണ് പോലീസ് പിടിയിലായത്.

ബെന്നിയുടെ ഭാര്യ പിണങ്ങി താമസിക്കുന്ന വീട്ടിലെത്തി ബെന്നി ഭാര്യയുമായി സംസാരിച്ച് പിണങ്ങിയതിനെ തുടര്‍ന്ന് ബെന്നിയെ വിലക്കിയ ഭാര്യയുടെ ബന്ധുവായ സെബിന്‍ സെറാഫിനാണ് കുത്തേറ്റത്. ഇയാള്‍ ആയിരവില്ലന്‍ ക്ഷേത്രത്തിന് സമീപം റോഡിലൂടെ സ്ക്കൂട്ടറില്‍ പോയപ്പോള്‍ സ്ക്കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഇയാളെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ സെബിന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. തുടര്‍ന്ന് പ്രതികളെ കുരീപ്പുഴ നിന്നും പോലീസ് പിടികൂടുകയായിരുന്നു.
അഞ്ചാലുമ്മൂട് ഇന്‍സ്പെക്ടര്‍ സി.ദേവരാജന്‍റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ അനീഷ്. വി, പ്രദീപ്കുമാര്‍, എ.എസ്.ഐ രാജേഷ്, സി.പി.ഒ മണികണ്ഠന്‍ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ റിമാന്‍റ് ചെയ്തു.

സന്ദർശകർക്കൊരു തണൽ മരം പദ്ധതിയുമായി ശാസ്താംകോട്ട ജെ സി ഐ

ലോക വനദിനദിനത്തോടനുബന്ധിച്ച് ശാസ്താംകോട്ട ജെ സി ഐ യുടെയും സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്തഭിമുഖ്യത്തിൽ സന്ദർശകർക്കൊരു തണൽ മരം പദ്ധതിക്ക് തുടക്കം കുറിച്ചു. ഭരണിക്കാവ് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പുതിയതായി പ്രവർത്തനം ആരംഭിച്ച കുടുംബ ക്ഷേമ ഉപകേന്ദ്രത്തിന്റെ മുൻ വശം, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്അഡ്വ അൻസാർ ഷാഫി വൃക്ഷ തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. ജെ സി ഐ ശാസ്താംകോട്ടയുടെ പ്രസിഡന്റ് എൽ സുഗതൻ അധ്യക്ഷനായ ചടങ്ങിൽ ജെ സി ഐ സോൺ പ്രോഗ്രാം ഡയറക്റ്റർ അഷ്‌റഫ്‌ ഷെരീഫ് മുഖ്യ അതിഥി ആയിരുന്നു. സോൺ കോർഡിനേറ്റർ എം സി മധു സ്വാഗതം പറഞ്ഞു.

ശാസ്താംകോട്ട ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫിസർ അനിൽകുമാർ, സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ്‌ സഹകാരി എസ്‌ ദേവരാജൻ,ജെ സി ഐ ഫൗണ്ടേഷൻ കോൻട്രിബുഷൻ ചെയർമാൻ ആർ കൃഷ്ണകുമാർ,ദീപൻ ഹരിദാസ്, സുന്ദരാനാന്ദൻ , മുതുപിലാക്കാട് രാജേന്ദ്രൻ, അഡ്വ പ്രസാദ്, ജി ബാഹുലേയൻ,അഡ്വ ദീപ, ശശികുമാർ, ചന്ദ്രബോസ് മോഹനൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. നിഖിൽ ദാസ് നന്ദി പറഞ്ഞു. കുന്നത്തൂർ താലൂക്കിലെ വിവിധ പൊതുസ്ഥാപനങ്ങളിൽ എത്തുന്നവർക്ക് തണലേകാനും അതിലൂടെ പരിസ്ഥിതി സംരക്ഷണ അവബോധം സൃഷ്ടിക്കാനുമുള്ള ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനോടനുബന്ധിച്ച് നടന്ന ഓൺലൈൻ സെമിനാർ പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ ഉത്ഘാടനം ചെയ്തു. സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് പ്രോഗ്രാം കോർഡിനേറ്റർ ശൂരനാട് രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.

പരിസ്ഥിതി ബോധവല്‍ക്കരണ ക്ളാസ്

ശാസ്താംകോട്ട. കൊല്ലം സോഷ്യൽ ഫോറസ്ട്രിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്സ് &ഗെയ്ഡ്സിന്റെയും വേങ്ങ സ്വദേശാഭിമാനി ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ വനദിന ബോധവല്‍ക്കരണ പരിപാടികള്‍ നടന്നു. രാജഗിരിയിൽ പരിസ്ഥിതിപ്രവര്‍ത്തകന്‍ എസ്. രാജശേഖര വാര്യർ കുട്ടികള്‍ക്ക് ക്ളാസ് എടുത്തു.

പിണറായിവിജയൻ കേരളത്തിലെ അവസാനത്തെ സിപിഎം മുഖ്യമന്ത്രി ആർ. അരുൺരാജ്

കരുനാഗപ്പള്ളി :കെ റയിൽ പദ്ധതി ജനങ്ങളെ വെല്ലുവിളിച്ചു നടപ്പിലാക്കാൻ ശ്രമിക്കുന്നത് കമ്മീഷൻ പറ്റാൻ ആണ്. കേരളത്തിന്റെ പരിസ്ഥിതിക്കു വൻ ആഘാതം സൃഷ്ടിക്കുന്ന ഈ പദ്ധതി ഉപേക്ഷിക്കാൻ തയ്യാറായില്ലെങ്കിൽ കേരളത്തിലെ അവസാനത്തെ സി പി എം മുഖ്യമന്ത്രി പിണറായിവിജയൻ ആയിരിക്കും. കെ റയിൽ പദ്ധതിക്കെതിരെ സമരം ചെയ്യുന്നവരെയൊക്കെ മത തീവ്രവാദികളാക്കാൻ ആണ് ഭരണകൂടം ശ്രമിക്കുന്നതെന്നും യൂത്ത്കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് ആർ. അരുൺരാജ് അഭിപ്രായപ്പെട്ടു. യൂത്ത്കോൺഗ്രസ്‌ കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതീദാത്മക കെ റെയിൽ കല്ല് സ്ഥാപിക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് ഇർഷാദ്ബഷീർ അദ്യക്ഷത വഹിച്ചു.

കുന്നത്തൂർ ബജറ്റിൽ കല്ലടയാർ കേന്ദ്രീകരിച്ച് ആയൂർവേദ ടൂറിസം പദ്ധതി നടപ്പാക്കും

കുന്നത്തൂർ: കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് 2022-23 വർഷത്തേക്ക് 23,76,16,446 രൂപയുടെ വാർഷിക ബഡ്ജറ്റ് അംഗീകരിച്ചു.കാർഷിക മേഖലയുടെ പുരോഗതിക്കായി 29 ലക്ഷവും,ദാരിദ്ര്യ ലഘുകരണത്തിനും തൊഴിൽ നൽകലിനുമായി 4,44,88,000 രൂപയാണ് വകയിരുത്തിയത്.മൃഗ സംരക്ഷണത്തിനും ക്ഷീര മേഖലയ്ക്കുമായി 81 ലക്ഷം രൂപ വകയിരുത്തി.ഭവന രഹിതർക്ക് വീട് നൽകാനായി 2,25,00,000 രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് 2022 – 23 വർഷത്തേക്കുള്ള ബഡ്ജറ്റ് വൈസ് പ്രസിഡണ്ട് ബിനേഷ് കടമ്പനാട് അവതരിപ്പിക്കുന്നു

പശ്ചാത്തല മേഖല,അടിസ്ഥാന മേഖല,റോഡ് മെയിന്റനൻസ്,ഘടക സ്ഥാപനങ്ങൾക്കും,ആസ്തികൾക്കും വികസനത്തിനായി 75 ലക്ഷം നീക്കി വയ്ക്കുകയും ചെയ്തു.കുന്നത്തൂരിൻ്റെ ചരിത്രത്തിലാദ്യമായി ആയുർവേദ ആശുപത്രിയും കല്ലടയാറും കേന്ദ്രീകരിച്ച് തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് ആയർവേദ ടൂറിസം എന്ന സ്വപ്ന പദ്ധതിയുടെ തുടക്കത്തിനായി 10 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട് ബജറ്റ് അവതരിപ്പിച്ചു.പ്രസിഡന്റ്
വത്സലാകുമാരി അദ്ധ്യക്ഷത വഹിച്ചു.