ശാസ്താംകോട്ട : ദേവസ്വം ബോർഡ് കോളേജിലെ രണ്ട് കെ.എസ്.യു പ്രവർത്തകരെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ വീണ്ടും ആക്രമിച്ചതായി പരാതി. ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ സ്വദേശികളായ അൻസിൽ, കുത്തുബ്ബുദീൻ എന്നിവരെ വെള്ളിയാഴ്ച മലനട ഉത്സവം നടക്കുന്നതിനിടെ ക്ഷേത്ര പരിസരത്ത് വച്ചാണ് ആക്രമിച്ചത്.ഗുരുതരമായി പരിക്കേറ്റ ഇവർ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.കോളേജിൽ മുമ്പ് നടന്ന അക്രമങ്ങളുടെ തുടർച്ചയാണിതെന്ന് കരുതുന്നു.
ശൂരനാട് പോലീസ് കേസെടുത്തു. അതിനിടെ ദേവസ്വം ബോർഡ് കോളേജിലും കുന്നത്തൂർ നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലും കെ.എസ്.യു പ്രവർത്തകർക്കുനേരെ എസ്എഫ്ഐ വ്യാപകമായ അതിക്രമങ്ങൾ അഴിച്ചു വിടുകയാണെന്നും ഇത്തരം അക്രമസംഭവങ്ങൾക്ക് കാവൽ നിൽക്കുന്ന സമീപനമാണ് പോലീസ് സ്വീകരിക്കുന്നതെന്നും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ് ആരോപിച്ചു.