കാരാളിമുക്കിൽ വൈദ്യുതി വകുപ്പിന്റെയും പഞ്ചായത്തിന്റെയും അനാസ്ഥയിൽ പൊലിഞ്ഞത് നിർദ്ധന കുടുംബത്തിന്റെ ആശ്രയം

Advertisement

കാരാളിമുക്ക് : കാരാളിമുക്കിൽ മത്സ്യ കുളത്തിൽ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം വൈദ്യുതി വകുപ്പും പഞ്ചായത്തും മന:പൂർവ്വം വരുത്തിവച്ച ദുരന്തമെന്ന് ആക്ഷേപം.കാരാളിമുക്ക് കണത്താർകുന്നം ഉത്രാടം വീട്ടിൽ വിനോദ്(40)വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെയാണ് ഷോക്കേറ്റ്
മരിച്ചത്.കുളത്തിൽ മരിച്ചു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.സ്വകാര്യ വ്യക്തിയുടെ മീൻ വളർത്തൽ കേന്ദ്രത്തിൽ ജോലിക്ക് എത്തിയതായിരുന്നു വിനോദ്.

വർക്ക്ഷോപ്പ് ജോലിക്കാരനായിരുന്ന വിനോദ് ജോലി കുറവായത് കാരണമാണ് മീൻ വളർത്തൽ കേന്ദ്രത്തിൽ ജോലിക്കായി എത്തിയത്.ചുറ്റു വേലിയിൽ വൈദ്യുതി കടത്തിവിട്ടിരുന്ന വിവരം വിനോദിന് അറിയില്ലായിരുന്നു.ഉടമ ഇക്കാര്യം മറച്ചുവയ്ക്കുകയും ചെയ്തു.ഇതിനാൽ അബദ്ധത്തിൽ വേലിയിൽ കയറി പിടിച്ചപ്പോഴാണ് വിനോദിന് ഷോക്കേറ്റത്.
ജനവാസ കേന്ദ്രത്തിന് സമീപത്തുള്ള കുളത്തിൽ നിന്നും മത്സ്യം മോഷണം പോകുന്നത് തടയാനാണ് ഉടമ ചുറ്റുവേലിയിൽ അനധികൃതമായി വൈദ്യുതി കടത്തിവിട്ടിരുന്നത്. ഇത്
ദുരന്തത്തിലേക്ക് വഴിമാറാൻ സാധ്യതയുണ്ടെന്ന് പ്രദേശവാസികൾ അധികൃതരെ നിരവധി തവണ അറിയിച്ചിരുന്നെങ്കിലും ഉടമയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നതത്രേ.പടിഞ്ഞാറെ കല്ലട പഞ്ചായത്ത് ഓഫീസിലും വൈദ്യുതി വകുപ്പിലും പ്രദേശവാസികൾ പരാതി നൽകിയിരുന്നങ്കിലും നടപടി എടുത്തിരുന്നില്ല.ഇതിനാൽ ഭാര്യയും രണ്ട് മക്കളും ഉൾപ്പെടുന്ന നിർദ്ധന കുടുംബത്തിന്റെ ഏക ആശ്രയമാണ് പൊലിഞ്ഞത്.സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിനോദിന്റെ ഭാര്യ ശുഭ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്.പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദ്ദേഹം ഞായറാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും.അഭിമന്യു,ധ്രുവൻ എന്നിവർ മക്കളാണ്.

Advertisement