ചിതറയിൽ നഞ്ചക്ക് ഉപയോഗിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം ,നാലുപേര്‍ പിടിയില്‍

Advertisement

ചിതറ. കാർ നൽകാമെന്ന് പറഞ്ഞശേഷം വാക്കുമാറ്റിയതിനെ തുടർന്നുള്ള തർക്കത്തിൽ കരാട്ടേയില്‍ ഉപയോഗിക്കുന്ന നഞ്ചക്ക് ഉപയോഗിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ ചിതറയിൽ സ്ഥിരം കുറ്റവാളി അടക്കം നാലു പേരെ അറസ്റ്റ് ചെയ്തു. വധശ്രമത്തിന് കേസെടുത്ത പൊലീസ് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കൊല്ലം ചിതറ സ്വദേശിയായ അജ്മൽ സുധീർ എന്ന ആളിനോട് കാർ വാടകയ്ക്ക് ആവശ്യപ്പെട്ടിരുന്നു. കാർ നൽകാമെന്ന് ഉറപ്പു പറഞ്ഞെങ്കിലും സുധീർ അവസാനനിമിഷം വാക്കുമാറ്റി. ഇതിനെത്തുടർന്ന് ഇന്ന് സുധീറും അജ്മലും തമ്മിൽ തർക്കമായി. ഇതിന് പിന്നാലെ കാർ നൽകാമെന്നേറ്റ സുധീർ ചിതറ അയിരക്കുഴി എന്ന സ്ഥലത്ത് സുഹൃത്തുക്കളുമായി എത്തി. അതിനുശേഷം കാർ ആവശ്യപ്പെട്ട അജ്മലിന് നേരെ നഞ്ചക്കും കമ്പിവടിയും ഉപയോഗിച്ച് ആക്രമണം നടത്തി. ആക്രമണത്തിൽ അജ്മലിൻ്റെ ഇടതു കണ്ണിന് ഗുരുതരമായി പരുക്കേറ്റു.

തലയ്ക്കും പരുക്കുണ്ട്. അടിയേറ്റ് നിലത്തുവീണ അജ്മലിനെ സംഘം ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. തടസ്സം പിടിക്കാൻ എത്തിയവരെയും സംഘം നഞ്ചക്ക് ഉപയോഗിച്ച് ആക്രമിച്ചു. പൊലീസ് എത്തിയ ശേഷമാണ് അജ്മലിനെ രക്ഷിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഗുരുതരമായി പരുക്കേറ്റ അജ്മൽ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ കടക്കൽ ദർഭകാട് സ്വദേശികളായ സുധീർ, മുഹമ്മദ് നസീർ, നിഷാദ്, അബൂ ഫഹദ് എന്നിവരെ അറസ്റ്റ് ചെയ്തു.

അറസ്റ്റിലായ സുധീർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. നഞ്ചക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ചാണ് സുധീറും സംഘവും നിരന്തരം ആക്രമണം നടത്തുന്നത് എന്നാണ് വിവരം. വധശ്രമത്തിന് കേസെടുത്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisement