കെഎസ് യു പ്രവർത്തകരുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

Advertisement

ശാസ്താംകോട്ട : പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലെ ഉത്സവദിവസം ക്ഷേത്ര പരിസരത്തു വച്ച് കെ.എസ്.യു പ്രവർത്തകരുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ.മൈനാഗപ്പള്ളി കോവൂർ സ്വദേശി അമൽ,ഓച്ചിറ ക്ലാപ്പന സ്വദേശി ദേവനാരായണൻ,
പടിഞ്ഞാറേകല്ലട വലിയപാടം സ്വദേശി പ്രിൻസ് എന്നിവരെയാണ് ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തത്.ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ സ്വദേശികളായ അൻസിൽ,കുത്തുബ്ബുദീൻ എന്നിവർ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.കഴിഞ്ഞ വെള്ളിയാഴ്ച രാതിയോടെയാണ് കെ.എസ്.യു പ്രവർത്തകർക്കു നേരെ ആക്രമണം ഉണ്ടായത്.ശാസ്താംകോട്ട ഡി.ബി കോളേജ് ഇലക്ഷനുമായി ബന്ധപ്പെട്ട് ഒരു മാസം മുമ്പ് വിദ്യാർത്ഥി സംഘർഷമുണ്ടായിരുന്നു.

ഇതേ തുടർന്ന് ഇരു പാർട്ടികളിലുംപ്പെട്ട വിദ്യാർത്ഥികളുടെയും നേതാക്കളുടെയും വീട് കയറിയുള്ള അക്രമം വരെയുണ്ടായി.ഇതിൻ്റെ തുടർച്ചയായാണ് കഴിഞ്ഞ ദിവസം മലനടയിൽ സംഘർഷമുണ്ടായത്.കോളേജ് സംഘർഷം ഉത്സവ പറമ്പുകളിലേക്ക് കൂടി വ്യാപിച്ചതോടെ പോലീസ് ശക്തമായ അന്വേഷണം നടത്തിയിരുന്നു.അതിനിടെ
സർവ്വകക്ഷി യോഗത്തിൽ എടുത്ത തീരുമാനങ്ങൾക്ക് വിരുദ്ധമായാണ് സിപിഎം യുവജന -വിദ്യാർത്ഥി സംഘടനകൾ അക്രമം അഴിച്ചുവിടുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.