ശാസ്താംകോട്ട. തേവലക്കര ബോയ്‌സ് ഗേള്‍സ് ഹൈസ്‌കൂളുകളിലേക്ക് പ്രഥമാധ്യാപകരായി ഇനി ദമ്പതിമാര്‍. ശതാബ്ദിയുടെ ചരിത്രമുള്ള നാടിന് ഏറെ പ്രഗല്‍ഭരെ സൃഷ്ടിച്ചു നല്‍കിയ സ്‌കൂളില്‍ ഒരുപാട് ദമ്പതികള്‍ അധ്യാപകരായിട്ടുണ്ടെങ്കിലും ഒരുമിച്ച് പ്രഥമാധ്യാപകരാവുന്ന ദമ്പതികള്‍ ആദ്യം.
കോവൂര്‍ സ്വദേശി ആര്‍ അനില്‍കുമാറും ഭാര്യ എസ്. സുജയുമാണ് സ്‌കൂളില്‍ പുതിയ ചരിത്രം കുറിക്കുന്നത്. ഇവര്‍ മാര്‍ച്ച് 31ന് വൈകിട്ട് ചാര്‍ജ്ജ് ഏല്‍ക്കും. ഗേള്‍സില്‍ വിരമിക്കുന്ന ശ്രീലത ടീച്ചറില്‍നിന്നും അനില്‍കുമാറും ബോയ്‌സില്‍ വിരമിക്കുന്ന ഗോപിക ടീച്ചറില്‍ നിന്നും എസ് സുജയുമാണ് ചാര്‍ജ്ജ് എടുക്കുന്നത്.
ഇരുവരും സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളാണെന്നതും പ്രത്യേകതയാണ്. സ്‌കൂളിലെ പൂര്‍വാധ്യാപകരായ പന്മന വിളയില്‍ സുരേന്ദ്രന്‍പിള്ളയുടെയും സുമംഗലയമ്മയുടെയും മകളാണ് സുജ. കോവൂര്‍ പുതുശേരഴികത്ത് പരേതനായ രാമകൃഷ്ണപിള്ളയുടെയും മാധവിക്കുട്ടിയമ്മയുടെയും മകനാണ് അനില്‍കുമാര്‍.
സുജ 1989ലും അനില്‍കുമാര്‍ 1990ലും സര്‍വീസില്‍ കയറി. അനിലിന് ഹെഡ്മാസ്റ്ററായി രണ്ടുവര്‍ഷം സര്‍വീസുണ്ട്. ഹെഡ്മിസ്ട്രസ് പദവിയില്‍ സുജക്ക് നാലുവര്‍ഷമാണ് ലഭിക്കുക. വിദ്യാര്‍ഥികളായ അനഘയും അനന്തകൃഷ്ണനുമാണ് മക്കള്‍.
ജോഡികളായ അധ്യാപകരാല്‍ സമൃദ്ധമായിരുന്നു തേവലക്കര സ്‌കൂള്‍. ഹെഡ്മാസ്റ്ററായിരുന്ന തോമസ് വൈദ്യന്‍, അധ്യാപികയായിരുന്ന ഡോളിക്കുട്ടി ,ഹെഡ്മാസ്റ്ററായിരുന്ന എന്‍ സനാതനന്‍നായര്‍ ,അധ്യാപികയായിരുന്ന മാലതിക്കുട്ടി എന്നിവര്‍ മറ്റൊരുസ്‌കൂളിലേക്കു മാറി ഹെഡ്മാസ്റ്ററായ ജേക്കബ് വൈദ്യന്‍, ഇവിടെ ഹെഡ്മിസ്ട്രസായ ശോശാമ്മാ ഉമ്മന്‍, അധ്യാപക ദമ്പതിമാരായിരുന്ന കൊച്ച് കിരിയാന്‍, എലിസബത്ത് , രണ്ട് സമയം പ്രഥമാധ്യാപകരായിരുന്ന വര്‍ഗീസ് ജോര്‍ജ്ജ് സാറാമ്മാ ഏബ്രഹാം എന്നിവരും അധ്യാപക ദമ്പതിമാരെന്ന പൂര്‍വ ചരിത്രത്തിലുണ്ട്.
എണ്ണൂറോളം കുട്ടികള്‍ വീതം ബോയ്‌സിലും ഗേള്‍സിലുമുണ്ട്. ഒരു മതിലിന് ഇരുവശവുമുള്ള സ്‌കൂളുകള്‍ സിപിഎം നേതൃത്വം നല്‍കുന്ന ജനകീയ സമിതിയാണ് ഭരിക്കുന്നത്. സിപിഎം ലോക്കല്‍ സെക്രട്ടറി ആര്‍.തുളസീധരന്‍പിള്ളയാണ് ഇപ്പോള്‍ മാനജര്‍.
പഴക്കവും പാരമ്പര്യവുമുള്ള സ്‌കൂളിന് ഇനിയും ഹയര്‍സെക്കന്‍ഡറി ലഭിച്ചിട്ടില്ല എന്നതാണ് നാട്ടുകാരുടെ ദുഖം.
ഒരു വണ്ടിയിലെത്തി ഇനി ഒരുമതിലിനിരുവശവുമായി ഇനി സുജയും അനില്‍കുമാറും തേവലക്കര സ്കൂള്‍ നയിക്കും.