ഈ വർഷത്തെ കേന്ദ്ര സർക്കാർ പുരസ്‌കാരവും സത്യചിത്രയ്ക്ക് ലഭിച്ചിരുന്നു.
ശാസ്‌താംകോട്ട. പോരുവഴി സത്യചിത്ര കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായി നടത്തുന്ന സാമൂഹിക, വിദ്യാഭ്യാസ, ഗ്രന്ഥശാലാ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ അംഗീകാരം. കൊല്ലം ജില്ലയിലെ മികച്ച യൂത്ത് ക്ലബ്ബിനുള്ള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ പുരസ്കാരത്തിന് പോരുവഴി സത്യചിത്ര ഗ്രാമീണ ഗ്രന്ഥശാല ആന്റ് യൂത്ത് ക്ലബ്ബിനെ തിരഞ്ഞെടുത്തു. 30,000 രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്ന പുരസ്കാരം ഇന്ന് (മാർച്ച് 31) തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ വിതരണം ചെയ്യും.
ജില്ലാ കളക്ടർ ചെയർമാൻ ആയ സമിതി 2020 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെ ജില്ലയിലെ യൂത്ത് ക്ലബ്ബുകൾ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് സത്യചിത്രയെ അവാർഡിന് തിരഞ്ഞെടുത്തത്.
ഈ വർഷത്തെ ജില്ലയിലെ മികച്ച യൂത്ത് ക്ലബ്ബിനുള്ള നെഹ്റു യുവകേന്ദ്ര അവാർഡും പോരുവഴി സത്യചിത്ര ഗ്രാമീണ ഗ്രന്ഥശാല ആന്റ് യൂത്ത് ക്ലബ്ബിന് ലഭിച്ചിരുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ സത്യചിത്ര നടത്തിയ കലാകായിക ,വിദ്യാഭ്യാസ , സാംസ്കാരിക, ആരോഗ്യ മേഖലകളിലെ പ്രവർത്തനങ്ങൾ, ജീവകാരുണ്യ ഇടപെടൽ, കാർഷിക ഗ്രാമ വികസന ഇടപെടലുകൾ,
യുവതീ-യുവാക്കളുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള വിവിധ തൊഴിൽ പരിശീലനങ്ങൾ, സ്ത്രീ ശാക്തികരണം ,
കൂടുംബ കൂട്ടായ്മ പ്രവർത്തനങ്ങൾ , ദേശീയോദ്ഗ്രഥനം മുൻ നിറുത്തിയുള്ള കൂട്ടായ്മകൾ, രക്ത ദാനസേനയുടെ രൂപീകരണവും പ്രവർത്തനവും , പ്രളയകാലത്തെ ദുരിതാശ്വസ പ്രവർത്തനങ്ങൾ , കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, വിശപ്പ് രഹിത ഗ്രാമം തുടങ്ങിയ പ്രവർത്തനങ്ങളാണ് അവാർഡിന് അർഹമാക്കിയത്.
പതിനായിരത്തിലേറെ പുസ്തകങ്ങൾ അടങ്ങുന്ന വിപുലമായ ലൈബ്രറി, സൗജന്യ പി.എസ്.സി പരിശീലന കേന്ദ്രം, തൊഴിൽ പരിശീലന കേന്ദ്രം, ഇ.വിജ്ഞാന സേവന കേന്ദ്രം, കുട്ടികൾക്കും വനിതകൾക്കുമായി പ്രത്യേക കൂട്ടായ്മകൾ തുടങ്ങി സത്യചിത്രയുടെ പ്രവർത്തനങ്ങൾ വിപുലമാണ്.
1993, 2007, 2011 വർഷങ്ങളിൽ മികച്ച യൂത്ത് ക്ലബ്ബിനുള്ള ജില്ലാ അവാർഡും മികവാർന്ന പ്രവർത്തനത്തിന് സത്യചിത്ര ഭാരവാഹികൾക്ക് ഏഴ് തവണ യൂത്ത് അവാർഡും ലഭിച്ചിട്ടുണ്ടെന്ന് സത്യചിത്ര പ്രസിഡന്റ് ആർ.അനിൽ, സെക്രട്ടറി വി.ആർ.പ്രകാശ് എന്നിവർ അറിയിച്ചു